കൊച്ചി: തീരപ്രദേശത്തു താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള് പരിഹരിക്കുന്നതിന് സര്ക്കാര് മുന്കൈയെടുക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുള് ഗഫൂര്. കേരള റീജൺ ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) 47-ാം ജനറല് അസംബ്ലി ഇടക്കൊച്ചി ആല്ഫാ പാസ്റ്ററല് സെന്ററില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന് സമുദായം മുന്നോട്ടുവയ്ക്കുന്ന ന്യായമായ അവശ്യങ്ങള് പരിഗണിക്കും. മത്സ്യത്തൊഴിലാളികള്ക്കായി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സര്ക്കാര് നടപ്പാക്കാന് ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെആര്എല്സിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് അധ്യക്ഷനായിരുന്നു. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില് അനുഗ്രഹപ്രഭാഷണം നടത്തി. എംഎല്എമാരായ ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, കെആര്എല്സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല് സെക്രട്ടറി ഡോ. ജിജു ജോര്ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്ഡ മൈക്കിള് എന്നിവര് പ്രസംഗിച്ചു.
‘ജൂബിലിനിറവില് നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില് ഡോ. ബിജു ടെറന്സ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് അതിരൂപത വികാരി ജനറല് മോണ്. ജെന്സണ് പുത്തന്വീട്ടില് മോഡറേറ്ററായിരുന്നു. വൈകുന്നേരം മന്ത്രി റോജി എം. ജോണ് അസംബ്ലിയെ അഭിസംബോധന ചെയ്തു .
ഇന്നു പ്രവര്ത്തനറിപ്പോര്ട്ട്, വിവിധ ശുശ്രൂഷാസമിതികളുടെ അവലോകനം, പാനല് ചര്ച്ച, ജെ.ബി. കോശി കമ്മീഷന് റിപ്പോട്ട് അവലോകനം, ഓപ്പണ് ഫോറം എന്നിവയുണ്ടാകും.
സമാപനദിനമായ നാളെ രൂപത, സംസ്ഥാന രാഷ്ട്രീയകാര്യസമിതികളുടെ റിപ്പോർട്ട് അവതരണം. ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് സമാപനസന്ദേശം നല്കും. സമ്മേളനത്തില് വിശ്വാസ പരിശീലന സ്കോളര്ഷിപ്പുകള് സമ്മാനിക്കും.