മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ഗഫൂര്‍
കൊച്ചി: കേരള റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 47-ാം ജനറല്‍ അസംബ്ലി ഇന്നുമുതല്‍ 12 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ഇന്നു രാവിലെ 11ന് മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.
കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍, ദീപക് ജോയ് എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും.
‘ജൂബിലിനിറവില്‍ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഡോ. ബിജു ടെറന്‍സ് മുഖ്യപ്രഭാഷണം നടത്തും. ദശവത്സര അജപാലനരേഖ രൂപീകരണത്തിനായുള്ള ചര്‍ച്ച കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ നയിക്കും. മന്ത്രി റോജി എം. ജോണ്‍ സന്ദേശം നല്‍കും.
നാളെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണം, പാനൽ ചർച്ച, ജെ.ബി. കോശി കമ്മീഷന് റിപ്പോർട്ടിന്റെ അവലോകനം, ഓപ്പണ്‍ ഫോറം എന്നിവയുണ്ടാകും. 12ന് സംസ്ഥാന രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും.
ഉച്ചയ്ക്കു നടക്കുന്ന സമാപനസമ്മേളനത്തില്‍ വിശ്വാസ പരിശീലന സ്കോളര്‍ഷിപ്പുകള്‍ സമ്മാനിക്കും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്‍കും.
കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി യോഗം നടന്നു.
Tags : KRLCC GeneralAssembly