പാലാ: ദേശീയ, സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബ്രില്ല്യന്റിലെ വിദ്യാർഥികളെ ആദരിക്കാൻ നാളെ ‘ടെക്ക് കോണ്ക്വർ 2026’ സംഘടിപ്പിക്കുന്നു.
രാവിലെ ഒമ്പതു മുതൽ മുത്തോലി ബ്രില്ല്യന്റ് ഡി ബ്ലോക്ക് കാന്പസിലെ ഡയമണ്ട് ഓഡിറ്റോറിയത്തിലാണ് വിക്ടറി ഡേ ആഘോഷം. എൻജിനിയറിംഗ് പ്രവേശനപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആയിരത്തോളം കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ മൂവായിരത്തിലധികംപേർ പങ്കെടുക്കും.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിൽ ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, കീം, ഐസർ, സിയുഇടി പരീക്ഷകളിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ബ്രില്ല്യന്റ് സ്റ്റഡിസെന്ററിന്റെ സ്നേഹോപഹാരമായി ഗോൾഡ്മെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കും.
ജെഇഇ അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റോഷൻ രാജുവിന് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലുമാണ് സമ്മാനം നൽകുന്നത്. കീം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ധ്യാൻ തേജ് മണപ്പാട്ടിക്ക് അഞ്ച് ലക്ഷം രൂപയും ഗോൾഡ്മെഡലും ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാന ഒന്നാം റാങ്ക് ജേതാവായ നിരഞ്ജൻ ജെ. പിള്ളയ്ക്കും കീം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കെ.ആർ. വിസ്മയയ്ക്കും നാലു ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനിക്കും.
കീം പരീക്ഷയിൽ നാലു മുതൽ പത്തുവരെ സ്ഥാനം കരസ്ഥമാക്കിയ രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആൽഫ്രഡ് ജെൻസണ്, തലാൽ ഷിഹാബുദിൻ, കൃഷ്ണ ജെ. മേനോൻ, എസ്. ജോഷ്വ, ഋത്വിൻ രാജ് എന്നിവർക്ക് ഒന്നു മുതൽ മൂന്നു ലക്ഷം രൂപയുടെവരെ സ്കോളർഷിപ്പും ഗോൾഡ്മെഡലുകളുമാണ് സമ്മാനം.
കുസാറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനവ് അരുണിനും ബി ആർക്ക്-ബി പ്ലാനിംഗ് പരീക്ഷയയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ മീരാകൃഷ്ണ, ഗൗരിശങ്കർ എന്നിവർക്കും ലക്ഷം രൂപയും ഗോൾഡ് മെഡലും ഉൾപ്പടെ 300ലധികം പേർക്ക് ഗോൾഡ് മെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കും. മന്ത്രിമാരും എംപിമാരും എംഎൽഎമാരും പോലീസ് മേധാവികളുമാണ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
Tags : Pala Brilliant Engineering VictoryDay