പിണറായി: സ്വകാര്യ മൂലധനത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സര്‍ക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിന്റെ ആകെത്തുക. മൈനര്‍ ധാതുക്കളുടെ ഖനനം അടക്കം സകലതും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം തന്നെയാണ് ബജറ്റില്‍ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ വഴി ഇവിടെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. തൊട്ടു മുന്‍പത്തെ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പൊതുമേഖലാ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴി എന്ന ആശയത്തെ അട്ടിമറിക്കുകകൂടിയാണ് ചെയ്യുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച മിഷന് സമുദ്രയും സ്വകാര്യ പങ്കാളിത്തത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കേരള മാരിടൈം പോളിസി വഴി കേരളത്തിന്റെ തീരത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള ഗൂഢലക്ഷ്യമാണ് മറനീക്കി പുറത്തുവരുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഫിഷറീസ് സബ് പ്ലാന്‍ കബളിപ്പിക്കലാണ്. സമുദ്രം മൊത്തം സ്വകാര്യമേഖലയ്ക്ക് കൊടുത്തിട്ട് സബ് പ്ലാന്‍ ഉണ്ടാക്കി തീരദേശവാസികളുടെ കണ്ണില്‍ പൊടിയിടുന്നു. സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിന്റെ പിന്നിലെ അജണ്ടയും മറ്റൊന്നല്ല.
2. ഒരുവശത്ത് ക്ഷേമ-ആശ്വാസ നടപടികളും മറുവശത്ത് വികസന നടപടികളും എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദ്വിമുഖ സമീപനത്തെ ഈ ബജറ്റ് കൈയൊഴിയുകയാണ്. സര്‍ക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുകയും വരവിലുണ്ടാകുന്ന വര്‍ധനയെ മറച്ചുപിടിക്കുകയും ചെയ്യുന്നു. വികസന-ക്ഷേമ പദ്ധതികളെ കൈയൊഴിയാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലായിരുന്നു നേരത്തേ പുറത്തിറക്കിയ ധവളപത്രം എന്നത് കൂടുതൽ വ്യക്തമാവുകയാണ്.
3. പഴങ്ങളില്‍നിന്നും ധാന്യങ്ങളില്‍നിന്നും മദ്യമുണ്ടാക്കാന്‍ ചെറുകിട മേഖലയെ അനുവദിക്കുന്നതായിരുന്നു കഴിഞ്ഞ പൊതു ബജറ്റിലെ സമീപനം. എന്നാല്‍, അത് ഭേദഗതി ചെയ്ത് വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യമേഖലയില്‍ വലിയ തോതില്‍ മദ്യ നിര്‍മാണരംഗത്ത് ഇടപെടാനുള്ള അവസരമാണ് പുതിയ ബജറ്റ് തുറന്നുകൊടുത്തത്. കൃഷി-ചെറുകിട വ്യവസായമേഖലയെ പരിരക്ഷിക്കാനുള്ള താത്പര്യം കോര്‍പറേറ്റ് താത്പര്യത്തിന് വഴിമാറുന്നു.
4. ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഒരു തിങ്ക് ടാങ്ക് ആക്കി ബോര്‍ഡിനെ മാറ്റും എന്ന പ്രസ്താവന, ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആക്കി മാറ്റിയ മോദി സര്‍ക്കാരിന്റെ അതേ പാതയില്‍ യുഡിഎഫ് സര്‍ക്കാരും നീങ്ങുന്നു എന്നാണ് കാട്ടുന്നത്. നെഹ്റുവിയന്‍ വികസന കാഴ്ചപ്പാടിന്റെ പ്രധാന ഉപാധിയായ ആസൂത്രണത്തെ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് ഊറ്റം കൊള്ളുന്നവർ തന്നെ കുഴിച്ചുമൂടുന്ന കാഴ്ചയാണ് ബജറ്റില്‍ കണ്ടത്. ആസൂത്രണ ബോർഡിനെ ദുർബലമാക്കുക എന്നതിന്റെ ആദ്യപടിയായി പദ്ധതിവിഹിതം 15 ശതമാനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
5. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിലില്ല. എൽഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരേ ഒറ്റവരി പ്രസ്താവനയില്ല. കേന്ദ്രത്തിന്റെ ഉപരോധ സമാനമായ സാമ്പത്തിക വിവേചനം മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ധനനഷ്ടത്തെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഒരു ബജറ്റ് പ്രസംഗം പൂർണമാവുക? ഈ കണ്ടില്ലെന്നു നടിക്കലിലെ രാഷ്ട്രീയംകൂടി ചർച്ച ചെയ്യപ്പെടണം.
6. കേരളത്തിന്റെ ബൃഹത്തായതും മഹത്തായതുമായ പദ്ധതിയായിരുന്നു പാവപ്പെട്ടവർക്കു വീടു വച്ചുനൽകുന്ന ലൈഫ് പദ്ധതി. ഇപ്പോൾ ലൈഫ് പദ്ധതിയെ തകർക്കാനുള്ളശ്രമം നടക്കുന്നു. എസ്സി-എസ്ടി വിഭാഗങ്ങൾക്കു വീടുവച്ചു നൽകുന്ന പദ്ധതി പ്രഖ്യാപിക്കുന്നു. ഇത് ലൈഫ് പദ്ധതിയെ തകർക്കുന്നതിനുള്ള തുടക്കംതന്നെയാണ്. അതുപോലെതന്നെ മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി ഇപ്പോൾതന്നെയുണ്ട്. പുതിയ പദ്ധതിയായി കാണേണ്ടതില്ല.
7. ബജറ്റുവരുമ്പോൾ സർക്കാർജീവനക്കാർക്ക് വിസ്മയമുണ്ടാക്കുമെന്നായിരുന്നു പറഞ്ഞു കേട്ടത്. എന്നാൽ ഒരു വിസ്മയവും കാണാനില്ല. കഴിഞ്ഞസർക്കാർ ജീവനക്കാരുടെ ഡിഎ കൊടുത്തുതീർത്തിരുന്നു. കുടിശിക അഞ്ചു ഗഡുക്കളായി കൊടുത്തുതീർക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ബജറ്റിലൊന്നും പ്രത്യേകമായി പരാമർശിച്ചു കണ്ടില്ല. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണമെന്നതാണ് സംസ്ഥാനം അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള ശമ്പളപരിഷ്കരണ കമ്മീഷന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇതു തുടരുമോയെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല.
സതീശൻ: പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം ശരിയാണ്. അദ്ദേഹത്തിന്റെ ആക്ഷേപത്തെ പൂര്‍ണമായും സ്വീകരിക്കുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തിലുണ്ടാകണം. 87,012 കോടി രൂപയുടെ ഇപ്പോള്‍ നല്‍കേണ്ട ബാധ്യതയും അഞ്ചു ലക്ഷം കോടി കടവുമുള്ള ഒരു സംസ്ഥാനത്തിന് പൊതുമേഖലയില്‍ എന്ത് സംരംഭമാണ് തുടങ്ങാന്‍ സാധിക്കുന്നത്?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി മത്സരിക്കുകയാണ്. കേരളത്തില്‍ ഒരു നിക്ഷേപവും പാടില്ലെന്നാണോ. അതല്ല ഈ സര്‍ക്കാരിന്റെ നയം. ഞങ്ങള്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. അതുവഴി മാത്രമെ സമ്പദ്ഘടന മെച്ചപ്പെടുത്താനാകൂ. ഫിഷറീസ് എക്സ്പോര്‍ട്ടും ലോജിസ്റ്റിക്സ് പാര്‍ക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.
കരാര്‍ ജീവനക്കാരെ നിയമിച്ചാണ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര കാലമായി അവിടെയൊക്കെ നിയമനം നടന്നിട്ട്. ട്രാകോ കേബിള്‍ പൂട്ടിപ്പോയി. അഗ്രോ മെഷനറി കോര്‍പറേഷനും ട്രാവന്‍കൂര്‍ സിമെന്റ്സും പൂട്ടലിന്റെ വക്കിലാണ്. നമ്മള് ഓരോരുത്തരും നല്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് ഒരു നിയമനം പോലും നടത്താന്‍ ശേഷിയില്ലാത്ത ഈ സ്ഥാപനങ്ങളൊക്കെ നിലനില്‍ക്കുന്നത്.
കേരളത്തെ 25 വര്‍ഷം പിന്നിലേക്കു നടത്തുകയെന്നതല്ല ഞങ്ങളുടെ നയം. കേരളത്തെ 25 വര്‍ഷം മുന്നിലേക്കു കൊണ്ടുപോകാനാണ് ഞങ്ങള്‍ അധികാരത്തില്‍ എത്തിയത്. തൊഴില്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണമുണ്ടാക്കി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവങ്ങളെ സഹായിക്കാനാണ്. പഴയതുപോലെ ആകാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്.
2. ആരോഗ്യ മേഖലയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ഒരു ഡസണ്‍ പദ്ധതികളാണ് ഇവര്‍ ഇല്ലാതാക്കിയത്. കാരുണ്യ പദ്ധതിയും ഇല്ലാതാക്കി. സര്‍ക്കാരിനു മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപ നിലനില്‍ക്കുമ്പോഴാണ് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നത് പരിശോധിക്കാന്‍ ഫെര്‍ഫോമന്‍സ് ഓഡിറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
പത്ത് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തിലാണ് സ്ത്രീസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. അതിനെക്കുറിച്ച് പരിശോധിക്കും. തെരഞ്ഞെടുപ്പ് കാലത്ത് പണം വിതരണം ചെയ്യാന്‍ തയാറാക്കിയ പട്ടികയെക്കുറിച്ചും അന്വേഷിക്കും.
3. 20 ശതമാനം വരെ ആല്‍ക്കഹോളിക് കണ്ടന്റുള്ള വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാരാണ്. പക്ഷേ, അവര്‍ ഇത് പറഞ്ഞതല്ലാതെ നികുതി തീരുമാനിച്ചില്ല. അത് ഈ സര്‍ക്കാര്‍ തീരുമാനിച്ചു. പത്ത് കൊല്ലം ഭരണത്തില്‍ ഇരുന്നിട്ടും കര്‍ഷകരില്‍നിന്നു ധാന്യം ശേഖരിച്ച് ഒരു ലിറ്റര്‍ മദ്യംപോലും അവര്‍ ഉണ്ടാക്കിയില്ലല്ലോ.
4. സര്‍ക്കാരിനെ കൂടി ഉപദേശിക്കുന്ന തരത്തിലേക്ക് പ്ലാനിംഗ് ബോര്‍ഡിനെ മാറ്റുന്നതില്‍ എന്താണ് പ്രശ്നം. പ്രസംഗത്തിലും വര്‍ത്തമാനത്തിലും പത്രസമ്മേളനത്തിലും പറയുന്ന ക്ലീഷേ വാക്കുകളില്‍ കുരുങ്ങിക്കിടക്കാന്‍ ഞങ്ങളില്ല. പുതുയുഗ കേരളത്തിനു വേണ്ടിയുള്ള പുതിയ കാര്യങ്ങളാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്.
5. കേന്ദ്ര വിരുദ്ധ പ്രഖ്യാപനം നടത്താനല്ല, കേരളത്തിന്റെ ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് ബജറ്റ് അവതരിപ്പിച്ചത്. നികുതി വര്‍ധനവിന് വേണ്ടിയാണ് നിക്ഷേപങ്ങള്‍ കൊണ്ട് വരുന്നതും തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതും എംഎസ്എംഇകള്‍ ആരംഭിക്കുന്നതും സിനിമയെ വ്യവസായമാക്കിയതുമൊക്കെ. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചല്ലാതെ വരുമാനം ഉണ്ടാക്കാനാകില്ല. ഒരു സര്‍ക്കാരും ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ധനപരമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടിടത്താണ് ഒരു രൂപയുടെ നികുതി പോലും വര്‍ധിപ്പിക്കാതെ ബജറ്റ് അവതരിപ്പിച്ചത്.
യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനുമുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടാകുമ്പോള്‍ അദ്ഭുതകരമായ മാറ്റം കേരളത്തിലുണ്ടാകും.
6. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണിത വീടുകളേക്കാള്‍ കുറവ് വീടുകളാണ് പത്ത് വര്‍ഷംകൊണ്ട് ലൈഫ് പദ്ധതിയില്‍ പിണറായി വിജയന് സര്‍ക്കാര്‍ ആ വിഭാഗങ്ങള്‍ക്ക് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡി നല്‍കണമെന്ന് നിയമസഭയില്‍ കൈകൂപ്പി ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ല. ഇപ്പോള്‍ മണ്ണെണ്ണയ്ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ സബ്സിഡി നല്കി. അത് അവരുടെ സങ്കടം കണ്ടിട്ട് ഹൃദയത്തില്‍ തൊട്ട് നടപ്പാക്കിയതാണ്. മത്സ്യമേഖലയില്‍ വിപ്ലവകരമായ തീരുമാനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
7. ജീവനക്കാര്‍ക്ക് ഡിഎപോലും നല്‍കിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഈ കുടിശികയൊക്കെ വരുത്തിവച്ച അതേ പിണറായി വിജയനാണ് അതേക്കുറിച്ച് ചോദിക്കുന്നത്. ജീവനക്കാര്‍ തിരിച്ച് ചോദിക്കും. പിണറായി വിജയന്റെ സര്‍ക്കാരാണ് മെഡിസെപ്പ് തകര്‍ത്തത്. പത്ത് വര്‍ഷം മുന്‍പുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെക്കുറിച്ചല്ല, പിണറായി വിജയന് സര്‍ക്കാരിനെക്കുറിച്ചാണ് ജീവനക്കാരുടെ പരാതി. ഡിഎ കുടിശികയും ഡിആര്‍ കുടിശികയും വരുത്തിയതും ലീവ് സറണ്ടര്‍ അടിച്ചുമാറ്റിയതും പിണറായി സര്‍ക്കാരാണ്. ഇതിനു മുന്‍പുള്ള സര്‍ക്കാരുകള്‍ അതത് കാലങ്ങളില്‍ പേ കമ്മീഷന് നടപ്പാക്കിയിട്ടുണ്ട്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പേ കമ്മീഷനെ നിയോഗിച്ചത്. ഡിഎയും ഡിആറും ലീവ് സറണ്ടറും ഉള്‍പ്പെടെ എല്ലാ കുടിശികയാക്കി. അതിനു ശേഷം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അതെല്ലാം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ബാധ്യത മുഴുവന്‍ ഈ സര്‍ക്കാരിന്റെ തലയിലാക്കി. എന്നിട്ടാണ് ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
Tags : Kerala budget@2026 V.D. Satheesan's response Pinarayi Vijayan's criticism