മെസിയും റൊണാള്‍ഡോയും
ബുവേനോസ് ഐറിസ്: കാല്‍പ്പന്ത് കളത്തിലെ സൂപ്പര്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഒന്നിച്ചു കളത്തിലെത്തുമെന്നു സൂചന. 2023 ജനുവരിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു കളത്തിലെത്തിയത്.
മെസി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്മെയ്നുവേണ്ടിയും റൊണാള്‍ഡോ റിയാദ് ഓള് സ്റ്റാര്‍ ഇലവനുവേണ്ടിയും അന്നു കളത്തിലെത്തി. റൊണാള്‍ഡോ രണ്ടു തവണ വല ചലിപ്പിച്ചു. മെസി ഒരു തവണയും. മത്സരത്തില്‍ പിഎസ്ജി 5-4ന്റെ ജയം സ്വന്തമാക്കി. മൂന്നു വര്‍ഷത്തിനുശേഷം രണ്ടു സൂപ്പര്‍ താരങ്ങളും വീണ്ടും ഒന്നിച്ചു കളത്തിലെത്തുമെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ആവേശത്തിലാക്കിയിരിക്കുന്നത്.
പിന്നില്‍ കാര്‍ലോസ് ടെവസ്
ഈ വര്‍ഷം ഡിസംബറില്‍ മെസിയും റൊണാള്‍ഡോയും ഒന്നിച്ചു കളത്തിലെത്തുന്ന സൗഹൃദമത്സരം നടക്കുമെന്നാണ് വിവരം. അര്‍ജന്റൈന്‍ മുന്‍താരം കാര്‍ലോസ് ടെവസ് ബൊക്ക ജൂണിയേഴ്സ് ക്ലബ്ബില്‍നിന്നും ഫുട്ബോളില്‍നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രയയപ്പു മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിക്കുക.
നാല്‍പ്പത്തിരണ്ടുകാരനായ കാര്‍ലോസ് ടെവസ് കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്ത് ഇല്ല. എന്നാല്‍, ബൊക്ക ജൂണിയേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ ഒരു യാത്രയയപ്പ് മത്സരത്തിനൊരുങ്ങുകയാണ് അദ്ദേഹം. ഈ മത്സരത്തിലേക്കാണ് മെസിയെയും റൊണാള്‍ഡോയെയും എത്തിക്കാനുള്ള നീക്കം ടെവസ് നടത്തുന്നത്.
ചര്‍ച്ചകള്‍ സജീവം
ഏകദേശം 60 മുന്‍നിര കളിക്കാര്‍ പങ്കെടുക്കുന്ന താരസമ്പന്നമായ മത്സരത്തിനായാണ് കാര്‍ലോസ് ടെവസ് നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച് ടെവസ് ബൊക്ക ജൂണിയേഴ്സ് ക്ലബ്ബുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. അര്‍ജന്റീനയ്ക്കായി 76 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാര്‍ലോസ് ടെവസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് ക്ലബ്ബുകള്‍ക്കായും ബൂട്ടണിഞ്ഞു. 2018-2021ല്‍ ബൊക്ക ജൂണിയേഴ്സിനായാണ് അവസാനം കളിച്ചത്.
“അവരെ (മെസി & റൊണാള്‍ഡോ) ഒന്നിച്ചു കൊണ്ടുവരും”- കാര്‍ലോസ് ടെവസ് ഒരു സ്ട്രീമിംഗ് ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. റൊണാള്‍ഡോയെ നേരില്‍കണ്ട് അദ്ദേഹത്തെ അര്‍ജന്റീനയില്‍ എത്തിക്കുമെന്നും ടെവസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മെസിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലും റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ടെവസ് കളിച്ചിട്ടുണ്ട്.
രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച മുപ്പത്തൊമ്പതുകാരനായ മെസി, നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടിയാണ് കളിക്കുന്നത്. നാല്‍പ്പത്തൊന്നുകാരനായ റൊണാള്‍ഡോ, നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയിലാണ്.
Tags : Messi CR7 CristianoRonaldo Football Sports