ജറൂസലെം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല.
നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ മുന്നണി നേരിയ മുൻതൂക്കത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഉറപ്പായെങ്കിലും 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷമായ 61 സീറ്റ് തികയ്ക്കാനാകില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.
ലിക്കുഡ് പാർട്ടി സഖ്യത്തിന് 53 സീറ്റ് ലഭിച്ചപ്പോൾ പ്രതിപക്ഷത്തിന് 48 സീറ്റാണു ലഭിച്ചത്. അതേസമയം, ഇസ്രയേലിലെ ന്യൂനപക്ഷമായ അറബ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റും റാം പാർട്ടിയും ചേർന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകൾ നേടി കരുത്ത് കാട്ടിയിരിക്കുകയാണ്. 19 സീറ്റാണ് ഈ മുന്നണി നേടിയത്.
സൈനികരും നയതന്ത്രജ്ഞരും രേഖപ്പെടുത്തിയ 4,80000 ത്തോളം വോട്ടുകൾകൂടി ഇനി എണ്ണാനുണ്ട്. ഇന്നും നാളെയുമായി ഇതിന്റെ ഫലംകൂടി പുറത്തുവരുന്നതോടെയേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.
അതിനിടെ, പ്രധാനമന്ത്രിപദത്തിൽനിന്ന് നെതന്യാഹുവിനെ പുറത്താക്കുന്നതിന് പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നൽകാൻ തയാറാണെന്ന് അറബ് പാർട്ടി നേതാക്കൾ അറിയിച്ചു. അറബ് പാർട്ടികളുമായി സഹകരിച്ച് മാറ്റത്തിന്റെ സർക്കാരുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റ്സ് നേതാവ് യായീർ ഗോലാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ വലതുപക്ഷ സർക്കാർ രൂപീകരിക്കാൻ നെതന്യാഹു ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും അറബ് പാർട്ടി വിജയം തട്ടിയെടുക്കുകയായിരുന്നുവെന്നും ആരോപിച്ച് നെതന്യാഹുവിന്റെ ലിക്കുഡ് പാര്ട്ടി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ ആരോപണങ്ങൾ തള്ളി.