ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറി ‘കോക്രോച്ച് ജനതാ പാർട്ടി.’ പാറ്റ പാർട്ടി സോഷ്യൽ മീഡിയയിൽ വൈറലായെന്നു പറഞ്ഞാൽ പോരാ, സൂപ്പർ മെഗാ ഹിറ്റാണ്. കേന്ദ്രസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരേ പുകയുന്ന ജനരോഷത്തിന്റെ പ്രതിഫലനമായ പ്രതിഭാസം. ഏതായാലും പാറ്റാക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.
ജെൻസി വൈബിൽ പാറ്റാപ്പട പെരുകിയപ്പോൾ കേന്ദ്രസർക്കാർ പകച്ചു, ഞെട്ടി, ഭയന്നു, വിറച്ചു. സമൂഹമാധ്യങ്ങളിൽ സെൻസേഷൻ ആയ കോക്രോച്ച് ജനതാ പാർട്ടിയെന്ന സിജെപിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതോടെ കേന്ദ്രസർക്കാരിന്റെ വെപ്രാളം വെളിപ്പെട്ടു. പുതുവിസ്മയമായി ചരിത്രം തിരുത്തിയ പാറ്റ പാർട്ടിയെന്ന പ്രതിഭാസത്തിന്റെ വൻകുതിപ്പു തടയാനാകാതെ വെപ്രാളത്തിലാണു കേന്ദ്രം.
ഊരാക്കുടുക്കിൽ കേന്ദ്രം
ആറു ദിവസത്തിൽ രണ്ടു കോടിയോളം പേർ പിന്തുടർന്ന ഇൻസ്റ്റയിലും പാറ്റകളുടെ പടയെ നിരോധിക്കാനുള്ള ആലോചനയിലാണു മോദി സർക്കാർ. 2,00,000ലേറെ പേർ ഫോളോ ചെയ്തു തുടങ്ങിയ എക്സിലെ ഹാൻഡിൽ സുരക്ഷയുടെ പേരിൽ തടഞ്ഞെങ്കിലും പകരം തുടങ്ങിയ എക്സ് അക്കൗണ്ടും കേന്ദ്രത്തെ ഊരാക്കുടുക്കിലാക്കി. കൂടുതൽ ആവേശത്തോടെയാണ് എക്സിലെ പുതിയ സിജെപിയെ യുവത പിന്തുടരുന്നത്.
ഇന്ത്യയിൽ 23 ലക്ഷം വിദ്യാർഥികളുടെ ഭാവി ദുരിതത്തിലും ആശങ്കയിലുമാക്കിയ മെഡിക്കൽ നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സിജെപിയുടെ ആവശ്യത്തിനു ലഭിക്കുന്ന ജനപിന്തുണ സർക്കാരിന് അവഗണിക്കാനാകില്ല. തൊഴിലില്ലായ്മയാണു സിജെപി ഉയർത്തുന്ന മറ്റൊരു പ്രധാന പ്രശ്നം.
പതിവ് വ്യാജപ്രചാരണം
കോക്രോച്ച് ജനതാ പാർട്ടിക്ക് ഫോളോവേഴ്സിന്റെ എണ്ണം ഓരോ മണിക്കൂറിലും കൂടുകയാണ്. നിരോധിക്കുംതോറും ഇന്ത്യയിലെ ചെറുപ്പക്കാർ കൂടുതൽ ആവേശത്തിലും രോഷത്തിലുമാണ്. അതിവേഗം പെരുകുന്ന പാറ്റക്കൂട്ടങ്ങളെപ്പോലെ പാറ്റ പാർട്ടിയും ശരവേഗത്തിൽ മുന്നേറുകയാണ്. നിരോധിച്ചാലും പാറ്റകൾ പെരുകും. രാജ്യസുരക്ഷയല്ല, ബിജെപി സർക്കാരിന്റെ ഭാവിക്കാണു ഭീഷണിയെന്നു സിജെപി ആരാധകർ പറയുന്നു. പതിവുപോലെ ബിജെപി അനുകൂലികൾ വ്യാജപ്രചാരണം തുടങ്ങി.
സിജെപിയുടെ ഫോളോവേഴ്സിൽ 49 ശതമാനം പേരും പാക്കിസ്ഥാനികളാണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലും എക്സിലും വ്യാപകമായി പ്രചരിപ്പിച്ചു. 14 ശതമാനം യുഎസിൽനിന്നും ബംഗ്ലാദേശിൽനിന്നുമാണെന്നും വെറും ഒന്പതു ശതമാനം പേർ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂവെന്നുമാണു പ്രചരിപ്പിച്ചത്. എന്നാൽ, ഇൻസ്റ്റയിലെ ഫോളോവേഴ്സിൽ 94 ശതമാനം പേരും ഇന്ത്യക്കാരാണെന്നു പേജിന്റെ സ്രഷ്ടാവ് അഭിജീത് ദിപ്കെ അറിയിച്ചു. ഇൻസ്റ്റഗ്രാമിന്റെ മാതൃകന്പനിയായ മെറ്റ ഡേറ്റ നൽകിയിട്ടുമില്ല.
ഓർവെലിന്റെ ആനിമൽ ഫാം
വിഖ്യാത ആംഗലേയ സാഹിത്യകാരൻ ജോർജ് ഓർവെലിന്റെ ആക്ഷേപഹാസ്യ നോവലായ ‘ആനിമൽ ഫാം’ ഓർക്കാതിരിക്കില്ല. മോശമായി പെരുമാറുന്ന കാർഷികമൃഗങ്ങൾ തുല്യവും സ്വതന്ത്രവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അവയുടെ മനുഷ്യ യജമാനനെ അട്ടിമറിക്കുന്നതാണ് ഇതിവൃത്തം. എങ്കിലും, വിപ്ലവം വഞ്ചിക്കപ്പെടുന്നു. പന്നികൾ ചരിത്രം കൈകാര്യം ചെയ്യുന്നു. കൽപ്പനകൾ മാറ്റിയെഴുതുന്നു, വിദ്യാഭ്യാസം കുറഞ്ഞ മൃഗങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാൻ പ്രചാരണം ഉപയോഗിക്കുന്നു!
മനുഷ്യവസ്ത്രം ധരിച്ച് പന്നികൾ കർഷകരുമായി ഇടപഴകാൻ തുടങ്ങുന്നു. പന്നികളെയും മനുഷ്യരെയും വേർതിരിച്ചറിയാൻ മറ്റു മൃഗങ്ങൾക്കു കഴിയുന്നില്ല. എല്ലാ മൃഗങ്ങളും തുല്യരാണ്, പക്ഷേ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കേമമാണെന്ന പരിഹാസമാണു ശ്രദ്ധേയം. പന്നികളുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, ഫാം ഒടുവിൽ മറ്റുള്ളവരെ അടിച്ചമർത്തുന്ന പൂർണ ഏകാധിപത്യ അവസ്ഥയിലേക്കു വഴുതിവീഴുന്നു.
വെട്ടിലായി ചീഫ് ജസ്റ്റീസ്
സന്പൂർണ നിയന്ത്രണത്തിലൂടെ ആദർശവാദികളെ എങ്ങനെ ദുഷിപ്പിക്കാമെന്ന് ഓർവെലിന്റെ നോവലിൽ തെളിയുന്നു. സിജെപിയുടെ എക്സ് ഹാൻഡിൽ തടഞ്ഞതുമായി ഇതിനു നേരിട്ടു ബന്ധമില്ലായിരിക്കാം. വിപ്ലവകാരികൾ പലപ്പോഴും അവർ ഒരിക്കൽ പോരാടിയ സ്വേച്ഛാധിപതികളായി മാറുന്നതെങ്ങനെയെന്നു നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. ആഡംബരത്തിൽ ജീവിച്ചുകൊണ്ടു ഭരണവർഗം തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നു. 1945ൽ പ്രസിദ്ധീകരിച്ച ആനിമൽ ഫാമിന്റെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചെറുപ്പക്കാരെക്കുറിച്ചു നടത്തിയ പരാമർശത്തോടുള്ള രോഷമാണ് കോക്രോച്ച് പാർട്ടിക്കു ലഭിച്ച സ്വീകാര്യത. മേയ് 15ലെ ചീഫ് ജസ്റ്റീസിന്റെ ‘പരാന്നഭോജികൾ’, ‘കോക്രോച്ച്സ്’ എന്നീ അനുചിത പരാമർശങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകി. വ്യാജ ബിരുദധാരികളെ ഉദ്ദേശിച്ചാണു പരാമർശമെന്നും ഇന്ത്യയിലെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും സൂര്യകാന്ത് പറഞ്ഞു. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനും തിരുത്തിക്കാനുമുള്ള ജനങ്ങളുടെ അവകാശവും സംരക്ഷിക്കേണ്ട ചീഫ് ജസ്റ്റീസ് തമാശയായിപ്പോലും കോടതിയിൽ പറയരുതാത്ത ആക്ഷേപമാണ് ഉണ്ടായതെന്നു യുവത വിശ്വസിക്കുന്നു.
പാറ്റകളും പരാദങ്ങളുമല്ല ജനം
“... സിസ്റ്റത്തെ ആക്രമിക്കുന്ന പരാന്നഭോജികൾ ഇതിനകംതന്നെയുണ്ട്. നിങ്ങൾ അവരോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. തൊഴിൽ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചെറുപ്പക്കാരുണ്ട്... അവരിൽ ചിലർ മാധ്യമങ്ങളായി മാറുന്നു. ചിലർ സോഷ്യൽ മീഡിയ ആയി മാറുന്നു. ചിലർ വിവരാവകാശ പ്രവർത്തകരായി മാറുന്നു. എല്ലാവരെയും അവർ ആക്രമിക്കാൻ തുടങ്ങുന്നു” എന്ന ചീഫ് ജസ്റ്റീസിന്റെ വായ്മൊഴിയാണു വിവാദമായത്. മുതിർന്ന അഭിഭാഷകരുടെ നിയമനം സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ഒരഭിഭാഷകനെ വിമർശിക്കുന്നതിനിടയിലായിരുന്നു പരാമർശം.
“പൗരന്മാരെ പാറ്റകളും പരാദങ്ങളുമായാണ് അധികാരത്തിലിരിക്കുന്നവർ കരുതുന്നത്. പാറ്റകൾ ചീഞ്ഞ സ്ഥലങ്ങളിലാണു പെരുകുന്നതെന്ന് അവർ അറിയണം. ഇന്നത്തെ ഇന്ത്യ അങ്ങനെയാണ്” -സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ ചിക്കാഗോയിൽ വിശദീകരിച്ചു. കോക്രോച്ച് ജനതാ പാർട്ടിയെ ജെൻസി തലമുറ നെഞ്ചിലേറ്റിയതിൽ അദ്ഭുതമില്ല. എങ്കിലും ഇത്രയധികം രോഷം ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് അഭിജീത് പറഞ്ഞു. എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാൽ എന്തിനെയും ആരെയും തകർക്കും. കോടിക്കണക്കിനു പാറ്റകൾ ഭരണ സംവിധാനങ്ങളിലൂടെ കടന്നുകയറിയാൽ പിടിച്ചുനിൽക്കാനാകില്ലെന്ന് അഭിജീത് ചൂണ്ടിക്കാട്ടി.
നിരാശയും അതൃപ്തിയും പ്രകടം
ജെൻസിയെ മനസിലാക്കുന്ന ശശി തരൂരും മഹുവ മൊയ്ത്രയും കീർത്തി ആസാദും അഖിലേഷ് യാദവും മുതൽ മുൻ ഐഎഎസുകാരനായ ആശിഷ് ജോഷി വരെയുള്ളവർ കോക്രോച്ച് ജനതാ പാർട്ടി പ്രതിഭാസം തിരിച്ചറിഞ്ഞു. രാജ്യത്തു വളരെയധികം ഭയം നിലനിൽക്കുന്നു. ആളുകൾ സംസാരിക്കാൻ ഭയപ്പെടുന്നു. വിയോജിക്കുന്നവരെ അടിച്ചമർത്തുന്നു. ചിലപ്പോഴൊക്കെ വെറുപ്പുളവാക്കുന്ന തരത്തിൽ ഇന്ത്യ മാറി. ഇതിനിടയിൽ ശുദ്ധവായുവിന്റെ ആശ്വാസം പോലെയാണു കോക്രോച്ച് ജനതാ പാർട്ടി- ആശിഷ് ജോഷി പറഞ്ഞു.
സർക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പു മാറ്റത്തിലേക്കും തിരിച്ചുവിടുകയാണു പ്രതിപക്ഷത്തിന്റെ വെല്ലുവിളിയെന്നു ശശി തരൂർ പറയുന്നു. സിജെപിയുടെ എക്സ് അക്കൗണ്ട് തടഞ്ഞതു വിനാശകരവും അവിവേകവുമാണ്. യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വഴി ഉണ്ടാകണം. ജനാധിപത്യത്തിൽ വിയോജിപ്പ്, നർമം, ആക്ഷേപഹാസ്യം, നിരാശ എന്നിവയ്ക്കുള്ള വഴികൾ ആവശ്യമാണെന്ന് തരൂർ പറയുന്നതു പ്രധാനമാണ്.
അയൽരാജ്യ മുന്നറിയിപ്പ്
ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് സർക്കാരുകളെ തൂത്തെറിഞ്ഞ ജെൻസി പ്രക്ഷോഭം ഇന്ത്യക്കും മുന്നറിയിപ്പാണ്. പ്രതിവർഷം 80 ലക്ഷം ബിരുദധാരികളെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ബിരുദമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനമാണ്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, വിലക്കയറ്റം, തൊഴിലില്ലായ്മ, ജീവിതച്ചെലവ്, രൂപയുടെ വിലയിടിവ്, ഇന്ധന വിലക്കയറ്റം, വരുമാന അസമത്വം, ആദിവാസി-ദളിത്-ന്യൂനപക്ഷ ആക്രമണം, ജാതീയവും വർഗീയവുമായ പ്രചാരണം, ഭരണക്കാരുടെ ധൂർത്ത്, അഹന്ത, വഞ്ചന തുടങ്ങിയവയിൽ ജനം അസംതൃപ്തരും രോഷാകുലരുമാണ്.
കോർപേറ്റ് ഭീമന്മാരും അതിസന്പന്നരും വരുമാനം പലമടങ്ങ് കൂട്ടുന്നതിന് ഒത്താശ ചെയ്യുന്ന സർക്കാർ, സാധാരണക്കാരന്റെ ദുരിതങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ആദിവാസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുകയും വർഗീയ ശക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യുക പ്രധാനമാണ്. വികസനം, സാന്പത്തിക വളർച്ച, തൊഴിലവസരം, ജനക്ഷേമം എന്നിവ ഉറപ്പാക്കിയാൽ പാറ്റകളുടെ രോഷമടങ്ങും.

ചീഫ് ജസ്റ്റീസിന്റെ വിവാദ പരാമർശങ്ങളുടെ പിറ്റേന്ന് മേയ് 16നാണ് അമേരിക്കയിലെ ബോസ്റ്റണ് സർവകലാശാലയിൽനിന്നു ബിരുദമെടുത്ത അഭിജീത് ദിപ്കെ, കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടന ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ, സിജെപി ഇന്റർനെറ്റിൽ കൊടുങ്കാറ്റായി.
ബിജെപിയും കോണ്ഗ്രസും പോലുള്ള വൻ രാഷ്ട്രീയ പാർട്ടികളേക്കാൾ കൂടുതൽ ഫോളോവേഴ്സാണു സാമൂഹ്യമാധ്യമങ്ങളിൽ സിജെപിയെ തേടിയെത്തിയത്. രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ, ഇതര പ്രഫഷണലുകൾ, വിദ്യാർഥികൾ തുടങ്ങിയവർ നവീന ആശയത്തോടൊപ്പം അണിചേർന്നു.
മഹാരാഷ്ട്രക്കാരനായ 30 വയസുള്ള അഭിജീത് ദിപ്കെ പൂനയിൽനിന്നു ജേർണലിസത്തിൽ ബിരുദമെടുത്തു. ഡൽഹിയിൽ നടത്തിയ അഴിമതിവിരുദ്ധ പോരാട്ടത്തിൽ ചേർന്നു. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിനൊപ്പം സന്നദ്ധസേവനം ചെയ്തു. പിന്നീട് അമേരിക്കയിലെ ബോസ്റ്റണ് സർവകലാശാലയിൽനിന്നു പബ്ലിക് റിലേഷൻസിൽ ബിരുദം നേടി. രാഷ്ട്രീയ ആശയവിനിമയ തന്ത്രജ്ഞനാണ് അഭിജീത്. ആഖ്യാന നിർമാണം, പൊതു സന്ദേശമയയ്ക്കൽ, രാഷ്ട്രീയ അഭിപ്രായത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എന്നിവയിൽ വൈദഗ്ധ്യമുണ്ട്. അതിനിടെ, അഭിജീതിനെതിരേ ബിജെപി അനുകൂലികൾ വധഭീഷണി മുഴക്കിയതിൽ മാതാപിതാക്കൾ ആശങ്കയിലാണ്.
Tags : cockroaches CJP