Leader Page
ഇടതുപക്ഷ വിരുദ്ധമായിരുന്നു ചില സമയങ്ങളിൽ മത-വർഗീയ സംഘടനകളുമായുള്ള ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പെരുമാറ്റങ്ങൾ. തൃശൂർ പൂരം കലക്കുന്നതിൽ എന്തെല്ലാമോ സംശയാസ്പദമായ സംഗതികൾ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് ബഹുഭൂരിഭാഗം കേരളീയരും. അതുപോലെ ആർഎസ്എസ് എന്ന ഹിന്ദുത്വവാദ സംഘടനയുടെ രണ്ടാമനായ നേതാവിനെ, സിപിഎമ്മിന്റെ രണ്ടാമനായ നേതാവ് പോയി കണ്ടതും ചായ കുടിച്ചതും കേരളീയ ജനത വളരെ നിഷ്കളങ്കമായ ഒരു കാര്യമായിട്ടല്ല കണ്ടത്. ഇതിനൊക്കെ നേതൃത്വം കൊടുത്തതത് ഒരു പോലീസ് ഓഫീസറാണ്. എങ്കിലും നമുക്കെല്ലാവർക്കും അറിയാം, ഉദ്യോഗസ്ഥർ ഇത്തരം വഴിവിട്ട പ്രവൃത്തികൾ ചെയ്യണമെങ്കിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലം വേണമെന്ന്.
ബിജെപിയുടെ നേതാക്കൾ ഉൾപ്പെട്ട വലിയ സാമ്പത്തിക അഴിമതിക്കേസുകൾ പുകയായും ആവിയായും പോയത് സ്വാഭാവികമായാണെന്ന് ഒരാളും വിശ്വസിച്ചിട്ടില്ല. തിരിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരായ സാമ്പത്തിക അഴിമതി കേസുകൾ തേഞ്ഞുമാഞ്ഞു പോകാൻ തുടങ്ങുന്നത് അതിൽ തെളിവൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് ആരും കരുതുന്നുമില്ല. ഒരുകാലത്ത് അഴിമതിവിരുദ്ധതയ്ക്ക് പേരുകേട്ട ഒരു രാഷ്ട്രീയ കക്ഷി അതിന്റെ ചളിക്കുഴികളിൽ വീണുകിടക്കുന്നു എന്നുള്ള ബോധവും ജനതയ്ക്കുണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ് ഈ നെടുങ്കൻ പരാജയം. ആരും ഒന്നും മറന്നിട്ടില്ല. ഇത്തരത്തിലുള്ള കപടനാടകങ്ങൾ ജനമനസിൽ മങ്ങാതെ കിടക്കുന്നു എന്നതാണ് 102/35 എന്ന കണക്ക് ഉറപ്പിച്ചുപറയുന്നത്.
ഒരു ഇടതുപക്ഷ പാർട്ടിക്ക് ചേരാത്തവിധമുള്ള ധൂർത്തും കെടുകാര്യസ്ഥതയുമാണ് ഭരണത്തിലുടനീളം പ്രകടമായിരുന്നത്. ആശാ വർക്കർമാരോട് ഒരു കൊല്ലത്തോളം മുഖം തിരിച്ചിരുന്ന സർക്കാർ, നവകേരള ബസ് വാങ്ങാനും ആഗോള അയ്യപ്പസംഗമം നടത്താനും അതിതാര (Super Star)വുമായുള്ള അഭിമുഖം നടത്താനും പൗരപ്രമുഖന്മാരെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും തേടിപ്പിടിച്ച് സമൃദ്ധമായ ഭക്ഷണത്തോടുകൂടി സൽക്കരിക്കാനും തൊഴുത്ത് കെട്ടാനും പശുവിനെ പോറ്റാനുമൊക്കെ ധൂർത്ത് കാണിച്ചത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ക്ഷേമപെൻഷൻ മുടങ്ങിയതിനെക്കുറിച്ച് വല്ലാതെ ശകാരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ വക്താക്കൾ തങ്ങളുടെ കാലത്ത് പലതവണ ഇതു മുടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം മറച്ചുവയ്ക്കുകയാണ് ചെയ്തത്. എന്നിട്ട് മൂന്നും നാലും ഗഡുക്കൾ ഓണത്തിനും വിഷുവിനും ക്രിസ്മസിനും പെരുന്നാളിനും കൂട്ടിച്ചേർത്ത് കൊടുക്കുമ്പോൾ സർക്കാരിന്റെ സമ്മാനം എന്ന ലേബലിലാണ് കൊടുത്തിരുന്നത്. അത് ഒരു ചതിയാണ്. ക്ഷേമപെൻഷൻ സമ്മാനമല്ല, അവകാശമാണ്.
പാർട്ടിവത്കരിക്കപ്പെട്ട അഴിമതി
പാർട്ടിവത്കരിക്കപ്പെട്ട അഴിമതി വ്യാപകമായി എന്നതും അത് എല്ലാവർക്കും മനസിലാകുംവിധം പ്രകടമായി എന്നതുമാണ് ഈ ഭരണകാലത്തിന്റെ മറ്റൊരു നേട്ടം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് അനർഹമായി കിട്ടുന്ന മാസപ്പടിയെക്കുറിച്ചുള്ള വാർത്തകൾ കുറേക്കാലം കേരളത്തിൽ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തിന്റെ അന്തഃപുരങ്ങളിൽപോലും പ്രവേശനമുണ്ടായിരുന്നവർ പിന്നീട് വെളിപ്പെടുത്തിയതും അഴിമതിക്കഥകൾ തന്നെ. ഒടുവിലത് ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികളും മറ്റും കളവുപോകുന്ന ഞെട്ടിക്കുന്ന അവസ്ഥയിലെത്തി. കരുവന്നൂർ ബാങ്ക് കൊള്ള മുതൽ സഹകരണ രംഗത്തു നടന്ന പലതരം കെടുകാര്യസ്ഥതകളെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. എന്തിനും ഏതിനും ഓടിയെത്തുന്ന കേന്ദ്ര ഏജൻസികൾ ഇത്തരം കാര്യങ്ങളിൽ ഉദാസീനത കാണിക്കുന്നത് നമ്മൾ കണ്ടു. ബിജെപി പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രന്റെ പേരിൽ ഉയർന്ന കറുത്ത പെട്ടി വിവാദവും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി വിവാദവും എവിടെയെത്തിയെന്ന് നമുക്കാർക്കുമറിയില്ല. പ്രാദേശികമായും ഗ്രാമഗ്രാമാന്തരങ്ങളിൽ ചെറിയ റോഡുകളും കലുങ്കുകളും നിർമിക്കുന്നതിലെ വരെ അഴിമതിയിലേക്കും ഈ സംശയങ്ങൾ നീണ്ടു.
അമിതാധികാരം അമിതമായി ദുഷിപ്പിക്കും
മുന്നണി ഭരണത്തിന്റെ ജനാധിപത്യവത്കരണം സാമാന്യം ഫലപ്രദമായി കമ്യൂണിസ്റ്റ് പാർട്ടികൾ കൊണ്ടുനടക്കുകയായിരുന്നു. സോഷ്യലിസ്റ്റുകളും അതിൽ പങ്കാളികളായി. അങ്ങിനെ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഉടലെടുക്കുകയും ചെയ്തു. സാങ്കേതികാർഥത്തിൽ വലതുപക്ഷം എന്നൊന്നും വിളിക്കാൻ കഴിയില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ മറ്റൊരു മുന്നണിയും കേരളത്തിൽ നിലവിൽ വന്നു. രണ്ടു മുന്നണികളെയും മാറിമാറി വരിക്കുന്ന കേരളത്തിന്റെ ജനാധിപത്യബോധം കുറെയൊക്കെ ആരോഗ്യകരമായിരുന്നു; കുറ്റമറ്റതാണ് എന്നു പറയുന്നില്ലെങ്കിലും. ഇതിനൊരു ഭംഗം വന്നതാണ് 2016ൽ നമ്മൾ കണ്ടത്. അധികാരം ആരെയും ഭ്രമിപ്പിക്കും. അത് ദുഷിപ്പിക്കും. അമിതാധികാരം അമിതമായി ദുഷിപ്പിക്കും. വളരെ പഴയൊരു സന്ദേശമാണിത്.
സിപിഐ ഒഴികെയുള്ള ഘടകകക്ഷികൾ വളരെ ദുർബലമായത് സിപിഎമ്മിന് അദൃശ്യമായി ഭരിക്കാൻ ധൈര്യം നൽകി. കമ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗതമായ ഏകശിലാ രൂപത്തിന് പകരമായിരുന്നു മുന്നണി സംവിധാനം. ഇത്തവണ സിപിഎം മാത്രം മുഖ്യമാവുകയും മുഖ്യമന്ത്രി ഏതാണ്ട് ഏകാധിപതിയാവുകയും ചെയ്തതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ബാക്കിപത്രം. ആരും ചോദ്യംചെയ്യാനില്ലാത്തതും എല്ലാവരും വാഴ്ത്തുന്നതുമായ ഒരു അധികാര കേന്ദ്രം രൂപപ്പെട്ടു. പ്രായത്തിന്റേതടക്കമുള്ള പാർട്ടിയുടെ തീരുമാനങ്ങൾ അദ്ദേഹത്തിനായി മാറ്റിയെഴുതി. കാരണഭൂതനായും ക്യാപ്റ്റനായും വാഴ്ത്തപ്പെടുമ്പോൾ പഴയ രാജാക്കന്മാരെപ്പോലെ അതിലൊരു സുഖം അദ്ദേഹം അനുഭവിച്ചു. താനൊരു പ്രഭുവാണെന്നും മറ്റുള്ളവരെ ഏത് ഭാഷ ഉപയോഗിച്ചും തനിക്ക് ചീത്ത പറയാമെന്നും ഉള്ള ആഢ്യബോധം അദ്ദേഹത്തിൽ നിറഞ്ഞു.
അണികളുടെ അസംതൃപ്തി
ഇതെല്ലാം കാണാനും അറിയാനും മനസിലാക്കാനും കഴിവുള്ളവരാണ് മലയാളികൾ എന്ന തിരിച്ചറിവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായില്ല എന്നു വേണം കരുതാൻ. ജനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രധാനമായും സിപിഎമ്മിന്റെ അണികളിൽ അദൃശ്യവും ശക്തവുമായ അസംതൃപ്തിയും രോഷവും ഉടലെടുത്തുകൊണ്ടിരുന്നു. ജനങ്ങളുടെ ഇംഗിതങ്ങൾ മനസിലാക്കാൻ മാത്രം നേതൃത്വത്തിന് അവർക്കിടയിൽ പ്രവർത്തിച്ച പരിചയം കുറഞ്ഞതാണ് മാറ്റം മനസിലാകാതെ പോയതിനു കാരണം. അണികളെ എങ്ങനെയും ആട്ടിത്തെളിച്ചു കൊണ്ടുപോകാം എന്ന ധിക്കാരം നേതൃത്വത്തിനുണ്ടായി. ജനങ്ങളോട് പെരുമാറുമ്പോൾ വിനയം വേണമെന്ന് ഒരു പ്ലീനത്തിൽ പ്രമേയം പാസാക്കേണ്ടിവന്നു!
National
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഗ്രേറ്റ് നിക്കോബാർ പദ്ധതി പ്രകൃതിക്കും ഗോത്ര പൈതൃകത്തിനും എതിരായ ഗുരുതര കുറ്റകൃത്യവും അഴിമതിയുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ആൻഡമാൻ നിക്കോബാറിൽ നടത്തിയ പര്യടനത്തിനുശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് പദ്ധതിക്കെതിരേ രാഹുൽ വിമർശനമുയർത്തിയത്. "വികസനത്തിന്റെ ഭാഷയിൽ മറച്ചുവച്ച നാശം’ എന്നാണ് പദ്ധതിയെ രാഹുൽ വിശേഷിപ്പിച്ചത്.അതേസമയം, രാജ്യത്തിന്റെ വികസന, സാന്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയാണ് 81,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, പവർ പ്ലാന്റ്, ടൗണ്‍ഷിപ്പ് എന്നിവയുൾപ്പെടുന്ന ഈ വിപുലമായ വികസനം സമുദ്രവ്യാപാരത്തെയും സുരക്ഷയെയും ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
മലാക്ക കടലിടുക്കിനോടു ചേർന്നുള്ള ഈ ദ്വീപിന്റെ സ്ഥാനം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിൽ ഇന്ത്യക്കു വലിയ സ്വാധീനം നൽകുമെന്നും സർക്കാർ കരുതുന്നു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതോടെ 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഴക്കാടുകൾ വെട്ടിനശിപ്പിക്കുന്നതും ദശലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റുന്നതും വരുംതലമുറകളോടു ചെയ്യുന്ന അനീതിയാണെന്ന് രാഹുൽ ആരോപിക്കുന്നു. കോർപറേറ്റ് കന്പനികളെ സഹായിക്കാനാണു വികസനമെന്ന പേരിൽ പദ്ധതി വിഭാവനം ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ അംഗീകാരം നൽകിയ പദ്ധതിക്കെതിരേ പ്രദേശത്തെ ആദിവാസിനേതാക്കളുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. പര്യടനത്തിനിടയിൽ സമരസമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി.
International
ഡുവാല (കാമറൂൺ): അക്രമങ്ങളെയും അഴിമതിയെയും ചെറുക്കാൻ ആഫ്രിക്കയിലെ യുവജനങ്ങളോടു ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഗിനിയ ഉൾക്കടലിലെ പ്രധാന തുറമുഖവും കാമറൂണിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാല നഗരത്തിലെ ജാപൊമ സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
നിരാശ വെടിഞ്ഞു ജീവിതമൂല്യങ്ങൾ സ്വായത്തമാക്കി ഭാവിയുടെ നായകന്മാരാകുവാൻ യുവജനങ്ങളോട് ആവശ്യപ്പെട്ട മാർപാപ്പ, ദൈവവിളിക്കു കാതോർക്കുവാനും മറ്റുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കുന്നവിധം സഹായിക്കാനും അഭ്യർഥിച്ചു.
ഈശോമിശിഹായുടെ സ്നേഹത്തിനും കാരുണ്യപ്രവൃത്തികൾക്കും സാക്ഷ്യം നൽകാനും മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു. ഉയിർത്തെഴുന്നേറ്റ യേശുവിനെ പ്രഘോഷിക്കുക എന്നാൽ കഷ്ടപ്പെടുന്നതും അടിച്ചമർത്തപ്പെട്ടതുമായ ഒരു നാട്ടിൽ നീതിയുടെ അടയാളങ്ങൾ അവശേഷിപ്പിക്കുക, മത്സരത്തിനും അഴിമതിക്കുമിടയിൽ സമാധാനത്തിന്റെ അടയാളങ്ങൾ, അന്ധവിശ്വാസത്തിൽനിന്നും നിസംഗതയിൽനിന്നും നമ്മെ മോചിപ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളങ്ങൾ എന്നിവ അവശേഷിപ്പിക്കുക എന്നതാണ് -മാർപാപ്പ പറഞ്ഞു.
വിശുദ്ധ കുർബാനയിൽ ആറു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് മാർപാപ്പ ഡുവാലയിലെ കത്തോലിക്കാ ആശുപത്രി സന്ദർശിക്കുകയും യൂണിവേഴ്സിറ്റി പ്രഫസർമാരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയുമുണ്ടായി.
കാമറൂണിലെ നാലുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് അയൽരാജ്യമായ അങ്കോളയിലേക്കു പോകും.
District News
തുറവൂർ: പാടശേഖരത്തിലെ നെൽകൃഷിയുടെ പേരിലും മത്സ്യകൃഷിയുടെ പേരിലും നടന്നിട്ടുള്ള ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വഷണം നടത്തണമെന്ന് കർഷകർ . നെൽകൃഷി വികസനത്തിനായി നിലകൊള്ളേണ്ട കർഷക സംഘം പൂർണ്ണമായും മത്സ്യകൃഷിക്കു വേണ്ടിയാണ് നിലകൊള്ളുന്നത്.
തുറവുർ പാടശേഖരങ്ങളിലെ നെൽകൃഷിയുടെ വികസനത്തിനു വേണ്ടി നിലകൊള്ളേണ്ട കർഷകസംഘം മത്സ്യകൃഷിയുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാന്നെന്ന് കർഷകർ പറയുന്നു .
തുറവൂർ പാടശേഖരത്ത് നൽകൃഷി ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഇത്തവണ ചില പാടശേഖരങ്ങളിൽ കൃഷിഭവനിൽ നിന്ന് വിത്ത് നെല്ല് വാങ്ങി വിതച്ചെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല . കഴിഞ്ഞ പത്തു വർഷത്തിലധികമായി സർക്കാരിന്റെ സബ്സീഡി തട്ടിയെടുക്കുവാനുള്ള തട്ടിപ്പല്ലാതെ യഥാർഥത്തിൽ ഒരു പാടശേഖരങ്ങളിലും നെൽകൃഷി നടക്കുന്നില്ല. നിലവിൽ ഒട്ടുമിക്ക പാടശേഖരങ്ങളിലും മത്സൃ കൃഷിയാണ് നടത്തുന്നത്.
ലക്ഷക്കണക്കിന് രൂപയ്ക്കാണ് തുറവൂർ പാടശേഖരം ഓരോ വർഷവും മത്സ്യകൃഷിക്കായി ലേലത്തിനു പോകുന്നത്.
എന്നാൽ പാടശേഖര ഉടമകൾക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. മത്സ്യകൃഷിയുടെ നഷ്ടം പറഞ്ഞ് കർഷക സംഘ ഭാരവാഹികളും മത്സ്യ മാഫിയായും ഈ തുക മുഴുവൻ തട്ടിയെടുക്കുകയാണെന്നും കർഷകർ പറയുന്നു. വർഷങ്ങളായി ചില രാഷ്ട്രീയനേതാക്കളുടെ നിയന്ത്രണത്തിലാണ് തുറവുർ കർഷക സംഘം പ്രവർത്തിക്കുന്നത്. എല്ലാ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും ഈ സംഘ ഭരണത്തിൽ ഉണ്ടെങ്കിലും അഴിമതിയുടെ കാര്യത്തിൽ കൂട്ടുകച്ചവടമാണ് നടക്കുന്നത്.
തുറവുർ പാടശേഖരങ്ങളിലേയും കർഷക സംഘത്തിന്റെയും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിജിലൻസ് അന്വഷണം നടത്തണമെന്ന് തുറവൂർ കൃഷിഭവനിലെ ഉപദശക സമതി തീരുമാനിച്ചിട്ടും പിന്നിട് യാതൊരു വിധ നടപടിയും ഉണ്ടായില്ല.
തുറവുർ പാടശേരത്തിലെ ഫണ്ട് വിനിയോഗവും ,തുറവൂർ കർഷക സംഘത്തിന്റെ പ്രവർത്തനങ്ങളേക്കുറിച്ചും അന്വഷണമാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കർഷകർ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമായിരിക്കെ, ഇ - ഓഫീസ് മെയിന്റനൻസ് എന്ന പേരിൽ അഞ്ചുദിവസത്തേക്ക് സർക്കാർ വക ഇ ഓഫീസ് സെർവറുകൾ ഡൗൺ ചെയ്യുന്നത് അഴിമതി ഫയലുകൾ മൂക്കാനുള്ള ഗൂഢാലോചനയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
തികച്ചും സംശയാസ്പദമായ നീക്കം ആണിത്. നിലവിൽ ഈ മെയിന്റനൻസ് ചെയ്യേണ്ട യാതൊരു അടിയന്തരാവസ്ഥയും നിലനിൽക്കുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷവും ചെയ്യാവുന്ന കാര്യമാണിത്.
അതിപ്പോൾ ചെയ്യുന്നത് മുൻ സർക്കാർ വൻതോതിൽ അഴിമതി നടത്താൻ ഉദ്ദേശിച്ച പല ഫയലുകളും ഡിലീറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും കൂട്ടുനിൽക്കുകയാണ്.
മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇതിനു തെരഞ്ഞെടുത്ത സമയത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.വളരെ സുതാര്യമായ ചെയ്യേണ്ട ഈ പ്രക്രിയ കാവൽ മന്ത്രിസഭ നിലനിൽക്കുന്ന ഈ സമയത്ത് ചെയ്യുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതികൾ മൂടിവയ്ക്കാനും ആണ്.
ഇതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ അടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നും കർശനമായ നടപടികൾ ഉണ്ടാവും. ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന സമയത്തും സെക്രട്ടറിയേറ്റിൽ ഒരു അത്ഭുത തീപിടിത്തം ഉണ്ടായിരുന്നു. അതിന് സമാനമായ ഒരു ഡിജിറ്റൽ ക്ലീൻ അപ്പ് ആണ് ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് പൊതുവേ ജനങ്ങളുടെ സംശയം. ഇത് അടിയന്തരമായി നിർത്തിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ വിധി പത്തിന്. രണ്ടു പ്രതികള്‍ക്ക് പ്രോസിക്യൂഷന് അനുമതി നല്‍കാത്തതിനെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസിലെ പ്രതികളായ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ അനുമതി തേടി സിബിഐ നല്കിയ അപേക്ഷ മൂന്നു തവണ സര്‍ക്കാര്‍ തള്ളിയിരുന്നു.
മൂന്നാംവട്ടവും പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അഴിമതി അവസാനിക്കണമെങ്കില്‍ പ്രതികള്‍ വിചാരണ നേരിടണം. പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള അധികാരം കോടതിക്കു ലഭിക്കണമെന്ന് വാദത്തിനിടെ ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾതന്നെ പാർട്ടി വിട്ടു കോണ്‍ഗ്രസ് ചേരിയിൽ സ്ഥാനാർഥികളായത് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തൽ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്.
എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയിൽ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി. ചിലർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്.
ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ള വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുമ്പ് കണ്ണൂരിൽ എം.വി. രാഘവനും പാട്യം രാജനും ആലപ്പുഴയിൽ കെ.ആർ. ഗൗരിയമ്മയും അടക്കമുള്ള വലിയ നേതാക്കൾ പാർട്ടി വിട്ടപ്പോഴും പ്രതിസന്ധി നേരിട്ടെങ്കിലും പാർട്ടിയെ കാര്യമായി ബാധിച്ചില്ല. അവസാനകാലത്ത് ഇവരെല്ലാം പാർട്ടിയുടെ ഭാഗമായിരുന്നുവെന്ന കാര്യം ഇപ്പോൾ വിട്ടുപോയവർ ഓർത്താൽ നന്നെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ പരിഹസിച്ച മുഖ്യമന്ത്രി, സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നാണ് പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേൺ അടിക്കുകയുമായിരുന്നു മുഖ്യമന്ത്രിയുടെ രീതി. സ്പ്രിംഗ്ലർ മുതൽ ബ്രൂവറീസ് മുതൽ ആഴക്കടൽ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും താൻ തുറന്നുകാട്ടിയപ്പോൾ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനുമാണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്. എന്നാൽ സകല ഇടപാടുകളിൽ നിന്നും അവസാനം നാണംകെട്ട് യൂടേൺ അടിക്കേണ്ടി വന്നു.
ടിസിഎസ് അടക്കമുള്ള സോഫ്റ്റ്വെയർ ഭീമന്മാരെ കേരളത്തിൽ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികൾക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയിൽ നിബന്ധനകൾ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെക്കാൾ നാലിരട്ടി തുക ക്വോട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കൺസോർഷ്യത്തിന് അനധികൃതമായി കരാർ നൽകാനുള്ള നീക്കമായിരുന്നു സർക്കാരിന്റേത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടുകൂടി നടപടികൾ പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യമെന്നും ചെന്നിത്തല ആരോപിച്ചു.
"സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
2026 ഫെബ്രുവരി മധ്യത്തോടെയാണ് ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനു വേണ്ടി റിവേഴ്സ് ഓക്ഷന് നടത്തിയത്. ഇതില്‍ ടെക്നിക്കല്‍ ബിഡില്‍ പാസായത് ദിനേശ് ബീഡി കണ്‍സോര്‍ഷ്യവും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമാണ്.
4415 ബാങ്ക് ശാഖകള്‍ക്ക് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത് 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 49.9 കോടി രൂപയുടെ ബിഡ്. അതേസമയം മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (മിറ്റ്കോ) നല്‍കിയത് 4415 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 231.7 കോടി രൂപയുടെ ബിഡ്.
ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചിരിക്കുന്ന ബിഡ് അനുസരിച്ച് ഒരു ശാഖയില്‍ പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കി നല്‍കുന്നതിനുള്ള ചിലവ് 17.8 ലക്ഷം രൂപയാണ്. അതേസമയം മലബാർ ഇൻഫർമേഷൻ ടെക്നോളജി 4415 ശാഖകളില്‍ സ്ഥാപിക്കാന്‍ നല്കിയ ബിഡ് വെച്ചു നോക്കുമ്പോള്‍ ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളു.
അതായത് 4415 സൊസൈറ്റികളില്‍ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഈ സോഫ്റ്റ് വെയ് സ്ഥാപിക്കുമ്പോള്‍ ആകെ ചെലവ് 231.7 കോടി. അതേസമയം സര്‍ക്കാര്‍ ഇതിന്റെ കോണ്‍ട്രാക്ട് സമ്മാനിക്കാന്‍ പോകുന്ന ദിനേശ് സഹകരണസംഘം ഇത്രയും ഇടങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചിലവ് ഏതാണ്ട് 785 കോടി രൂപ.
എന്നാല്‍ ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ഒരു ഉളുപ്പുമില്ലാതെ പറയുകയാണെന്ന് ഞാൻ ഉദ്ധരിച്ച കണക്കുകള്‍ ഞാൻ വ്യക്തമാക്കുന്നു.
ഭരണത്തിന്റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. ഇത് നടന്നിരുന്നെങ്കില്‍ ഏതാണ്ട് 550 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമായിരുന്നു'- രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
പത്തനംതിട്ട: അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന സിപിഎമ്മുകാരിയായ വനിതാ പ്രസിഡന്റ് സമ്മർദങ്ങൾക്കൊടുവിൽ സ്ഥാനം രാജിവച്ചു. സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ളയാണ് പ്രസിഡന്റു സ്ഥാനം രാജിവച്ചത്.
സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ് ബാങ്കിൽ മുൻകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ വിവരിച്ച് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തി പൊൻതാമരപിള്ള രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്കും കൈമാറി. രാജിക്കത്ത് വാങ്ങാൻ ബാങ്ക് സെക്രട്ടറി തയാറായില്ലെന്നും പെൻതാമരപിള്ള പറഞ്ഞു.
സിപിഎം അടൂർ ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി. രവീന്ദ്രൻ ദീർഘകാലം പ്രസിഡന്റായിരുന്ന 142 - ാംനമ്പർ അടൂർ സർവീസ് സഹകരണ ബാങ്കിനെതിരേയാണ് ആരോപണം. 2024 നവംബറിലാണ് പൊൻതാമരപിള്ള ബാങ്ക് പ്രസിഡന്റു സ്ഥാനം ഏറ്റെടുത്തത്. പിന്നീടു നടന്ന പരിശോധനയിലും സഹകരണ വകുപ്പ് നടത്തിയ പരിശോധനകളിലുമാണ് ക്രമക്കേടുകൾ പുറത്തുവന്നത്. 75 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് രവീന്ദ്രൻ പ്രസിഡന്റായിരുന്ന കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളിന്റെ കൂടി പിന്തുണയിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രസിഡന്റെന്ന നിലയിൽ താൻ ആവശ്യപ്പെട്ട ഫയലുകൾ നൽകാൻ പലപ്പോഴും ഉദ്യോഗസ്ഥർ തയാറായില്ല. ബാലൻസ് ഷീറ്റ് കൃത്യമായി അവതരിപ്പിച്ചിരുന്നില്ല. നേരത്തെ താൻ ഇക്കാര്യം ഭരണസമിതിയിൽ ഉന്നയിക്കപ്പെടുന്പോഴും പിന്തുണ ലഭിച്ചിരുന്നില്ല.
ഇതു സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ചതും പലിശ ലഭിക്കാത്തതുമായ നിരവധി പരാതികളുണ്ടായി. ഏറെ നഷ്ടത്തിലായിരുന്ന ഘട്ടത്തിലാണ് താൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
കുടിശികകൾ പിരിച്ചെടുത്തും നിക്ഷേപം വർധിപ്പിച്ചും ബാങ്കിനെ നല്ലനിലയിലേക്ക് മാറ്റാൻ ശ്രമം നടത്തി. കേരള ബാങ്കുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾ പുനരാരംഭിച്ചു. നേരത്തെ അടൂരിലെ മറ്റൊരു സഹകരണ സംഘത്തിലേക്ക്ബാങ്കിന്റെ നിക്ഷേപം അടക്കം മാറ്റുകയും ഇതിലൂടെ കുടുംബാംഗങ്ങൾക്ക് സഹായം ചെയ്തു കൊടുക്കുകയുമാണ് മുൻ പ്രസിഡന്റ് ചെയ്തിരുന്നതെന്ന് പൊൻതാമരപിള്ള ആരോപിച്ചു. തന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഭരണസമിതിയംഗങ്ങളും സ്വീകരിച്ചത്.
താൻ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടി കമ്മിറ്റികളെയും നേതാക്കളെയും ധരിപ്പിച്ചിരുന്നു. എന്നാൽ അതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തയാറായില്ല. പകരം പാർട്ടിയോട് ആലോചിക്കാതെ അംഗങ്ങൾ അവിശ്വാസം നൽകുകയായിരുന്നു. ക്രമവിരുദ്ധമായ ഈ നടപടിയെപ്പോലും ചോദ്യം ചെയ്യാൻ ആരും തയാറായില്ല.
ക്രമക്കേടിന് ഒത്താശ ചെയ്യാത്തതിന്റെ പേരിൽ ബാങ്ക് ഭരണ സമിതിയിൽ നിന്നും ചില നേതാക്കളുടെ ഭാഗത്തുനിന്നും വലിയ സമ്മർദങ്ങൾ തനിക്കു നേരിടേണ്ടിവന്നു. പ്രസിഡന്റു സ്ഥാനം രാജിവച്ചാലും ക്രമക്കേട് തെളിയിക്കേണ്ടതുള്ളതിനാൽ ബോർഡ് മെംബർ സ്ഥാനം രാജിവച്ചിട്ടില്ല. ഇതിനായി ഏതറ്റംവരെയും താൻ പോകും.
അഴിമതിക്കെതിരേ ശക്തമായി പോരാടും. പാർട്ടിയിൽ ഇപ്പോഴും പൂർണ വിശ്വാസമുണ്ടെന്നും പൊൻതാമര പിള്ള പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭ 27 ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പൊൻതാമരപിള്ള പരാജയപ്പെട്ടിരുന്നു.
Kerala
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്കെതിരേയുള്ള അഴിമതിയാരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും തദ്ദേശ വകുപ്പിന്റെ വിജിലൻസ് അന്വേഷണം മതിയെന്നുമുള്ള സർക്കാർ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലക്കയംതട്ട് ഭൂമി ഇടപാട്, ജില്ലാ ആശുപത്രി പരിസരത്തെ ഭൂമി ഇടപാട്, നിർമിതികേന്ദ്രം സംബന്ധിച്ച ആക്ഷേപം എന്നിവയിലാണ് അഴിമതി ആരോപിച്ചത്. മൂന്നു സംഭവങ്ങളിലും പി.പി. ദിവ്യയെ ഒഴിവാക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ അന്വേഷണം നടത്താനാണ് സർക്കാർ നിർദേശിക്കുന്നത്. ബിനാമി ഇടപാടിൽ സിപിഎമ്മിലെ പല ഉന്നതർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ ആരോപണങ്ങളിൽ പി.പി. ദിവ്യ ഇതേവരെ മറുപടി നൽകിയിട്ടില്ലെന്നും ആരോപണം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും ഷമ്മാസ് വ്യക്തമാക്കി.
District News
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണം അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നു കിടക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ദീപാദാസ്.
സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ശബരിമലയിൽ സമാനതകളില്ലാത്ത കൊള്ള നടത്തിയിട്ടും അവരെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ സംരക്ഷിക്കുകയും കുറ്റംപത്രം പോലും നൽകാതെ ജാമ്യം ലഭ്യമാക്കുവാൻ ഒത്താശ ചെയ്തു കൊടുക്കുകയുമാണെന്ന് ദീപാദാസ് മുൻഷി പറഞ്ഞു.
ശബരിമല വികസനത്തിന്റെ പേര് പറഞ്ഞ് നടത്തിയ അയ്യപ്പ സംഗമത്തിൽ അടിമുടി അഴിമതി നടന്നിട്ടും അതിന് നേതൃത്വം നല്കിയ ദേവസ്വം മന്ത്രിയെ രാജിവയ്പിക്കാതെ മുഖ്യമന്ത്രി എല്ലാറ്റിനും കൂട്ടുനില്‍ക്കുന്നത് വിശ്വാസികളോടും പൊതു സമൂഹത്തോടും കാട്ടുന്ന കടുത്ത വഞ്ചനയും ധാർമികത ഇല്ലായ്മയുമാണെന്ന് അവർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ബി.എം. സന്ദീപ് മുഖ്യ പ്രസംഗം നടത്തി.
കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, പഴകുളം മധു , എൻ. ഷൈലാജ്, സെക്രട്ടറി റിങ്കു ചെറിയാൻ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെപിസിസി നയരൂപീകരണ സമിതി ചെയർമാൻ ഡോ.ജെ.എസ്. അടൂർ, ഡിസിസി ഭാരവാഹികളായ എ. സുരേഷ്കുമാർ , സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്.റോബിൻ പീറ്റർ, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾസലാം, സുനിൽ എസ്. ലാൽ, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ഹരികുമാർ പൂതങ്കര, എസ്.വി. പ്രസന്നകുമാർ, ഏഴംകുളം അജു, ഷാം കുരുവിള, എലിസബേത്ത് അബു, ബിനു ചക്കാല, എം.എസ്. പ്രകാശ്, ഉണ്ണിക്കൃഷ്ണൻ കുളനട, മനോജ് കുളനട, കെ.ജി. അനിത, അനിതാ കുമാരി, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, ആർ. ദേവകുമാർ, പി.കെ. മോഹൻരാജ്, റോജിപോൾ ഡാനിയേൽ, തട്ടയിൽ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
ഡിസിസി ജനറൽ സെകട്ടറിമാരായി നിയമിതരായ ആർ. ജയകുമാർ, പ്രകാശ്കുമാർ ചരളേൽ, കെ.എൻ. രാധാചന്ദ്രൻ, അബ്ദുൾകലാം ആസാദ്, എസ്. സന്തോഷ് കുമാർ, ബിജു ഫിലിപ്പ്, റോയിച്ചൻ എഴിക്കകത്ത്, പി.റ്റി. ഏബ്രഹാം, മണ്ണടി പരമേശ്വരൻ, രാജു മരുതിക്കൽ എന്നിവരെ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ത്രിവർണ്ണഷാൾ അണിയിച്ച് ആദരിച്ച
National
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അഴിമതി അവബോധ സൂചികയിൽ (സിപിഐ) ഇന്ത്യയുടെ റാങ്ക് 91. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ജർമൻ ആസ്ഥാനമായ ട്രാൻസ്പാരൻസി ഇന്റർനാഷണൽ എന്ന സംഘടന 182 രാജ്യങ്ങളിലെ പൊതുമേഖലാ അഴിമതി വിലയിരുത്തി പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്കോർ 39 മാത്രമാണ്.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനെക്കാൾ ഒരു സ്കോർ കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ അഴിമതി സൂചികയിൽ പത്തു വർഷത്തിനിടയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ടനുസരിച്ച് അഴിമതി അവബോധ സൂചികയുടെ ആഗോള ശരാശരി സ്കോർ 42 മാത്രമാണ്. 0 മുതൽ 100 വരെയുള്ള സ്കോറിൽ 0 എന്നത് ഉയർന്ന അഴിമതിയുള്ളതും 100 എന്ന സ്കോർ പൂർണമായി അഴിമതിരഹിതവുമായാണു കണക്കാക്കുന്നത്. അഴിമതിയെന്നത് ലോകത്തിന്റെ എല്ലാ ഭാഗത്തും ഗുരുതരമായ ഭീഷണിയാണെന്നു പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ 89 സ്കോറോടെ ഡെന്മാർക്കും 88 സ്കോറോടെ ഫിൻലൻഡും ഒന്നും രണ്ടും സ്ഥാനത്തെത്തി.
കഴിഞ്ഞ വർഷം 96-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും സ്കോറിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പാരൻസി ഇന്റർനാഷണൽ 1995 മുതൽ പ്രതിവർഷം പുറത്തിറക്കുന്ന റിപ്പോർട്ടിൽ 2015ൽ 38 എന്ന സ്കോർ നേടിയ ഇന്ത്യ ഒരു ദശകത്തിനപ്പുറം ഒരൊറ്റ സ്കോറാണു വർധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ ദുർബലമായ ഭരണനിർവഹണവും പരിമിതമായ ധാർമിക ഉത്തരവാദിത്വവും മൂലമുള്ള അതൃപ്തി 2025ൽ വ്യക്തമായി പ്രതിഫലിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകമെന്പാടുമുള്ള സംഘർഷേതര സോണുകളിൽ 2012 മുതൽ 829 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് പ്രത്യേകിച്ച് അപകടകരമായ ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, പാക്കിസ്ഥാൻ, ഇറാക്ക് ഉൾപ്പെടെയുള്ള 50ൽ താഴെ സ്കോറുള്ള രാജ്യങ്ങളിലാണ് ഈ കൊലപാതകങ്ങളുടെ 90 ശതമാനത്തിലധികം നടന്നതെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
International
ബീജിംഗ്: അഴിമതിക്കേസിൽ മുൻ ചൈനീസ് നിയമമന്ത്രി താംഗ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയിൽ താംഗ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയൻ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്.
ജെജാംഗ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താംഗ് യിജുൻ 2020-ലാണ് മന്ത്രിയായത്. 2024-ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രസിഡന്റ് ഷി ജിൻപിംഗ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതനാണ് താംഗ് യിജുൻ.
യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ സൈനിക ജനറൽ ഷാംഗ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയും അന്വേഷണം നേരിടുകയാണ്.
National
ന്യൂഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരായ അഴിമതി ആരോപണ പരാതി അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാൽ തള്ളി.
അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാരോപിച്ച് സാമൂഹ്യപ്രവർത്തകനായ അമിതാബ് ഠാക്കൂർ നൽകിയ പരാതിയിലെ ആരോപണങ്ങൾ നിസാരമാണെന്നും ശല്യപ്പെടുത്തുന്നതാണെന്നും വിശേഷിപ്പിച്ചാണ് സുപ്രീംകോടതി മുൻ ജഡ്ജി എ.എം. ഖാൻവിൽക്കലർ അധ്യക്ഷനായ ലോക്പാൽ ബെഞ്ച് പരാതി തള്ളിയത്. ഠാക്കൂർ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ വിദ്വേഷങ്ങൾകൊണ്ടു പ്രവർത്തിക്കുകയാണെന്നും പരാതിയിൽ കഴന്പില്ലെന്നും ഖാൻവിൽക്കലർ ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബെ അനധികൃതമായി സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാബ് ഠാക്കൂർ കഴിഞ്ഞ വർഷം മേയിലാണു ലോക്പാലിന് പരാതി നൽകിയത്.
2009 മുതൽ 2024 വരെയുള്ള ദുബെയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ ചൂണ്ടിക്കാട്ടി ദുബെയുടെ ഭാര്യയുടെ സ്വത്തുക്കളിൽ വിശദീകരിക്കാനാകാത്ത വർധനയുണ്ടെന്നായിരുന്നു ഠാക്കൂറിന്റെ പരാതി.
Kerala
തിരുവനന്തപുരം: പോലീസ് തലപ്പത്തു നടത്തിയ വ്യാപക അഴിച്ചുപണിയിൽ ദക്ഷിണ മേഖല ഐജിയായി ജി. സ്പർജൻ കുമാറിനെ നിയമിച്ചു. കെ. കാർത്തികിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. വിജിലൻസ് ഡിഐജിയായിരുന്നു കെ. കാർത്തിക്. ഹരിശങ്കറാണ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. തൃശൂർ റേഞ്ച് ഡിഐജിയായിരുന്നു ഹരിശങ്കർ.
ആർ. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്നു സ്പർജൻ കുമാർ. ദക്ഷിണമേഖല ഐജിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐജിയാക്കി.
പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ എംഡിയുടെ അധിക ചുമതലയും ശ്യാംസുന്ദറിന് നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന തോംസണ്‍ ജോസിനെ വിജിലൻസിൽ ഡിഐജിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് നിയമിച്ചു.
2008 ബാച്ചിലെ ഡിഐജിമാരായ പുട്ട വിമലാദിത്യ, എസ്. അജീതാബീഗം, ആർ. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാക്കി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ അധികചുമതലയും നൽകി. അജിതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗിൽ ഐജിയാക്കി. എസ്. സതീഷ് ബിനോയെ സായുധ ബറ്റാലിയൻ ഐജിയാക്കി.
2012ബാച്ചിലെ ഐപിഎസുകാരായ ജി. ശിവവിക്രം, അരുൾ ബി. കൃഷ്ണ, ജെ. ഹിമേന്ദ്രനാഥ് എന്നിവർക്ക് ഡിഐജിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ച അരുൾ ബി. കൃഷ്ണയെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. ജെ. ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാക്കി.
എസ്പിമാരായ ഉമേഷ് ഗോയലിനെ ടെലികോമിലും പി.ബി. കിരണിനെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും രാജേഷ് കുമാറിനെ നാലാം സായുധ ബറ്റാലിയനിലും അഞ്ജലി ഭാവനയെ സായുധസേന ആസ്ഥാനത്തും നിയമിച്ചു.
Kerala
കോട്ടയം: നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പ് പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തില്‍ മെംബറായ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കലിന് പറയാന്‍ ഒട്ടേറെയുണ്ട് സ്മരണകള്‍. 1977ല്‍ അഗളി കള്ളമല സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വികാരിയായിരിക്കേ 35-ാം വയസിലാണ് മൈക്കിളച്ചന് ഏഴാം വാര്‍ഡിലെ ജനപ്രതിനിധിയായി വിജയിച്ചത്.
അതിനു നിമിത്തമായത് അച്ചന് പ്രദേശത്തിനും കുടിയേറ്റ ജനതയ്ക്കും സമ്മാനിച്ച സമര്‍പ്പിതവും ധീരവുമായ നിലപാടുകളും സേവനങ്ങളുമാണ്. അഗളിയിലെ അതിസമ്പന്നനായിരുന്ന ജന്മിയില്‍നിന്ന് കുടിയേറ്റക്കാര്‍ വിലകൊടുത്തു വാങ്ങിയ ഭൂമിക്ക് പട്ടയമുണ്ടായിരുന്നില്ല. 1500ലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിച്ചവരുടെ നിലപാടുകള്‍ക്കെതിരേ മൈക്കിളച്ചന് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനുള്ള ജനകീയ ആദരം കൂടിയായിരുന്നു മെംബര്‍ സ്ഥാനം.
കുടിയേറ്റക്കാര്‍ക്ക് ജന്മി വിറ്റത് മിച്ചഭൂമിയായിരുന്നുവെന്ന് ജനങ്ങള്‍ വൈകിയാണ് അറിയുന്നത്. പട്ടയത്തിനായി അച്ചന് ജനങ്ങളെ സംഘടിപ്പിച്ചു നീങ്ങിയതോടെ ജന്മി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അപേക്ഷകള്‍ മരവിപ്പിച്ചു. ജന്മിയുടെ ഉന്നത ഇടപെടലില്‍ അഗളിയില്‍ പട്ടയം കൊടുക്കേണ്ടതില്ലെന്ന് അന്നത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അച്ചന് പലതവണ പാലക്കാട് കളക്ടറുടെ മുന്നില്‍ ചെന്ന് നീതിയുടെ പക്ഷം പറഞ്ഞു. അക്കാലത്ത് സ്വകാര്യവ്യക്തിക്ക് അഗളിയില്‍ 20 ഏക്കര്‍ പട്ടയമില്ലാത്ത ഭൂമിയിലെ മരം മുറിക്കാന്‍ അനുവാദം കൊടുക്കാമെങ്കില്‍ വിലയ്ക്ക് വാങ്ങിയ കിടപ്പാടവും കൃഷിയിടവും ഉടമയുടെ പേരിലാക്കി കൊടുക്കാന്‍ എന്താണ് നിയമതടസം എന്നതായിരുന്നു കളക്ടറോടുള്ള ചോദ്യം.
കളക്ടറേറ്റ് കയറിയിറങ്ങിയും ലാന്‍ഡ് ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉറച്ച നിലപാടുകളെടുത്തും അച്ചന് വീറോടെ പോരാട്ടം തുടര്‍ന്നു. അച്ചനു പിന്നില്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ പ്രക്ഷോഭത്തിന് അണിനിരന്നതോടെ ഉദ്യോഗസ്ഥരും ജന്മിയും തോറ്റു. ക്രമസമാധാനത്തെ ബാധിക്കുന്ന പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ കളക്ടറുടെ പ്രത്യേക ഉത്തരവില്‍ ഒരു രാത്രി മുഴുവന്‍ ഓഫീസിലിരുന്ന് പട്ടയം കൊടുക്കാനുള്ള ഫയലുകള്‍ ജീവനക്കാര്‍ എഴുതിത്തീര്‍ത്തു. അങ്ങനെ മലയോരജനത സ്വന്തം മണ്ണിന്റെ അവകാശം പേരില്‍ ചേര്‍ത്ത് കരം അടച്ചു.
അക്കാലത്താണ് 1979ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. വികാരിയച്ചന് സ്ഥാനാര്‍ഥിയാകണമെന്ന് പ്രദേശവാസികള്‍ ജാതിമതഭേദമെന്യേ നിലപാട് വച്ചു. കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവ് അനുവദിച്ചാല്‍ അതിന് തയാറാണെന്ന് അച്ചന് പറഞ്ഞു. അഗളിയില്നിന്നുള്ള പ്രതിനിധികള്‍ കോട്ടയത്തെത്തി കുന്നശേരി പിതാവിനെ കണ്ട് താത്പര്യം അറിയിച്ചപ്പോള്‍ പിതാവ് ഒന്നുരണ്ടു നിര്‍ദേശങ്ങള്‍ വച്ചു. ഒരു പാര്‍ട്ടിയുടെയും ലേബലില്‍ മത്സരിക്കരുത്, മറ്റാരും മത്സരത്തിനുണ്ടാവരുത്. ഒരു പാര്‍ട്ടിയും മത്സരിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകാരുടെയും മുസ്ലിം ലീഗിന്റെയും ഉറപ്പില്‍ അച്ചന് നോമിനേഷന് കൊടുത്തെങ്കിലും അവസാന നിമിഷം ഇതില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. ആ സ്ഥാനാര്‍ഥി അവസാന നിമിഷം പത്രിക പിന്‍വലിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.
നോമിനേഷന് പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നതിനാല്‍ അച്ചന് മത്സരരംഗത്തുനിന്നു പിന്മാറാന് സാധിച്ചില്ല. അച്ചനില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം സമ്മാനിച്ചു. 700 വോട്ടുകള്‍ പോള്‍ ചെയതതില്‍ 432 വോട്ടുകളോടെ പൂവ് ചിഹ്നത്തില്‍ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കല് അഗളി പഞ്ചായത്ത് മെംബറായി.
11 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതി പൊതുനിര്‍മാണ പദ്ധതികളുടെ ചുമതല അച്ചനെയാണ് ഏല്‍പ്പിച്ചിരുന്നത്. റോഡുകളും വീടുകളും വൈദ്യുതിയും ഉള്‍പ്പെടെ ഒട്ടേറെ വികസനം വാര്‍ഡില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അച്ചന് ഇപ്പോഴും ചാരിതാര്‍ഥ്യമുണ്ട്. നയാ പൈസ ഓണറേറിയം ഇല്ലാതിരുന്ന അക്കാലത്ത് ബൈക്കില്‍ സഞ്ചരിച്ചും മലകള്‍ നടന്നുകയറിയും വികാരിയച്ചന് പഞ്ചായത്ത് മെംബറുടെ സേവനവും നിര്‍വഹിച്ചു. നിരവധി ആദിവാസി ക്ഷേമ പദ്ധതികള്‍ ഫയലില്‍ മാത്രം എഴുതിയുണ്ടാക്കി വന്‍തുക തട്ടിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെയും കരാറുകാരെയും അച്ചന് ചോദ്യം ചെയ്തു.
രണ്ടു കനാലുകളുടെ നിര്‍മാണം നടത്താതെ സാമ്പത്തിക വര്‍ഷാവസാനം നാല്‍പ്പത്തിമൂവായിരം രൂപയുടെ വ്യാജരേഖയുണ്ടാക്കിയ കരാറുകാരനെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും അച്ചന് സമൂഹത്തിന് മുന്നില്‍ കൊണ്ടുവരിക മാത്രമല്ല പണം അനുവദിച്ചാല്‍ കൂട്ടുനിന്നവരെ ഒന്നാകെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നിലപാടെടുത്തു. ഇത്തരത്തില്‍ അട്ടപ്പാടിയിലെ അഴിമതി ധൂര്‍ത്ത് ഒരു പരിധി വരെ നിയന്ത്രിക്കാനായതില്‍ അച്ചന് സംതൃപ്തി. അക്കാലത്ത് നെയ്യാര്‍ഡാം പള്ളിയിലേക്ക് വികാരിയായി സ്ഥലംമാറ്റം ലഭിച്ചെങ്കിലും അഗളിയിലെ പഞ്ചായത്ത് മെംബറുടെ ചുമതലകളില്‍ അച്ചന് തെല്ലും വീഴ്ചവരുത്തിയില്ല. പിന്നീട് മലബാറിലെ വിവിധയിടങ്ങളില്‍ ഏറെക്കാലം സേവനമനുഷ്ഠിച്ചപ്പോള്‍ കുടിയേറ്റ ഗ്രാമങ്ങളില്‍ ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ മൈക്കിളച്ചന് മുന്നിലുണ്ടായിരുന്നു.
ഇക്കാലത്തെ തദ്ദേശ ജനപ്രതിനിധികളില്‍ പലരും അഴിമതിക്കുള്ള അവസരമായി പദവിയെയും രാഷ്ട്രീയത്തെയും കാണുന്നതില്‍ അച്ചന് ആശങ്കയുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത്രയേറെ രാഷ്ട്രീയ അതിപ്രസരം എന്തിനാണെന്ന് ഇദ്ദേഹം ചോദിക്കുന്നു. പ്രാപ്തിയും കഴിവും സത്യസന്ധതയുമുള്ളവരെ കക്ഷി മത്സരമില്ലാതെ തെരഞ്ഞെടുക്കണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഒരു നിര ഉദ്യോഗസ്ഥരും കരാറുകാരും മെംബര്‍മാരും ആസൂത്രിതമായ അഴിമതി നടത്തുന്ന സാഹചര്യം നിലനില്ക്കുന്നു. അനാസ്ഥമൂലം നിരവധി ഫണ്ടുകള്‍ ലാപ്സാകുന്നു. നാടിന്റെ അടിസ്ഥാന വികസന സാധ്യതയും സാഹചര്യവും ഇല്ലാതാകുന്നതായി അച്ചന് പറയുന്നു. തെള്ളകം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയാണ് ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കല്.
Kerala
തൃശൂർ: കോഴ വാങ്ങി കലോത്സവങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് കേരള ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ.
വിധികർത്താക്കളാകണമെങ്കിൽ തങ്ങൾ പറയുന്ന മത്സരാർഥിക്ക് ഒന്നാംസ്ഥാനം നൽകണമെന്ന് അഴിമതിക്കാർ ആവശ്യപ്പെട്ടെന്നും ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പല ജില്ലകളിലും കലോത്സവങ്ങൾ നടന്നപ്പോൾ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വോയ്സ് മെസേജുകളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതു തെളിവായി പരാതിനൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല.
തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ മാർഗംകളിയിൽ വിധികർത്താക്കളായി വന്നതു മോഹിനിയാട്ടം അധ്യാപകരാണ്. കലോത്സവത്തിന്റെ സുതാര്യത ഉറപ്പുവരുത്തണം. അതിനു നൃത്താധ്യാപകരുടെ സാന്പത്തികസ്രോതസിനെപ്പറ്റി അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.എസ്. സുരേഷ്, കലാഭവൻ അലി, ആർഎൽവി ജലജ മധുസൂദനൻ, ഫ്രാൻസിസ് വടക്കൻ, മത്തായി ജോസഫ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ചുമതലയുള്ള റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമായിരുന്നു പ്രധാന പരിശോധന.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക -അനധ്യാപക സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിലെ ഫയലുകളിൽ ഒട്ടേറെ ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണപ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണവും തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഫയലുകൾ പൂഴ്ത്തുന്നതായി കണ്ടെത്തി.ഇത്തരം ഫയലുകൾ നീക്കാൻ ഉദ്യോഗാർഥികളിൽനിന്നു കൈക്കൂലി കൈപ്പറ്റാറുണ്ടെന്നായിരുന്നു പരാതി.
ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ചില ഉദ്യാഗസ്ഥരെ സർവീസ് കണ്‍സൾട്ടന്റുകളായി നിയമിച്ചായിരുന്നു പണപ്പിരിവ്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായിനിന്ന് വലിയ തുക അധ്യാപകരിൽനിന്ന് കൈക്കൂലിയായി വാങ്ങുന്നുവെന്നും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സർവീസ് ആനുകൂല്യം അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നുവെന്നും പരാതി ഉയർന്നിരുന്നു.
ക്രമക്കേടുകൾ സംബന്ധിച്ച ഫയലുകളിൽ വിശദ പരിശോധന നടത്തിവരികയാണെന്നും കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ ക്രമക്കേടുകളുടെ ആഴം വ്യക്തമാകുകയുള്ളൂവെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.
ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞു വൈകിക്കുന്നതായും ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളൂവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ അഴിമതി ഉണ്ടാകില്ലെന്ന പൊതുധാരണയുണ്ട്. ഇതില്‍ മാറ്റം വരുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്കിയ പ്രോസിക്യൂഷന് അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചത് ചോദ്യം ചെയ്യുന്ന ഉപഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് ബദറുദ്ദീന്റെ വിമര്‍ശനം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
കോടതിയലക്ഷ്യത്തിന് കാരണമാകുന്ന നടപടിയുണ്ടായിട്ടുള്ള വ്യക്തമായ കേസാണിത്. ഇക്കാര്യം കോടതി ഉത്തരവില്‍ എഴുതിയേക്കാമെന്നും വ്യക്തമാക്കിയാണ് സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചത്.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് പരാതി.
ഹൈക്കോടതി നിര്‍ദേശ പ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതികള്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റം ഉണ്ടെന്നതിന് തെളിവില്ലാത്ത സാഹചര്യത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മൂന്നു തവണയും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത്.
എന്നാല്‍, എന്തിനാണ് സര്‍ക്കാര്‍ ഈ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.
National
ന്യൂഡൽഹി: കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷനിൽ കണ്ടെത്തിയ വൻ അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി കേന്ദ്രം. 15 സംസ്ഥാനങ്ങളിലായി 822 കരാറുകാർക്കും 596 ഉദ്യോഗസ്ഥർക്കുമെതിരേയാണു നടപടിയെടുത്തത്. പരിശോധന നടത്തിയ 152 ഏജൻസികൾക്കെതിരേയും സർക്കാർ നടപടി സ്വീകരിച്ചു. യുപി അടക്കമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ കത്തിന് മറുപടി നൽകിയെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.
കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ (ജെജെഎം) പദ്ധതിപ്രകാരം ഗ്രാമീണ വീടുകളിലേക്ക് വ്യക്തിഗത പൈപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിലാണ് വലിയ തോതിൽ അഴിമതി കണ്ടെത്തിയത്. രാജ്യത്താകെ നടപ്പാക്കിയ 14,586 ജെജെഎം പദ്ധതികൾക്കായി മൊത്തം 16,839 കോടി രൂപയുടെ അധികച്ചെലവുണ്ടായതായി കഴിഞ്ഞ ഒക്ടോബർ 21ന് ദീപിക ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കണക്കാക്കിയ നിർമാണച്ചെലവിൽനിന്ന് 14.58 ശതമാനം വർധനയുണ്ടായതിൽ അഴിമതി വ്യക്തമായിരുന്നു. സാന്പത്തിക ക്രമക്കേടുകളും മോശം ഗുണനിലവാരവുമാണ് മിക്കയിടത്തും അന്വേഷണത്തിൽ കണ്ടെത്തിയത്. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലഭിച്ച 16,634 പരാതികളിൽ 14,264 എണ്ണത്തിലും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലായി 822 കരാറുകാർ, 596 ഉദ്യോഗസ്ഥർ, 152 തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസികൾ എന്നിവർക്കെതിരേ നടപടിയെടുത്തത്. വിശദ പരിശോധനയ്ക്കുശേഷം കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകും. സിബിഐ, ലോകായുക്ത, മറ്റ് അഴിമതിവിരുദ്ധ ഏജൻസികൾ എന്നിവ എഴ് അനുബന്ധ കേസുകൾ പരിശോധിച്ചുവരികയാണ്. യുപിയിലാണ് ഏറ്റവും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
കുടിവെള്ള വിതരണത്തിലെ അഴിമതിയെക്കുറിച്ച് ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനമായ 14,264 പരാതികൾ ഉത്തർപ്രദേശിൽനിന്നാണ്. ആസാം 1,236 പരാതികളുമായി രണ്ടാമതും 376 പരാതികളുമായി ത്രിപുര മൂന്നാം സ്ഥാനത്തുമാണ്. അന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് യുപിയിൽ 171 ഉദ്യോഗസ്ഥർക്കെതിരേയും രാജസ്ഥാനിൽ 170 ഉദ്യോഗസ്ഥർക്കെതിരേയും മധ്യപ്രദേശിൽ 151 ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടായി. ത്രിപുരയിൽ 376 കരാറുകാർക്കെതിരേയും പശ്ചിമബംഗാളിൽ 142 കരാറുകാർക്കെതിരേയും നടപടിയെടുത്തപ്പോൾ യുപിയിൽ 143 കരാറുകാർക്കെതിരേ മാത്രമാണു നടപടിയെടുത്തത്.
രാജ്യത്തുടനീളമുള്ള ജെജെഎം പദ്ധതികളുടെ "ഗ്രൗണ്ട് ഇൻസ്പെക്ഷൻ’ നടത്തുന്നതിനായി നൂറിലധികം നോഡൽ ഓഫീസർമാരുടെ ടീമുകളെ കേന്ദ്രം നേരത്തേ നിയോഗിച്ചിരുന്നു. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ശുചിത്വ വകുപ്പാണ് (ഡിഡിഡബ്ല്യുഎസ്) പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. അതത് സംസ്ഥാനത്തെ ജെജെഎം പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേടുകളും ഗുണനിലവാരത്തിലെ വീഴ്ചകളും സംബന്ധിച്ച് സംസ്ഥാനം നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങളും കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികളും സംബന്ധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു കേന്ദ്രനിർദേശം. കഴിഞ്ഞ മാസം 20നകം റിപ്പോർട്ട് നൽകാനായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്രം നിർദേശിച്ചത്.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, നാഗാലാൻഡ്, പുതുച്ചേരി, ദാദ്ര- നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽനിന്നു കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. യുപി, ആസാം, ത്രിപുര എന്നിവയ്ക്കു പുറമെ ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മണിപ്പുർ, മേഘാലയ, മിസോറം, ലഡാക്ക് എന്നിവയാണു വിവരം കൈമാറിയത്.
കഴിഞ്ഞ വർഷത്തോടെ രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനുകൾ നൽകുകയെന്ന ഉദ്ദേശ്യത്തോടെ 2019ൽ കേന്ദ്രം ആരംഭിച്ചതാണ് ജൽ ജീവൻ മിഷൻ പദ്ധതി. എന്നാൽ 2028 വരെ പദ്ധതി തുടരുമെന്ന് കഴിഞ്ഞ കേന്ദ്രബറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേന്ദ്രത്തിന്റെ പ്രധാന പദ്ധതികളിലൊന്നായ ജെജെഎമ്മിന് കേന്ദ്രമന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
Kerala
കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയുടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
International
ബെയ്ജിംഗ്: അഴിമതി ആരോപണത്തെ തുടർന്നു രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.
സൈന്യത്തിലെ മൂന്നാം സ്ഥാനീയനായിരുന്ന ജനറൽ ഹി വീഡോംഗിനെയും നാവികസേനാ അഡ്മിറലായ മിയാവോ ഹുവയുമാണ് സൈന്യത്തിൽ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടത്.
ഗുരുതര അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കിയത്. 1976ലെ സംസ്കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിംഗ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട ഹി വിഡോംഗ്.
Leader Page
സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.
മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.
ചെക്ക്പോസ്റ്റുകൾ പൂട്ടണം
ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കണം
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്‍കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.
എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്റുമാരുടെ സഹായം ആവശ്യമാണ്. ഏജന്റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി
ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്‍കാത്തതെന്ന ആരോപണം ശക്തമാണ്.
ഓവർലോഡിനും വീതംവയ്പ്
ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്‍കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.
വാഹൻ സോഫ്റ്റ്വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.
Editorial