കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ അടിയന്തരാവസ്ഥക്കാലത്തെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണു പൊലിസ് പ്രവര്‍ത്തിച്ചതെന്ന് മുന്‍മന്ത്രി പി രാജീവ്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ അപ്രഖ്യാപിതമായി നടപ്പാക്കി. ജനാധിപത്യ ധ്വംസനവും ഭരണഘടനാവിരുദ്ധവുമായ പ്രവൃത്തിയാണിതെന്നും രാജീവ് പറഞ്ഞു.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു:ആന്റോ അഗസ്റ്റിന്
കൊച്ചി: മെസി വിവാദവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. ആ കാര്യങ്ങളോടു സഹകരിക്കും. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി ഓഫിസിലും ജീവനക്കാരുടെ വീട്ടിലുമുള്‍പ്പടെ നടത്തിയ പൊലിസ് റെയ്ഡില്‍ മെസി വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യംപോലും ചോദിച്ചിട്ടില്ല.
പൊലിസ് പരിശോധനയുമായി പൂര്‍ണമായും സഹകരിച്ചു. മെസി വിഷയം ആര്‍ബിസി കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രോജക്ടാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തന്റെ കൈയില്‍ മറുപടിയുണ്ട്. രണ്ടു മാസമായി എസ്ഐടി അന്വേഷണം നടക്കുന്നു. ഒരു നോട്ടീസ്പോലും ഇതുവരെ ലഭിച്ചിട്ടില്ല.
പുലര്‍ച്ചെ വീട്ടില്‍ വന്നു രേഖകള്‍ തരൂ എന്നു പറഞ്ഞാല്‍ എന്താണു ചെയ്യുക? സിപിഎമ്മിന്റെ കൂടെ നില്‍ക്കേണ്ട എന്ത് ആവശ്യമാണുള്ളത്? സെറ്റില്‍ ചെയ്തുകൂടേ? റിസ്കെടുക്കുന്നത് എന്തിനാണ്? കേരളത്തിലെ മറ്റു മാധ്യമങ്ങള്‍ ഈ റിസ്കൊന്നും എടുക്കുന്നില്ലല്ലോ. കോണ്‍ഗ്രസുകാരെ ശത്രുക്കളാക്കേണ്ട ആവശ്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
പ്രതിഷേധമാർച്ച് നടത്തി
ന്യൂസ് ഡെസ്കിലെ പൊലിസ് പരിശോധനയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളമശേരി പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.