പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും നവീനതയെയും സമന്വയിപ്പിക്കുന്ന പ്ലാറ്റ്ഫോമായ എസ്റ്റിക് ഉച്ചകോടിക്ക് ഇന്നു തുടക്കമാകും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ത്രിദിന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, വ്യവസായപ്രമുഖർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കും.
നൊബേൽ പുരസ്കാര ജേതാക്കളായ പ്രഫ. ജോക്കിം ഫ്രാങ്ക്, സർ റിച്ചാർഡ് ജെ. റോബർട്സ്, പ്രഫ. കോസ്ത്യ നൊവോസെലോവ് തുടങ്ങിയ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ ശാസ്ത്രോപദേഷ്ടാവ് (പിഎസ്എ) ഉൾപ്പടെയുള്ള വിവിധ ശാസ്ത്ര-സാങ്കേതിക വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ സംഘാടകർ തിരുവനന്തപുരം സിഎസ്ഐആർ-എൻഐഐഎസ്ടി ആണ്.
ഇന്ത്യയിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ്, ഡീപ്-ടെക് മേഖലകളെ പരിചയപ്പെടുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത പ്രദർശനവും ഉണ്ടായിരിക്കും. ഉച്ചകോടിയുടെ രണ്ടാം ദിവസമായ നാളെ മുതൽ പൊതുജനങ്ങൾക്ക് ഈ പ്രദർശനം സന്ദർശിക്കാം.
Tags : EsticSummit Platform IntegratingScience Innovation NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash