ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കു വേദിയാകുന്ന ജന്തർ മന്ദർ എന്ന സമരഭൂമിയുടെ മുക്കിലും മൂലയിലും പെരുകി 'പാറ്റകൾ'. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദ്യമായി ആഹ്വാനം ചെയ്ത പരസ്യപ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളാണ് ഡൽഹി ജന്തർ മന്ദറിൽ ഒത്തുകൂടിയത്.
സമൂഹമാധ്യമങ്ങളിൽനിന്നു യുവാക്കൾ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മാറി.
സ്ക്രീനുകളിൽനിന്നു പ്രതിഷേധം തെരുവുകളിലേക്കെത്തിക്കാനുള്ള സിജെപിയുടെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങൾക്കു വഴിവയ്ക്കാതിരിക്കാൻ ന്യൂഡൽഹിയുടെ പല ഇടങ്ങളിലും ബാരിക്കേഡുകൾ സജ്ജമാക്കി ഡൽഹി പോലീസ് അണിനിരന്നിരുന്നു.
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അതിരാവിലെതന്നെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ അണിനിരത്തി ഡൽഹി പോലീസ് ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും സ്ക്രീനുകളിലെ പ്രതിഷേധം തെരുവുകളിലേക്കെത്തിയില്ലെന്നായിരുന്നു പാർലമെന്‍റ് പോലീസ് സ്റ്റേഷനിലെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞിരുന്നത്. രാവിലെ ഒൻപതിനു പാർലമെന്‍റ് പോലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സിജെപിയുടെ ആഹ്വാനമെങ്കിലും സ്റ്റേഷനു മുന്നിലെ ആൾക്കൂട്ടം നൂറ് കവിഞ്ഞിരുന്നില്ല.
എന്നാൽ, സമരം ചെയ്യാനുള്ള അനുമതി ലഭിച്ചു പാർലമെന്‍റ് പോലീസ് സ്റ്റേഷനിൽനിന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധം നീങ്ങിയതിനു പിന്നാലെ പാറ്റകൾ കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി സമരമുഖത്തേക്കെത്തുകയായിരുന്നു. നൂറിൽനിന്ന് അഞ്ഞൂറിലേക്ക് വളരെ വേഗം മാറിയ പ്രതിഷേധക്കാരുടെ എണ്ണം വിവിധ സർവകലാശാല വിദ്യാർഥികളുടെ കൂടി വരവോടെ ആയിരം കടന്നു.
തൊണ്ട പൊട്ടുന്ന ഉച്ചയോടെ ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ ഓരോ കോണിൽനിന്ന് ഉയരുമ്പോഴും അതേറ്റു ചൊല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ മുഖം തിരിച്ച പ്രതിഷേധത്തിൽ ഗോദി മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ രാജ്യത്തിന്റെ അഭൂതപൂർവമായ യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയുൾപ്പെടെ പ്രതിനിധികളുണ്ടായിരുന്നു.
പാറ്റകളുടെ മുഖംമൂടികളും പൂക്കളും ത്രിവർണ പതാകയും ഭഗത് സിംഗിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്‍റെയുമൊക്കെ പുസ്തകങ്ങളും ഭരണഘടനയുടെ പകർപ്പുകളും കൈയിൽ കരുതിയെത്തിയ പ്രതിഷേധക്കാർ യുവജന പ്രക്ഷോഭത്തെ വേറിട്ടതാക്കി മാറ്റി.
ഒരുപാട് ശക്തമായ സമരങ്ങൾക്കു സാക്ഷ്യംവഹിച്ച ജന്തർ മന്ദർ രാജ്യത്തെ മറ്റൊരു മഹാപ്രതിഷേധത്തിനും കോക്രോച്ച് ജനത പാർട്ടിയിലൂടെ വേദിയായി. മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിട്ടുള്ള സിജെപി വരും ദിവസങ്ങളിൽ പ്രക്ഷോഭത്തെ എങ്ങനെ നയിക്കുമെന്നതാണ് വരും ദിവസങ്ങളിലുണ്ടാകുന്ന സുപ്രധാന ചോദ്യം.