കൊച്ചി: സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ അഴിമതി ഉണ്ടാകില്ലെന്ന പൊതുധാരണയുണ്ട്. ഇതില്‍ മാറ്റം വരുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്കിയ പ്രോസിക്യൂഷന് അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചത് ചോദ്യം ചെയ്യുന്ന ഉപഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് ബദറുദ്ദീന്റെ വിമര്‍ശനം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
കോടതിയലക്ഷ്യത്തിന് കാരണമാകുന്ന നടപടിയുണ്ടായിട്ടുള്ള വ്യക്തമായ കേസാണിത്. ഇക്കാര്യം കോടതി ഉത്തരവില്‍ എഴുതിയേക്കാമെന്നും വ്യക്തമാക്കിയാണ് സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചത്.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് പരാതി.
ഹൈക്കോടതി നിര്‍ദേശ പ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതികള്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റം ഉണ്ടെന്നതിന് തെളിവില്ലാത്ത സാഹചര്യത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മൂന്നു തവണയും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത്.
എന്നാല്‍, എന്തിനാണ് സര്‍ക്കാര്‍ ഈ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.