പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യത്തെ ചരക്ക് സേവന നികുതി സംവിധാനത്തിലെ രണ്ടാം തലമുറ പരിഷ്കാരങ്ങളും അവ സംസ്ഥാനങ്ങളുടെ സാന്പത്തിക സ്ഥിതിയിലും ധനനയത്തിലും ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്യാനായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ദേശീയ സെമിനാർ സംഘടിപ്പിക്കും.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ തിരുവനന്തപുരം ഗിഫ്റ്റ് കാന്പസിലാണ് സെമിനാർ നടക്കുക.
നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രഫ. എം.എ. ഉമ്മനെ ചടങ്ങിൽ ആദരിക്കും.ഗിഫ്റ്റിന്റെ പുതിയ പ്രസിദ്ധീകരണമായ ‘ഇക്കോണമി ആൻഡ് ഫിസ്കൽ വാച്ച്’ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
മുൻ ധനമന്ത്രിമാരായ പ്രഫ.ടി.എം. തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, ജമ്മു-കാഷ്മീർ മുൻ ധനമന്ത്രി ഡോ. ഹസീബ് എ. ദ്രാബു തുടങ്ങിയവർ പ്രത്യേക സംവാദത്തിൽ പങ്കെടുക്കും.
മന്ത്രി സി.പി. ജോണ്‍, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവർ പ്രസംഗിക്കും. സെമിനാറിന്റെ ഭാഗമായി മൂന്ന് പ്ലീനറി സെഷനുകളും രണ്ട് ടെക്നിക്കൽ സെഷനുകളുമാണുണ്ടാകുക.