എൻടിഎ
ന്യൂഡൽഹി: നെറ്റ് പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎയുടെ പക്കൽ മാത്രം ലഭ്യമാക്കേണ്ട നൂറോളം പേജ് വരുന്ന പിഡിഎഫ് വ്യാപകമായി പ്രചരിച്ചിരുന്നതായി ആരോപണം.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് ദേശീയ പരീക്ഷാ ഏജൻസിക്കും കേന്ദ്രസർക്കാരിനുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്. യഥാർഥ സോഷ്യോളജി പരീക്ഷയിലെ ചോദ്യങ്ങളുമായി ഈ പിഡിഎഫിലെ 90നടുത്ത് ചോദ്യങ്ങൾ ഒത്തുപോകുന്നതായും രാഹുൽ ആരോപിച്ചു.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപയ്ക്കാണ് ഈ പിഡിഎഫ് ഫയൽ വിറ്റതെന്നും, വരാനിരിക്കുന്ന മറ്റു പരീക്ഷകളുടെ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് ഇതേ ശൃംഖല അവകാശപ്പെട്ടതായും രാഹുൽ പറഞ്ഞു.
പ്രചരിച്ചതായി ആരോപിക്കുന്ന പിഡിഎഫിന്റെ ചിത്രമടങ്ങിയ മാധ്യമവാർത്ത ഉൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. സമാന ആരോപണങ്ങളുമായി ചില വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ വ്യാപക ക്രമക്കേട് സംഭവിച്ചെന്നു വിദ്യാർഥികൾ ഉൾപ്പെടെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യം ചോർന്നതായി ആദ്യമായാണ് ആരോപണമുയരുന്നത്. ആരോപണങ്ങളിൽ എൻടിഎ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.