പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. സിജെപിക്കെതിരെ ബിജെപിയും എൻഡിഎ സഖ്യവും ശക്തമായ പ്രചാരണം നടത്തുന്നതിനിടെ സ്വന്തം സഖ്യകക്ഷി നേതാവിൽ നിന്നുണ്ടായ ഈ നീക്കം ബിജെപിയെയും എൻഡിഎയെയും വെട്ടിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അത്താവലെ ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരാൻ സന്നദ്ധത അറിയിച്ചാൽ അഭിജിത് ദീപ്കെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും, എന്നാൽ അദ്ദേഹം ഇതുവരെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ വ്യക്തമാക്കി.
ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ യുവാക്കളുടെയും 'ജെൻ സീ'യുടെയും പങ്കാളിത്തം ആവശ്യമാണെന്ന് അത്താവലെ പറഞ്ഞു. ദീപ്കെ അംബേദ്കർ അനുകൂലിയും ഊർജസ്വലനായ ജനകീയ നേതാവുമാണെന്നും, അദ്ദേഹം പാർട്ടിയിൽ ചേരുന്നത് ആർപിഐക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാംദാസ് അത്താവലെയുടെ ക്ഷണത്തിനെതിരെ രൂക്ഷവിമർശനവുമായി അഭിജിത് ദീപ്കെ രംഗത്തെത്തി. ഒരു മാസം മുൻപ് വരെ 'ദേശദ്രോഹി' എന്ന് മുദ്രകുത്തിയ ഒരാൾ ഇപ്പോൾ എങ്ങനെയാണ് പ്രിയപ്പെട്ടവനായതെന്ന് ദീപ്കെ ചോദിച്ചു.
Tags : AbhijithDipke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash