ഭോപ്പാൽ: മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനിൽ, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സർക്കാർ വികസന പദ്ധതികളെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ ചോർത്തിയാണ് ഈ ഭൂമി ഇടപാടുകൾ നടത്തിയതെന്നാണ് പ്രധാന ആരോപണം. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ട് ഇപ്പോൾ ദേശീയ തലത്തിൽ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം 2023 മുതൽ മുഖ്യമന്ത്രി മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്റെ ഭാര്യ, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരുടെ പേരുകളിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ വരാനിരിക്കുന്ന വികസന പദ്ധതികൾക്കായി മാറ്റിവെച്ച ഭൂമിയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയത്.
വാങ്ങിക്കൂട്ടിയ ഭൂമിയിൽ പലതും ഇതിനകം തന്നെ വൻകിട ഹൗസിംഗ് പ്രൊജക്ടുകളാക്കി മാറ്റി വലിയ ലാഭം കൊയ്യാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ ആരംഭിച്ചതായും വിമർശനമുണ്ട്. വികസനത്തിന്റെ മറവിൽ നടന്ന ഈ വൻ ഭൂമി ഇടപാട് വിവരങ്ങൾ പുറത്തുവന്നതോടെ മധ്യപ്രദേശിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഗുരുതരമായ ഈ അഴിമതി ആരോപണങ്ങളോട് മുഖ്യമന്ത്രി മോഹൻ യാദവോ അദ്ദേഹത്തിന്റെ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tags : Mohan Yadav Madhya Pradesh Corruption Scandal