എപിപിഎസ് സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പറവൂർ: എസ്സി, എസ്ടി വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിലുണ്ടാകുന്ന കുറവ് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്സി, എസ്ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി(എപിപിഎസ്) പറവൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയയിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ സംവരണം അട്ടിമറിക്കപ്പെടാൻ കാരണം പിൻവാതിൽ നിയമനങ്ങളാണ്. ഈ സർക്കാർ അത്തരം കാര്യങ്ങൾക്കു കൂട്ടുനിൽക്കില്ല. പിഎസ്സി വഴി നടക്കുന്ന നിയമനങ്ങൾ മൂന്നു വർഷം കൂടുമ്പോൾ പരിശോധിക്കും. അതിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്കുണ്ടാകുന്ന കുറവ് സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പരിഹരിക്കും.
എസ്സി, എസ്ടി വിഭാഗത്തിനു മാത്രമായി പ്രത്യേക ഭവനപദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് ഭവനപദ്ധതി വഴി നൽകിക്കൊണ്ടിരിക്കുന്ന തുക പ്രത്യേക ഭവനപദ്ധതിയിൽ വർധിപ്പിക്കാനാണു സർക്കാരിന്റെ ശ്രമം.
സർക്കാരിന്റെ ബജറ്റിൽ പ്ലാൻ ഫണ്ടിൽ കുറവുണ്ടായിട്ടും പട്ടികജാതി-വർഗ വിഭാഗത്തിന്റെ ഫണ്ടിൽ കുറവ് വരുത്തിയിട്ടില്ല. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും വിദ്യാഭ്യാസ ഗ്രാന്റിലടക്കം എസ്സി, എസ്ടി വിഭാഗത്തിനുള്ള ഒരു ആനുകൂല്യങ്ങളിലും കുറവ് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എപിപിഎസ് ചെയർമാൻ ബി.എസ്. മാവോജി അധ്യക്ഷനായിരുന്നു. മന്ത്രി എ.പി. അനിൽകുമാർ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. സുരേഷ് മുഖ്യമന്ത്രിക്ക് അവകാശപത്രിക സമർപ്പിച്ചു.
Tags : SC ST Shortage Appointments SpecialRecruitment VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash