മുഖ്യമന്ത്രി വി.ഡി.സതീശൻ, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കിഫ്ബി പദ്ധതികളെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. കിഫ്ബി വഴി തോന്നിയപോലെ പണം ചെലവഴിച്ച് ഖജനാവ് തകർത്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചപ്പോൾ, കിഫ്ബിയെ തകർത്ത 'ചതിയൻ ചന്തു' യുഡിഎഫാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു.
കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് സഭ ചൂടുപിടിച്ച ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും ഇതിൽ 25,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ബാക്കി ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണമെന്നും ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നതിൽ ഒരു ധാരണയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുമാനം ലഭിക്കുന്ന പദ്ധതികളൊന്നും കിഫ്ബിക്ക് കീഴിലില്ല. കടമെടുപ്പ് പരിധി കുറച്ചപ്പോൾ തന്നെ സംസ്ഥാനത്തിന് 12,000 കോടിയുടെ കുറവുണ്ടായി. ധനവകുപ്പിന് നിയന്ത്രണമില്ലാതെ പ്രത്യേക സാമ്രാജ്യം പോലെയാണ് കിഫ്ബി പ്രവർത്തിച്ചിരുന്നത്. തോന്നിയ പലിശയ്ക്ക് പണമെടുത്ത് ധനവകുപ്പിനെയും മുഖ്യമന്ത്രിയെയും നോക്കുകുത്തിയാക്കി.
കിഫ്ബി വഴിയുള്ള കടമെടുപ്പിനെ മുൻപ് ധനമന്ത്രിയായിരിക്കെ കെ.എൻ. ബാലഗോപാൽ തന്നെ എതിർത്തിരുന്നു. ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും ഇനി കിഫ്ബി പ്രവർത്തിക്കുക. സിയാൽ, ഇൻഫോപാർക്ക്, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വികസന വിസ്മയങ്ങളൊന്നും കിഫ്ബി ഉണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തേതെന്നും ഈ മാറ്റത്തിന് കാരണം കിഫ്ബിയാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. ദേശീയപാതാ വികസനം, മലയോര റോഡുകൾ, വയനാട് തുരങ്കപാത തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ സാധ്യമാക്കിയത് കിഫ്ബിയാണ്.
ഒരു രാഷ്ട്രീയ വ്യത്യാസവുമില്ലാതെയാണ് എല്ലാ മണ്ഡലങ്ങൾക്കും പദ്ധതികൾ അനുവദിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം കഴിഞ്ഞ വർഷങ്ങളിൽ വന്നത് കേരളത്തിലാണ്. കിഫ്ബിയെ ഭരണപക്ഷം ആദ്യം മുതൽ ഭയത്തോടെയാണ് കണ്ടത്. സംസ്ഥാന താത്പര്യത്തിനെതിരെ പ്രവർത്തിച്ച് കിഫ്ബിയെ തകർത്ത 'ചതിയൻ ചന്തു' യുഡിഎഫാണെന്നും വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : V.D. Satheesan KIIFB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash