കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്
തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് എസ്ഐടി അന്വേഷണം ശക്തമാക്കി. കായിക സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിൽ നിന്ന് എസ്ഐടി വിവരങ്ങൾ ശേഖരിച്ചു. സംഘത്തിലെ ഐജി സതീഷ് ബിനോ നേരിട്ടെത്തിയാണ് പ്രശാന്തിൽ നിന്ന് വിവരങ്ങൾ തേടിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കായിക വകുപ്പിൽ മെസിയുടെ പേരിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പിനെക്കുറിച്ച് എൻ. പ്രശാന്ത് അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് രണ്ട് റിപ്പോർട്ടുകളും അദ്ദേഹം സർക്കാരിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ടുകളിലെ കണ്ടെത്തലുകളും ബന്ധപ്പെട്ട രേഖകളുമാണ് എസ്ഐടി പരിശോധിക്കുന്നത്.
സർക്കാർ സംവിധാനങ്ങളെ മറയാക്കി കോടികളുടെ തട്ടിപ്പിന് വഴിയൊരുക്കിയെന്ന ഗുരുതര കണ്ടെത്തലുകളാണ് പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിലുള്ളത്. മത്സരങ്ങളുടെ വിശദമായ പദ്ധതി റിപ്പോർട്ട് സ്പോർട്സ് കേരള ഫൗണ്ടേഷനാണ് തയാറാക്കിയത്. റിപ്പോർട്ടിൽ വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചും കാണിച്ചെന്നാണ് ആരോപണം. 82 കോടി രൂപ വരുമാനവും 210 കോടി രൂപ ചെലവും കണക്കാക്കിയിരുന്നു.
ഇതോടെ ഉണ്ടായ 128 കോടി രൂപയുടെ കുറവ് ബജറ്റ് ഗ്രാന്റിലൂടെ കണ്ടെത്തണമെന്നായിരുന്നു ശിപാർശ. വരുമാനം കണക്കാക്കിയതിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെയും രേഖകളുടെയും വിവരങ്ങൾ എൻ. പ്രശാന്ത് എസ്ഐടിക്ക് കൈമാറിയതായാണ് സൂചന. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയ അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട ഫയലുകളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
Tags : Messi ArgentinaTeam Sit N.Prasanth SportsDepartment