ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെട്രോളിന്റെ ഡീസലിന്റെയും വില കുറച്ചതായി പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് ഇറാനും യുഎസും വെടിനിർത്തൽ ധാരണയിലെത്തിയതും ക്രൂഡോയിൽ വില കുറഞ്ഞതിന്റെയും പശ്ചാത്തലത്തിലാണ് വിലകുറച്ചത്.
പെട്രോൾ വില ലീറ്ററിന് 74 രൂപയും (പാകിസ്ഥാനി രൂപ) ഡീസലിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 299.78 രൂപയാകും (ഏകദേശം 101 ഇന്ത്യൻ രൂപ). ഡീസലിന് 311.78 രൂപയും (105 ഇന്ത്യൻ രൂപ). യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കത്തിക്കയറിയതോടെ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പാകിസ്ഥാനി സർക്കാർ പെട്രോൾ വില ലിറ്ററിന് ഒറ്റയടിക്ക് 137.24 രൂപ കൂട്ടി 458.4 രൂപയാക്കിയിരുന്നു. ഡീസലിന് 184.49 രൂപ വർധിച്ച് അന്ന് 520.35 രൂപയിലുമെത്തി.
അതേസമയം പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ധനവില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവരുന്ന മുറയ്ക്കാണ് പുതുക്കിയ വില പ്രാബല്യത്തിലാവുക. യുദ്ധത്തെ തുടർന്ന് ബാരലിന് 110-120 ഡോളർവരെ നിലവാരത്തിലെത്തിയ ക്രൂഡോയിൽ വില ഇപ്പോൾ 80 ഡോളറിന് താഴെയായിട്ടുണ്ട്.