National
മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കോളജ് അധ്യാപകനെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം.
കോളജ് ലക്ചറർ അലോക് കുമാർ സിംഗ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.
മലാദിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സിന്നാർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി ഒൻപത് വയസുള്ള കുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.
സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റാൻഡിൽ കയറിയ ഉടൻതന്നെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടയുടമകളുമാണ് രക്ഷാപ്രവർത്തനം നടത്തി ബസിന്റെ അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ആദർശ് ബോറാഡെ ആണ് അപകടത്തിൽ മരിച്ച ഒൻപത് വയസുകാരൻ. കുടുംബത്തോടൊപ്പം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു കുട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യും.
Kerala
പാലക്കാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന്റെ അടിയിപ്പെട്ട് മരിച്ചു. ഉത്തർ പ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ എന്നയാളാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന ഇക്ബാൽ ട്രെയിന്റെ അടിയിലേയ്ക്ക് വീഴുകയായിരുന്നു.
എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാൾ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും ആയിരുന്നു.
എസ് വൺ കമ്പാർട്ട്മെന്റിലാണ് ഇയാൾ ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.