ഇ.പി. ജയരാജൻ.
കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ പാർട്ടിയുടെയും പ്രതിപക്ഷനേതാവിന്റെയും കണ്ണൂർ ജില്ലാ സെക്രട്ടറിയുടെയും നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ.
പദ്ധതി സംബന്ധിച്ച് അനാവശ്യ വിവാദം സൃഷ്ടിക്കേണ്ടതില്ല. അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണം ഉന്നയിക്കുന്നവരാണ് അത് വിശദീകരിക്കേണ്ടതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ഭരിക്കാൻ താത്പര്യമില്ലെന്നും വിവാദങ്ങളുണ്ടാക്കാനാണ് താത്പര്യമെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറിയും രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും നിലപാടിനെതിരേ കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവ് കൂടിയായ ഇ.പി. ജയരാജൻ പരസ്യ പ്രതികരണം നടത്തിയത്.
പാർട്ടിയെ വെല്ലുവിളിച്ച് സ്വതന്ത്രരായി മത്സരിച്ച് എംഎൽഎമാരായ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ പാർട്ടിയിലേക്കു തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എം.വി. ജയരാജൻ പറഞ്ഞത് പാർട്ടി തീരുമാനമല്ലെന്നായിരുന്നു ഇപിയുടെ മറുപടി. അത് അടഞ്ഞ അധ്യായമാണ്. പുറത്തുപോയവരെ തിരിച്ചെടുക്കുക എന്നത് ഇപ്പോൾ പാർട്ടിയുടെ മുന്നിലില്ല. എന്നാൽ പാർട്ടിയിൽനിന്നു പുറത്തുപോകുകയും തെറ്റുതിരുത്തിയവർ തിരികെ വന്നപ്പോൾ പാർട്ടിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പാർട്ടിയുടെ നടപടിക്രമങ്ങളാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച വിഷയത്തിൽ ചർച്ചകൾ നടക്കും. മുന്നണി സംവിധാനത്തിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇ.പി. ജയരാജൻ പ്രതികരിച്ചു.
Tags : E.P. Jayarajan corruption Vizhinjam Port