മുംബൈ: ഇന്ത്യയിലെ പ്രധാന ഡാറ്റാ സെന്ററുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു ‘എഐ സൂപ്പർ ഹൈവേ’ (AI Super Highway) നിർമിക്കുന്നതിനായി വരും മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ 450 മില്യണ് ഡോളർ വരെ നിക്ഷേപിക്കാൻ ടാറ്റാ കമ്യൂണിക്കേഷൻസ് ലക്ഷ്യമിടുന്നതായി നെറ്റ്വർക്ക് സർവീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ ബിസിനസ് മേധാവിയുമായ രൂപേഷ് ചോക്സി പറഞ്ഞു.
10,000 കിലോമീറ്റർ ദൈർഘ്യമുള്ള, എഐ സാങ്കേതികവിദ്യക്ക് അനുയോജ്യമായ ഫൈബർ നെറ്റ്വർക്ക് നിർമിക്കാനാണ് കന്പനി പദ്ധതിയിടുന്നത്. ഡാറ്റാ സെന്ററുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വിപണിയിൽ 30 മുതൽ 40 ശതമാനം വരെ വിപണി വിഹിതം സ്വന്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വികസനം മൂന്നു ഘട്ടങ്ങളിലൂടെ
മൂന്ന് ഘട്ടങ്ങളായാണ് എഐ സൂപ്പർ ഹൈവേ നടപ്പിലാക്കാൻ ടാറ്റ കമ്യൂണിക്കേഷൻസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ എഐ, ഹൈപ്പർസ്കെയിൽ വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട പാതയെന്ന് വിലയിരുത്തുന്ന മുംബൈ-പൂന-ഹൈദരാബാദ്-ചെന്നൈ റൂട്ടാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
രണ്ടാം ഘട്ടത്തിൽ ഡാറ്റ സെന്റർ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനവും വേഗത്തിൽ നടന്നുവരുന്ന ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവയ്ക്കിടയിലേക്ക് ഈ നെറ്റ് വർക്ക് വ്യാപിപ്പിക്കും. മൂന്നാം ഘട്ടം ഗിഫ്റ്റ് സിറ്റി, ജാംനഗർ എന്നിവയുൾപ്പടെ ഗുജറാത്തിലേക്കും ഭുവനേശ്വറിലേക്കും ഈ നെറ്റ്വർക്ക് വിപുലീകരിക്കും.
ഡാറ്റാ കൈമാറ്റശേഷി കൂടുതൽ ആവശ്യമായി വരുന്ന എഐ പ്രവർത്തനങ്ങളെയും ഡാറ്റാ സെന്റർ കണക്ടിവിറ്റി ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നതിനായി 7.2 പെറ്റാബൈറ്റ് ശേഷി നൽകുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
Tags : TataCommunications Build GlobalBusiness ArtificialIntelligenceHub