ഇടതുപക്ഷ വിരുദ്ധമായിരുന്നു ചില സമയങ്ങളിൽ മത-വർഗീയ സംഘടനകളുമായുള്ള ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പെരുമാറ്റങ്ങൾ. തൃശൂർ പൂരം കലക്കുന്നതിൽ എന്തെല്ലാമോ സംശയാസ്പദമായ സംഗതികൾ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് ബഹുഭൂരിഭാഗം കേരളീയരും. അതുപോലെ ആർഎസ്എസ് എന്ന ഹിന്ദുത്വവാദ സംഘടനയുടെ രണ്ടാമനായ നേതാവിനെ, സിപിഎമ്മിന്റെ രണ്ടാമനായ നേതാവ് പോയി കണ്ടതും ചായ കുടിച്ചതും കേരളീയ ജനത വളരെ നിഷ്കളങ്കമായ ഒരു കാര്യമായിട്ടല്ല കണ്ടത്. ഇതിനൊക്കെ നേതൃത്വം കൊടുത്തതത് ഒരു പോലീസ് ഓഫീസറാണ്. എങ്കിലും നമുക്കെല്ലാവർക്കും അറിയാം, ഉദ്യോഗസ്ഥർ ഇത്തരം വഴിവിട്ട പ്രവൃത്തികൾ ചെയ്യണമെങ്കിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലം വേണമെന്ന്.
ബിജെപിയുടെ നേതാക്കൾ ഉൾപ്പെട്ട വലിയ സാമ്പത്തിക അഴിമതിക്കേസുകൾ പുകയായും ആവിയായും പോയത് സ്വാഭാവികമായാണെന്ന് ഒരാളും വിശ്വസിച്ചിട്ടില്ല. തിരിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരായ സാമ്പത്തിക അഴിമതി കേസുകൾ തേഞ്ഞുമാഞ്ഞു പോകാൻ തുടങ്ങുന്നത് അതിൽ തെളിവൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് ആരും കരുതുന്നുമില്ല. ഒരുകാലത്ത് അഴിമതിവിരുദ്ധതയ്ക്ക് പേരുകേട്ട ഒരു രാഷ്ട്രീയ കക്ഷി അതിന്റെ ചളിക്കുഴികളിൽ വീണുകിടക്കുന്നു എന്നുള്ള ബോധവും ജനതയ്ക്കുണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ് ഈ നെടുങ്കൻ പരാജയം. ആരും ഒന്നും മറന്നിട്ടില്ല. ഇത്തരത്തിലുള്ള കപടനാടകങ്ങൾ ജനമനസിൽ മങ്ങാതെ കിടക്കുന്നു എന്നതാണ് 102/35 എന്ന കണക്ക് ഉറപ്പിച്ചുപറയുന്നത്.
ഒരു ഇടതുപക്ഷ പാർട്ടിക്ക് ചേരാത്തവിധമുള്ള ധൂർത്തും കെടുകാര്യസ്ഥതയുമാണ് ഭരണത്തിലുടനീളം പ്രകടമായിരുന്നത്. ആശാ വർക്കർമാരോട് ഒരു കൊല്ലത്തോളം മുഖം തിരിച്ചിരുന്ന സർക്കാർ, നവകേരള ബസ് വാങ്ങാനും ആഗോള അയ്യപ്പസംഗമം നടത്താനും അതിതാര (Super Star)വുമായുള്ള അഭിമുഖം നടത്താനും പൗരപ്രമുഖന്മാരെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും തേടിപ്പിടിച്ച് സമൃദ്ധമായ ഭക്ഷണത്തോടുകൂടി സൽക്കരിക്കാനും തൊഴുത്ത് കെട്ടാനും പശുവിനെ പോറ്റാനുമൊക്കെ ധൂർത്ത് കാണിച്ചത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ക്ഷേമപെൻഷൻ മുടങ്ങിയതിനെക്കുറിച്ച് വല്ലാതെ ശകാരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ വക്താക്കൾ തങ്ങളുടെ കാലത്ത് പലതവണ ഇതു മുടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം മറച്ചുവയ്ക്കുകയാണ് ചെയ്തത്. എന്നിട്ട് മൂന്നും നാലും ഗഡുക്കൾ ഓണത്തിനും വിഷുവിനും ക്രിസ്മസിനും പെരുന്നാളിനും കൂട്ടിച്ചേർത്ത് കൊടുക്കുമ്പോൾ സർക്കാരിന്റെ സമ്മാനം എന്ന ലേബലിലാണ് കൊടുത്തിരുന്നത്. അത് ഒരു ചതിയാണ്. ക്ഷേമപെൻഷൻ സമ്മാനമല്ല, അവകാശമാണ്.
പാർട്ടിവത്കരിക്കപ്പെട്ട അഴിമതി
പാർട്ടിവത്കരിക്കപ്പെട്ട അഴിമതി വ്യാപകമായി എന്നതും അത് എല്ലാവർക്കും മനസിലാകുംവിധം പ്രകടമായി എന്നതുമാണ് ഈ ഭരണകാലത്തിന്റെ മറ്റൊരു നേട്ടം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് അനർഹമായി കിട്ടുന്ന മാസപ്പടിയെക്കുറിച്ചുള്ള വാർത്തകൾ കുറേക്കാലം കേരളത്തിൽ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തിന്റെ അന്തഃപുരങ്ങളിൽപോലും പ്രവേശനമുണ്ടായിരുന്നവർ പിന്നീട് വെളിപ്പെടുത്തിയതും അഴിമതിക്കഥകൾ തന്നെ. ഒടുവിലത് ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികളും മറ്റും കളവുപോകുന്ന ഞെട്ടിക്കുന്ന അവസ്ഥയിലെത്തി. കരുവന്നൂർ ബാങ്ക് കൊള്ള മുതൽ സഹകരണ രംഗത്തു നടന്ന പലതരം കെടുകാര്യസ്ഥതകളെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. എന്തിനും ഏതിനും ഓടിയെത്തുന്ന കേന്ദ്ര ഏജൻസികൾ ഇത്തരം കാര്യങ്ങളിൽ ഉദാസീനത കാണിക്കുന്നത് നമ്മൾ കണ്ടു. ബിജെപി പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രന്റെ പേരിൽ ഉയർന്ന കറുത്ത പെട്ടി വിവാദവും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി വിവാദവും എവിടെയെത്തിയെന്ന് നമുക്കാർക്കുമറിയില്ല. പ്രാദേശികമായും ഗ്രാമഗ്രാമാന്തരങ്ങളിൽ ചെറിയ റോഡുകളും കലുങ്കുകളും നിർമിക്കുന്നതിലെ വരെ അഴിമതിയിലേക്കും ഈ സംശയങ്ങൾ നീണ്ടു.
അമിതാധികാരം അമിതമായി ദുഷിപ്പിക്കും
മുന്നണി ഭരണത്തിന്റെ ജനാധിപത്യവത്കരണം സാമാന്യം ഫലപ്രദമായി കമ്യൂണിസ്റ്റ് പാർട്ടികൾ കൊണ്ടുനടക്കുകയായിരുന്നു. സോഷ്യലിസ്റ്റുകളും അതിൽ പങ്കാളികളായി. അങ്ങിനെ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഉടലെടുക്കുകയും ചെയ്തു. സാങ്കേതികാർഥത്തിൽ വലതുപക്ഷം എന്നൊന്നും വിളിക്കാൻ കഴിയില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ മറ്റൊരു മുന്നണിയും കേരളത്തിൽ നിലവിൽ വന്നു. രണ്ടു മുന്നണികളെയും മാറിമാറി വരിക്കുന്ന കേരളത്തിന്റെ ജനാധിപത്യബോധം കുറെയൊക്കെ ആരോഗ്യകരമായിരുന്നു; കുറ്റമറ്റതാണ് എന്നു പറയുന്നില്ലെങ്കിലും. ഇതിനൊരു ഭംഗം വന്നതാണ് 2016ൽ നമ്മൾ കണ്ടത്. അധികാരം ആരെയും ഭ്രമിപ്പിക്കും. അത് ദുഷിപ്പിക്കും. അമിതാധികാരം അമിതമായി ദുഷിപ്പിക്കും. വളരെ പഴയൊരു സന്ദേശമാണിത്.
സിപിഐ ഒഴികെയുള്ള ഘടകകക്ഷികൾ വളരെ ദുർബലമായത് സിപിഎമ്മിന് അദൃശ്യമായി ഭരിക്കാൻ ധൈര്യം നൽകി. കമ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗതമായ ഏകശിലാ രൂപത്തിന് പകരമായിരുന്നു മുന്നണി സംവിധാനം. ഇത്തവണ സിപിഎം മാത്രം മുഖ്യമാവുകയും മുഖ്യമന്ത്രി ഏതാണ്ട് ഏകാധിപതിയാവുകയും ചെയ്തതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ബാക്കിപത്രം. ആരും ചോദ്യംചെയ്യാനില്ലാത്തതും എല്ലാവരും വാഴ്ത്തുന്നതുമായ ഒരു അധികാര കേന്ദ്രം രൂപപ്പെട്ടു. പ്രായത്തിന്റേതടക്കമുള്ള പാർട്ടിയുടെ തീരുമാനങ്ങൾ അദ്ദേഹത്തിനായി മാറ്റിയെഴുതി. കാരണഭൂതനായും ക്യാപ്റ്റനായും വാഴ്ത്തപ്പെടുമ്പോൾ പഴയ രാജാക്കന്മാരെപ്പോലെ അതിലൊരു സുഖം അദ്ദേഹം അനുഭവിച്ചു. താനൊരു പ്രഭുവാണെന്നും മറ്റുള്ളവരെ ഏത് ഭാഷ ഉപയോഗിച്ചും തനിക്ക് ചീത്ത പറയാമെന്നും ഉള്ള ആഢ്യബോധം അദ്ദേഹത്തിൽ നിറഞ്ഞു.
അണികളുടെ അസംതൃപ്തി
ഇതെല്ലാം കാണാനും അറിയാനും മനസിലാക്കാനും കഴിവുള്ളവരാണ് മലയാളികൾ എന്ന തിരിച്ചറിവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായില്ല എന്നു വേണം കരുതാൻ. ജനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രധാനമായും സിപിഎമ്മിന്റെ അണികളിൽ അദൃശ്യവും ശക്തവുമായ അസംതൃപ്തിയും രോഷവും ഉടലെടുത്തുകൊണ്ടിരുന്നു. ജനങ്ങളുടെ ഇംഗിതങ്ങൾ മനസിലാക്കാൻ മാത്രം നേതൃത്വത്തിന് അവർക്കിടയിൽ പ്രവർത്തിച്ച പരിചയം കുറഞ്ഞതാണ് മാറ്റം മനസിലാകാതെ പോയതിനു കാരണം. അണികളെ എങ്ങനെയും ആട്ടിത്തെളിച്ചു കൊണ്ടുപോകാം എന്ന ധിക്കാരം നേതൃത്വത്തിനുണ്ടായി. ജനങ്ങളോട് പെരുമാറുമ്പോൾ വിനയം വേണമെന്ന് ഒരു പ്ലീനത്തിൽ പ്രമേയം പാസാക്കേണ്ടിവന്നു!
യുഡിഎഫിനോട്...
ഇനി വിജയികളോടാണ്. നിങ്ങൾപോലും പ്രതീക്ഷിക്കാത്ത വിജയമാണ് കിട്ടിയത് എന്നു പറഞ്ഞാൽ അത് വാസ്തവമാകില്ല. കാരണം, അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ, നൂറിലധികം സീറ്റുകളിൽ ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് ഏതോ തരത്തിൽ അന്വേഷിച്ചിട്ടാകാനാണ് സാധ്യത. വെറുമൊരു ആവേശത്തിൽ പറഞ്ഞതായിരിക്കില്ല. എന്തായാലും ഈ വിജയം യുഡിഎഫിനെ കൂടുതൽ വിനയമുള്ളവരാക്കണം. നിങ്ങളുടെ ഈ വിജയത്തിന്റെ ആയുസ് അഞ്ചു കൊല്ലത്തേക്ക് മാത്രമാണ് എന്ന തിരിച്ചറിവായിരിക്കണം ഇനിയുള്ള അഞ്ചുകൊല്ലം വഴിവിളക്കായിരിക്കേണ്ടത്. യദുകുലത്തെപ്പോലെ തമ്മിൽത്തല്ലി മരിക്കാനാണെങ്കിൽ ഞങ്ങൾ, കേരള ജനത, നിങ്ങൾക്ക് മാപ്പ് തരില്ല. ഫലം വരുന്നതിനു മുമ്പുതന്നെ തുടങ്ങിയ മുഖ്യമന്ത്രിചർച്ച തീർത്തും അരോചകമായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ചുവർഷം ഈ മുന്നണിയെ നയിച്ച വി.ഡി. സതീശനാണ് അതിന് ഏറ്റവും അർഹൻ എന്ന കാര്യത്തിൽ കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും സംശയമൊന്നുമില്ല. കെ. സുധാകരന്റെ കാര്യത്തിലും അടൂർ പ്രകാശിന്റെ കാര്യത്തിലും ഉചിതമായ തീരുമാനമെടുത്ത കോൺഗ്രസിന്റെ ഹൈക്കമാൻഡ് അതേ തീരുമാനംതന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിലും എടുക്കുമെന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്. എംപിമാരെ മത്സരിക്കാൻ അന്ന് അനുവദിച്ചില്ല. എംപിമാരെ രാജിവയ്ക്കാനും അനുവദിക്കാതിരിക്കുക.
എന്തുതന്നെയായാലും നമ്മുടെ ജനാധിപത്യം ഏതാണ്ടൊക്കെ ആരോഗ്യത്തോടുകൂടി തന്നെയാണ് നിലനിൽക്കുന്നത് എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ‘അതിദാരിദ്ര്യ നിർമാർജനം’ തുടങ്ങിയ വ്യാജനിർമിതികൾ കേരളത്തിന്റെ യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്നതാണ്. ഇവിടെ ഇപ്പോഴും കഷ്ടപ്പെടുന്നവരും ദരിദ്രരും രോഗം വന്നാൽ ചികിത്സിക്കാൻ പണമില്ലാത്തവരും വിലക്കയറ്റംകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയാത്തവരും ഉണ്ട്. അവരുടെ ഭാഗത്തുനിന്നുള്ള പദ്ധതികളും വികസനവുമാകട്ടെ പുതിയ സർക്കാരിന്റെ കേന്ദ്രപ്രമേയം. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വികസന സങ്കല്പങ്ങൾ നിങ്ങളെ നയിക്കട്ടെ. എം.എൻ. വിജയൻ മാഷിന്റെ മറ്റൊരു നിരീക്ഷണത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം: “തൊഴിലും തൊഴിലാളിവർഗവും ഇല്ലാതാകുന്നില്ല. അവ ലോകത്തെ നിർമിക്കുന്ന വഴിയുടെയും വർഗങ്ങളുടെയും പേരുകളാണ്. കഠിനമായി തൊഴിൽ ചെയ്യുകയും എന്നിട്ട് പട്ടിണി കിടന്ന് മരിക്കുകയും ചെയ്യേണ്ടിവരുന്ന കോടികൾ ലോകത്തെമ്പാടുമുണ്ട്. അവർ സംഘടിതരല്ല. മുഖ്യധാരയിൽ അവർക്ക് പ്രവേശനമില്ല. അവരുടെ ശബ്ദം ആരും കേൾക്കുന്നില്ല.സംഘടിത തൊഴിലാളിവർഗത്തിന്റെ തൊഴിൽ നഷ്ടം മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. അവരുടെ സംരക്ഷണം പ്രശ്നമാകുന്നു. പതുക്കെ അവർ ഭരണവ്യവസ്ഥയുടെ ഭാഗമാവുകയും അത് രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴും തൊഴിലെടുത്തിട്ടും വിശന്നു മരിക്കുന്ന വളരെ വലിയ ഒരു ജനതയെ ആരും കാണുന്നില്ല.”
സിപിഎമ്മിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ടവരുടെ അറിവില്ലായ്മയും മണ്ടത്തരങ്ങളും വലിയൊരു പരിധി വരെ ജനങ്ങളെ മടുപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനൽ ചർച്ചകളിലൊക്കെ മറുഭാഗം ഉന്നയിക്കുന്ന വാദങ്ങൾക്ക് ഒരുതരത്തിലുള്ള മറുപടിയും കൊടുക്കാൻ കഴിയാതെ പരിഹാസ്യരാവുന്ന കുറേയധികം വക്താക്കളെ ജനം കണ്ടതാണ്. ന്യായീകരിച്ച് മടുത്ത്, അക്സർ വക്കീലിനെ പോലുള്ളവർ മറുകണ്ടം ചാടി രക്ഷപ്പെട്ടത് ഓർക്കുക. അതുപോലെ പോളിറ്റ് ബ്യൂറോയിലെയടക്കം നേതാക്കന്മാരുടെ ആലോചനയില്ലാത്ത പ്രസ്താവനകളും വെറുപ്പ് ഉത്പാദിപ്പിക്കുന്ന പ്രതികരണങ്ങളും കേരള സമൂഹത്തെ മുഴുവൻ പൂച്ഛിക്കുന്ന തരത്തിലുള്ള ചിരികളും വലിയ അകൽച്ചകൾ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.
തീർച്ചയായും യുഡിഎഫിന്റെ മാത്രം വോട്ടുകൊണ്ടോ വ്യക്തിഗതമായ വോട്ടുകൊണ്ടോ മാത്രമല്ല കോൺഗ്രസിനും കൂട്ടുകാർക്കും ഇത്ര വലിയൊരു തെരഞ്ഞെടുപ്പ് വിജയം ലഭിച്ചത്. തെരഞ്ഞെടുപ്പ് ദിനം ജനങ്ങളുടെ അധികാരത്തിന്റെ ദിനമാണ്.
പല കാരണങ്ങൾകൊണ്ട് തങ്ങളുടെ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആവാതെ വീർപ്പുമുട്ടുന്ന ജനത ആ ദിവസം എല്ലാം തീരുമാനിക്കുന്നവരാകുന്നു. മനുഷ്യന് അബോധമനസുണ്ട് എന്നതുപോലെ, സമൂഹത്തിനും അബോധമനസുണ്ട് എന്ന് മനഃശാസ്ത്രജ്ഞനായ യുങ് സിദ്ധാന്ത വത്കരിച്ചിട്ടുണ്ടല്ലോ. ഈ സമൂഹാബോധമനസിലേക്ക് തിരിച്ചറിവിന്റെ അടരുകൾ ചെന്നുചേരുന്നുണ്ട്. ആവശ്യമാകുന്ന സമയത്ത് പൊതുബോധമായി അത് ഉണരുകയാണു ചെയ്യുക. ഇത് വാസ്തവത്തിൽ അബോധപൂർവമായി നടക്കുന്ന ഒരു പ്രക്രിയ ആയിട്ടാണ് യുങ് കാണുന്നത്. കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ നടന്നത് അതാണ്. ജനങ്ങളുടെ പൊതു അബോധമനസ് (Collective Unconscious) അതുവരെ ആർജിച്ച സാമൂഹികാബോധത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മനഃശാസ്ത്രപരമായ അർഥം.
ഈ വലിയ പരാജയത്തിൽനിന്ന്, തിരിച്ചടിയിൽനിന്ന്, പരിശോധിക്കേണ്ടത് പരിശോധിക്കുമെന്നും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുമെന്നുമാണ് നേതൃത്വം ഇപ്പോഴും പറയുന്നത്. തെറ്റുണ്ട് എന്ന് അവർക്ക് എന്നിട്ടും ബോധ്യമായിട്ടില്ല. കമ്മിറ്റി കൂടി തീരുമാനിച്ചാലേ ബോധ്യമാകൂ. ജനങ്ങൾ ഉദാസീനമായി വോട്ട് ചെയ്തതുകൊണ്ടാണ് ഇടതുപക്ഷം തോറ്റത് എന്ന് ഒരു യുവനേതാവ് പറഞ്ഞത് കേട്ടു. എത്ര നിരുത്തരവാദപരമായ പ്രസ്താവന! ഈ ഇടതുപക്ഷത്തെ ഏതു കാര്യത്തിലും ഒരാലോചനയും ഇല്ലാതെ ന്യായീകരിച്ചിരുന്ന ഒരു എഴുത്തുകാരൻ, അമ്പലപ്പുഴയിലെ ജി. സുധാകരന്റെയും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന്റെയും വിജയങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് എഴുതിയത്. ജനങ്ങളുടെ തിരിച്ചറിവിനെയും രാഷ്ട്രീയബോധത്തെയും ധാരണകളെയും വിലകുറച്ചു കാണുന്ന ഇത്തരം വമ്പന്മാർ വാഴുമ്പോൾ, തിരുത്തലുകളും പുനരാലോചനകളും വ്യർഥമാകാനേ ഇടയുള്ളൂ. എങ്കിൽ നിങ്ങൾ ജനങ്ങളെ പിരിച്ചുവിട്ടേക്കൂ എന്ന വളരെ പ്രശസ്തമായ ഒരു കവിവാക്യമുണ്ട്. അതുതന്നെയാണ് ഇവിടെ മറുപടിയായി പറയാനുള്ളത്.
(അവസാനിച്ചു)
Tags : Anti-Leftism wastefulness corruption