പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ കുകത്പള്ളി ഹൗസിംഗ് ബോർഡ് കോളനിയിലെ വീട്ടിൽ ദമ്പതികളെയും രണ്ടു വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഗോപിനാഥ് (31), ഭാര്യ സാമന്ത (26), മകൾ സ്നിഗ്ധ എന്നിവരാണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പശ്ചിമ ബംഗാൾ സ്വദേശികളായ ഇവർ എം.ഐ.ജി കോളനിയിലാണ് താമസിച്ചിരുന്നത്. ഹോട്ടലിൽ ഷെഫായി ജോലി ചെയ്തിരുന്ന ഗോപിനാഥ്, അധിക വരുമാനത്തിനായി പിസ ഡെലിവറി എക്സിക്യൂട്ടീവായും ജോലി ചെയ്തിരുന്നു.
വീടിന്റെ വാതിലിനടിയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് അയൽവാസികൾ കതക് തകർത്ത് അകത്തു കയറി പരിശോധിക്കുകയായിരുന്നു. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് വീടിന്റെ ചുമരിൽ എഴുതിയിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തി. ബംഗാളി ഭാഷയിൽ എഴുതിയ ഒരു കുറിപ്പും സംഭവസ്ഥലത്തുനിന്നും ലഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമായതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.