കാണാതായ ശിവസൂര്യ (File Photo)
തലശേരി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വഷണം ഊർജിതമാക്കി.
ക്രൈംബ്രാഞ്ച് എസ്പി കെ.വി.വേണുഗോപാൽ, ഡിവൈഎസ്പി സനിൽകുമാർ, സിഐമാരായ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശിവസൂര്യയുടെ വീട്ടിലെത്തി പിതാവിന്റെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തുകയും പരിസര പ്രദേശങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഫ്രീ ഫയർ ഗെയിമാണ് കുട്ടി കളിച്ചിരുന്നതെന്നും ഗെയിമിലൂടെ അരലക്ഷം രൂപ നഷ്ടപ്പെട്ടതായും പൊലിസ് അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്നാണ് പ്ലസ്ടു വിദ്യാർഥിയായ ശിവസൂര്യയെ ഓഗസ്റ്റ് എട്ടു മുതൽ കാണാതായത്.
എന്നാൽ, വീട് വിട്ടിറങ്ങിയ കുട്ടി എങ്ങോട്ട് പോയെന്നതിന് സിസിടിവി ദൃശ്യങ്ങൾക്കും ഉത്തരം നൽകാൻ സാധിച്ചിരുന്നില്ല. ലോക്കൽ പൊലിസ് നടത്തിയ ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് സിറ്റി പൊലിസ് കമ്മീഷണർ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.