Kerala
പരവൂര്‍: റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്).
ഓടുന്ന ട്രെയിനുകളില്‍ ഓടിക്കയറുന്നവര്‍ക്കും നിര്ത്തുന്നതിനുമുന്പ് ചാടിയിറങ്ങുന്നവര്ക്കും ഇനിമുതല്‍ പ്ലാറ്റ്ഫോമില്‍ വച്ചുതന്നെ 2000 രൂപവരെ പിഴ ചുമത്തും.
ഇതുവരെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ റെയില്‍വേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണു മാറ്റം വരുന്നത്.
തിരുവനന്തപുരം ഡിവിഷനില്‍ ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12 പേര്‍ക്കു ജീവന് നഷ്ടമാകുകയും 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2025ല്‍ മാത്രം ഡിവിഷനില്‍ ഇത്തരത്തില്‍ 113 അപകടങ്ങളിലായി 31 പേര്‍ക്കു ജീവന് നഷ്ടമായിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏപ്രില്‍ 30ന് എറണാകുളം ജംഗ്ഷനില്‍ വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയില്‍ വീണ് യുവതി മരിച്ച സംഭവമാണ് കടുത്ത നടപടി സ്വീകരിക്കാൻ റെയില്‍വേയെ പ്രേരിപ്പിച്ചത്.
റെയില്‍വേ ആക്ടിലെ സെക്ഷന്‍ 156 പ്രകാരം അപകടകരമായ ഇത്തരം രീതികളെ ക്രിമിനല്‍ കുറ്റമായാണു കണക്കാക്കുന്നത്. യാത്രക്കാര്‍ക്ക് സെക്കന്‍ഡുകളുടെ ലാഭത്തേക്കാള്‍ ജീവന്റെ വില ബോധ്യപ്പെടുത്തുകയെന്നതാണ് ഉടന്‍ പിഴ ശിക്ഷയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള ഔദ്യോഗിക സര്‍ക്കുലര്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പോലും ട്രെയിനിന്റെ വാതില്ക്കല് നില്ക്കുന്ന യാത്രക്കാരുടെ പ്രവണതയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ട്രെയിന്‍ വളവുകള്‍ തിരിയുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതും ഭാരമേറിയ വാതിലുകള്‍ പെട്ടെന്ന് അടയുന്നതും യാത്രക്കാരെ പുറത്തേക്കു വലിച്ചെറിയാന്‍ കാരണമാകുമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
പിടിക്കപ്പെടുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനൊപ്പം തിരക്കേറിയ ട്രെയിനുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Kerala
പരവൂര്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ആശ്വാസവുമായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്.
സാധാരണ ഗ്യാസ് സിലിണ്ടറുകള്‍ക്കായി കാത്തുനില്‍ക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന അഞ്ച് കിലോയുടെ "ചോട്ടു’സിലിണ്ടറുകള്‍ വിപണിയില്‍ സജീവമാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇറാന് ഉള്‍പ്പെട്ട യുദ്ധസാഹചര്യം കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പാചകവാതക ഇറക്കുമതി തടസപ്പെട്ടതോടെ രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട ക്യൂ ദൃശ്യമാണ്.
ഈ സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയുമായി എണ്ണക്കമ്പനി രംഗത്തെത്തിയത്.
ചോട്ടു സിലിണ്ടര്‍ സ്വന്തമാക്കാന്‍ മുന്‍കൂട്ടി ബുക്കിംഗോ സ്ഥിരം ഗ്യാസ് കണക്ഷനോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത.
സാധാരണ കണക്ഷന് എടുക്കാനുള്ള അഡ്രസ് പ്രൂഫിന് പകരം ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ മാത്രം നല്കിയാല് അടുത്തുള്ള ഇന്‍ഡേന്‍ ഏജന്‍സികളില്‍നിന്ന് സിലിണ്ടര്‍ നേരിട്ട് വാങ്ങാം. ഇന്‍ഡേന്‍ വിതരണക്കാരില്‍നിന്ന് മാത്രമല്ല, അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍നിന്നും തെരഞ്ഞെടുത്ത പലചരക്ക് കടകളില്‍ നിന്നും ഇത് ലഭ്യമാകും.
സിലിണ്ടര്‍ തീര്‍ന്നാല്‍ ഉടന്‍ തന്നെ കടകളില്‍ ചെന്ന് റീഫില്‍ ചെയ്ത സിലിണ്ടര്‍ വാങ്ങി മടങ്ങാമെന്നത് വീട്ടമ്മമാര്‍ക്കും വലിയ ആശ്വാസമാകും.ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
വിതരണ ശൃംഖലയില്‍ തടസം നേരിടുമ്പോള്‍, പാചകവാതകം പെട്ടെന്ന് ആവശ്യമുള്ളവര്‍ക്കും വിതരണ കേന്ദ്രങ്ങളില്‍ കാത്തുനില്ക്കാന് ബുദ്ധിമുട്ടുള്ളവര്‍ക്കും ചോട്ടു മികച്ചൊരു ബദലായിരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വ്യക്തമാക്കി. എല്‍പിജി വിതരണം കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ ചെറിയ സിലിണ്ടറുകളുടെ ലഭ്യത വര്‍ധിപ്പിച്ചിരിക്കുന്നത്.
Kerala
കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഒരു ഗഡുവെങ്കിലും ഉടൻ നൽകാനാകുമോയെന്നതിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം.
കുടിശിക എട്ടു ഗഡുവായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഇതുവരെ തുടർ നടപടി ഉണ്ടായില്ലെന്ന് ആരോപിക്കുന്ന ഉപഹർജിയാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ബെഞ്ച് പരിഗണിച്ചത്.
ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സമയം വേണമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി ഏപ്രിൽ എട്ടിനു പരിഗണിക്കാൻ മാറ്റി.
കുടിശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് അവസാനം നൽകാൻ ഉത്തരവിടണമെന്നും ന്യായമായ പലിശ വേണമെന്നുമാണ് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹർജിയിലെ ആവശ്യം.
അനുവദിച്ച ഡിഎയുടെ അവസാന ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും കുടിശിക 2026-27 സാമ്പത്തികവർഷം എട്ടു ഗഡുക്കളായി നൽകുമെന്നുമാണ് സർക്കാരിനായി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ പി.കെ.ബാബു അറിയിച്ചത്.
International
വാഷിംഗ്ടൺ : ഗാസയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയാറായെന്നാണ് കരുതുന്നു.
ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല.
ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വീഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ട്രംപ് മുന്നോട്ടുവച്ച ചില ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു.