എലെന റെബാക്കിനയും നവോമി ഒസാക്കയും
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ചൂടന്‍ പോരാട്ടങ്ങള്‍. അതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാക്കിനയും 13-ാം സീഡായ ജാപ്പനീസ് താരം നവോമി ഒസാക്കയും തമ്മിലുള്ളതാണ്.
ഗ്രാന്‍ഡ്സ് ലാം വേദികളില്‍ ഫാഷന്‍ തരംഗം സൃഷ്ടിക്കുന്ന ഒസാക്കയുടെ ഔട്ട് ഫിറ്റുകള് ഇതിനോടകം യുഎസ് ഓപ്പണിലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. എന്‍ബിഎ താരങ്ങളുടെ ഔട്ട് ഫിറ്റില്‍ എത്തിയിരുന്ന ഒസാക്ക, മൂന്നാം റൗണ്ടില്‍ സുസ് മില്‍ വൈ യുന്‍ ഔട്ട് ഫിറ്റിലാണ് എത്തിയത്.
മൂന്നാം റൗണ്ടില്‍ ഒസാക്ക 6-3, 3-6, 7-5നു ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടെന്‍സിനെ കീഴടക്കി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യുക്രെയ്നിന്റെ യൂലിയ സ്റ്റാരോഡുബ്സേവയെ തോല്‍പ്പിച്ചാണ് റെബാക്കിന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 7-6 (8-6), 6-3.
അമേരിക്കന്‍ താരങ്ങളായ കൊക്കൊ ഗൗഫും ഇവ ജോവിക്കും തമ്മിലാണ് മറ്റൊരു പ്രീക്വാര്‍ട്ടര്‍. സ്പാനിഷ് താരം ക്രിസ്റ്റീന ബുക്സയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഗൗഫ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
സ്കോര്‍: 6-3, 6-4. എട്ടാം സീഡായ പോളിഷ് താരം ഇഗ ഷ്യാങ്ടെക്, മൂന്നാം സീഡ് അമേരിക്കയുടെ ജെസീക്ക പെഗുല, അഞ്ചാം സീഡ് റഷ്യയുടെ മിറ ആന്‍ഡ്രീവ തുടങ്ങിയവരും വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് 6-2, 7-6 (7-2), 6-2ന് ചിലിയുടെ അലജാഡ്രൊ ടാബിയൊയെ കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി.
ഒമ്പതാം സീഡായ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ അട്ടിമറിച്ച് 24-ാം സീഡുകാരനായ അര്‍ജന്റൈന്‍ താരം ഫ്രാന്‍സിസ്കോ സെരുണ്ടോളോയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 3-6, 4-6, 6-3, 6-4, 6-4.
Tags : USOpen Rebakina Osaka Prequarter Tennis WomensSingle Sports