Sports
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടം മുഹമ്മദ് അസ്ഹറുദ്ദീൻ സ്വന്തമാക്കിയെങ്കിലും ആലപ്പി റിപ്പിൾസിന് നിരാശയുടെ ദിനം. 186 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയ്ലേ ഴ്സിന്റെ മുൻനിര ബാറ്റർമാർ ആലപ്പിയുടെ വിജയ സ്വപ്നം തല്ലിക്കെടുത്തി ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. അഭിഷേക് നായരുടെയും വൽസൽ ഗോവിന്ദിന്റെയും അർധ സെഞ്ചുറികളാണ് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയായത്. സ്കോർ: ആലപ്പി റിപ്പിൾസ് 20 ഓവറിൽ 186/3. കൊല്ലം സെയ്ലേഴ്സ് 17.4 ഓവറിൽ 187/4.
ടോസ് നേടിയ കൊല്ലം സെയ്ലേ ഴ്സ് ആലപ്പി റിപ്പിൾസിനെ ബാറ്റിംഗിനയച്ചു. സ്കോർ ബോർഡിൽ 19 റണ്‍സുള്ളപ്പോൾ കൊല്ലത്തിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 10 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. തുടർന്ന് സച്ചിൻ ബേബി- മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് സ്കോർ മുന്നോട്ടുകൊണ്ടുപോയി. 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റണ്‍സ് എന്ന നിലയിലായിരുന്നു ആലപ്പി.
ടീം സ്കോർ 112ൽ ആലപ്പിയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സെടുത്ത സച്ചിൻ ബേബിയെ എ.ജി. അമലിന്റെ പന്തിൽ എം.ഡി. നിധീഷ് ക്യാച്ചെടുത്ത് പുറത്താക്കി. 17.3-ാം ഓവറിൽ ആലപ്പുഴയുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. ഒന്‍പത് പന്തിൽ 14 റണ്‍സുമായി നിന്ന സിബിനെ എം.ഡി. നിധീഷ് ബൗൾഡ് ആക്കി. ഇതിനിടെ മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീൻ അവകാശിയായി. 51 പന്തിൽ ഏഴു സിക്സും ആറു ബൗണ്ടറിയും ഉൾപ്പെടെ 100 റണ്‍സുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. അസ്ഹറുദ്ദീനു പിന്തുണയുമായി 17 റണ്‍സോടെ ടി.കെ. അക്ഷയ് ആയിരുന്നു ഇന്നിംഗ്സിന്റെ അവസാനം ക്രീസിൽ.
187 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന്റെ സ്കോർ ആറിലെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടു പന്തു നേരിട്ട അരുണ്‍ പൗലോസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. തുടർന്ന് അഭിഷേക് ജെ. നായർ-വൽസൽ ഗോവിന്ദ് കൂട്ടുകെട്ട് കൊല്ലത്തിന്റെ സ്കോർ 100 കടത്തി.
സ്കോർ 102ൽ അർധ സെഞ്ചുറിയുമായി നിന്ന അഭിഷേക് ജെ. നായരുടെ (52) വിക്കറ്റ് നഷ്ടമായി. കൊല്ലത്തിന്റെ സ്കോർ 15-ാം ഓവറിൽ 150 കടന്നു. 53 പന്തിൽ മൂന്നു സിക്സും 11 ബൗണ്ടറിയും ഉൾപ്പെടെ 93 റണ്‍സ് നേടിയ വൽസൽ ഗോവിന്ദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്ലത്തിന്റെ സ്കോർ കുതിപ്പിന് ചുക്കാൻ പിടിച്ചത്. കെ. അജിനാസിന്റെ പന്തിൽ അഭിജിത് പ്രവീണ്‍ പിടിച്ചാണ് വൽസലിനെ പുറത്താക്കിയത്. തുടർന്ന് അർജുൻ വേണുഗോപാലും (12) എം. അർജുനും ചേർന്ന് കൊല്ലത്തെ വിജയത്തിൽ എത്തിച്ചു.
Sports
കാര്യവട്ടം: രോഹൻ കുന്നുമ്മലിന്റെ ബാറ്റിംഗ് മികവും ഹരികൃഷ്ണന്റെ തകർപ്പൻ ബൗളിംഗും കാലിക്കട്ടിനു സമ്മാനിച്ചത് മിന്നും ജയം.
കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസണ് മൂന്നിലെ മൂന്നാം ജയം കാലിക്കട്ട് കൈപ്പിടിയിലൊതുക്കി. ആലപ്പി റിപ്പിൾസിനെതിരേ ആറുവിക്കറ്റ് ജയമാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് സ്വന്തമാക്കിയത്.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് പ്ലയർ ഓഫ് ദ മാച്ച്. സ്കോർ: ആലപ്പി റിപ്പിൾസ്- 19.3 ഓവറിൽ 131. കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 16.5 ഓവറിൽ നാലിന് 135.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി.
132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ട്് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 47 പന്തുകളിൽ എട്ട് സിക്സും ആറു ഫോറുമടക്കം നേടിയ 93 റണ്‍സാണ് കാലിക്കട്ടിന് വിജയക്കരുത്തായത്.
ടോസ് നേടിയ കാലിക്കട്ട് ആലപ്പിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആലപ്പിക്ക് ആദ്യംതന്നെ തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വിശ്വസ്ത ബാറ്റർമാരായ ജലജ് സക്സേനയെയും (രണ്ട്) സച്ചിൻ ബേബിയെയെയും സ്പിന്നർ ഹരികൃഷ്ണൻ പുറത്താക്കി. മൂന്നാം ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (ഒന്ന്) അഖിൽ സ്കറിയ പവലിയനിലേക്ക് അയച്ചു. ഇതോടെ ആലപ്പി വലിയ തകർച്ച നേരിട്ടു.
നാല് വിക്കറ്റ് നഷ്ടത്തിൽ 16 റണ്‍സ്. ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർ വേഗത്തിൽ മടങ്ങി. അഭിജിത് പ്രവീണ്‍ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 130 കടത്തിയത്. ന ാല് ഓവറിൽ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹരികൃഷ്ണൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ടിന് തുടക്കത്തിൽ കെ.എസ്. അരവിന്ദിനെയും (രണ്ട്) വരുണ്‍ നായനാരെയും (ഒന്ന്) നഷ്ടമായി. തുടർന്ന് രോഹൻ കുന്നുമ്മൽ, അഖിൽ സ്കറിയ കൂട്ടുകെട്ട് കരുതലോടെ ബാറ്റ് വീശി.
ഇരുവരും ചേർന്ന് 106 റണ്‍സാണ് കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സുമടക്കം 94 റണ്‍സെടുത്ത രോഹനെ അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്താക്കിയത്. അഖിൽ സ്കറിയ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
Sports
തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായി നടന്ന ടീം ലോഞ്ച് രാജകീയമായി. കോവളം ലീല റാവിസിൽ ആവേശം അലയടിച്ച വർണാഭമായ ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു.
സ്പോർട്സും എന്റർടൈൻമെന്റും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ മന്ത്രി പി.സി.വിഷ്ണുനാഥ്, കെസിഎൽ ടൂർണമെന്റിന്റെ ഐക്കൺ സഞ്ജു സാംസൺ എന്നിവർ പ്രത്യേക അതിഥികളായിരുന്നു. കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഐപിഎൽ ടൂർണമെന്റിന്റെ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.
ഇത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും സഞ്ജു പറഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ഓരോ ജില്ലയുടെയും തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടീമുകളുടെ വേദിയിലേക്കുള്ള രാജകീയ എൻട്രി.
ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിന്റെ 75 വർഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു. ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക് , ഹോസ്പിറ്റാലിറ്റി പാർട്ണർ ദി ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക് , കൊല്ലം റമീസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററേഴ്സ് എന്നീ സ്പോൺസർമാരെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിനെത്തിയവർക്കായി പ്രത്യേക വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോൺ ഒരുക്കിയിരുന്നു. പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിച്ച പ്രത്യേക മെന്റലിസം ഷോ ചടങ്ങിനെ കൂടുതൽ വിസ്മയഭരിതമാക്കി. അതിഥികൾക്കായി ഒരുക്കിയ പ്രത്യേക ഫോട്ടോ ബൂത്ത്, ട്രോഫി സോൺ എന്നിവയും പരിപാടിയുടെ ആവേശം ഇരട്ടിയാക്കി. 20 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും.
District News
കല്‍പ്പറ്റ: കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലും ശ്രദ്ധാകേന്ദ്രമായി വയനാട്ടില്‍ നിന്നുള്ള താരങ്ങള്‍. മാച്ച് വിന്നറായ എം. അജിനാസ് ഉള്‍പ്പെടെയുള്ള അഞ്ച് വയനാടന്‍ താരങ്ങളാണ് ഇത്തവണ വന്‍ തുക സ്വന്തമാക്കി വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളത്തിലിറങ്ങുന്നത്.
വയനാട്ടില്‍ നിന്നുള്ള ശ്രദ്ധേയ താരങ്ങളിലൊരാള്‍ സാലി സാംസനാണ്. തിരുവനന്തപുരം സ്വദേശിയെങ്കിലും ജില്ലാതലത്തില്‍ വയനാടിനെയാണ് സാലി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ആദ്യ കിരീടത്തിലേക്ക് നയിച്ച സാലി ഇത്തവണയും ടീമിന്റെ നായകസ്ഥാനത്തുണ്ട്. ഫൈനലില്‍ കൊല്ലത്തിനെതിരേ രണ്ട് വിക്കറ്റും തകര്‍പ്പന്‍ ക്യാച്ചുകളുമായി കളിയുടെഗതി തിരിച്ചുവിട്ട താരങ്ങളിലൊരാള്‍ സാലിയായിരുന്നു. ഇത്തവണയും സാലിയുടെ നേതൃമികവില്‍ പ്രതീക്ഷ വയ്ക്കുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഏഴര ലക്ഷം രൂപയ്ക്കാണ് സാലി സാംസനെ കൊച്ചി നിലനിര്‍ത്തിയത്.
കഴിഞ്ഞ രണ്ട് സീസണുകളിലും കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിന്റെ ബാറ്റിംഗ് കരുത്തായിരുന്നു എം. അജിനാസ്. രണ്ട് തവണയും 250ലേറെ റണ്‍സ് നേടിയ അജിനാസ് കാലിക്കട്ടിന്റെ നോക്കൗട്ട് പ്രവേശനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുമുണ്ട്.
കൂറ്റന്‍ ഷോട്ടുകളിലൂടെ കളിയുടെഗതി തിരിക്കാന്‍ കെല്‍പ്പുള്ള അജിനാസ് ഇക്കുറി ആലപ്പി റിപ്പിള്‍സിനായാണ് കളിക്കാനിറങ്ങുക. ഏഴ് ലക്ഷം രൂപയ്ക്കാണ് അജിനാസിനെ റിപ്പിള്‍സ് സ്വന്തമാക്കിയത്. അജിനാസിന്റെ സുഹൃത്തും സഹതാരവുമായ കെ. അജിനാസും ഇത്തവണ ആലപ്പിക്കു വേണ്ടിയാണ് കളിക്കാനിറങ്ങുക. കഴിഞ്ഞ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടിയിറങ്ങിയ അജിനാസ് ഏഴ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടി ശ്രദ്ധേയനായിരുന്നു.
കൊച്ചിക്കെതിരേ നേടിയ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇത്തവണ എണ്‍പത്തയ്യായിരം രൂപയ്ക്കാണ് അജിനാസിനെ റിപ്പിള്‍സ് ടീമിലെത്തിച്ചത്.
കേരള ക്രിക്കറ്റിലെ മികച്ച യുവ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ അഖിന് സത്താറാണ് വയനാട്ടില്‍ നിന്നുള്ള മറ്റൊരു താരം. ആദ്യ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടിയും കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയും പന്തെറിഞ്ഞ അഖിന്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടിയാണ് ഈ സീസണില്‍ കളിക്കാനിറങ്ങുക. അണ്ടര്‍ 16 മുതല്‍ വിവിധ ഏജ് ഗ്രൂപ്പുകളിലായി കേരള ടീമുകളിലെ സ്ഥിരസാന്നിധ്യമായ അഖിന് രഞ്ജി ട്രോഫി താം കൂടിയാണ്. അഖിനെ ഒന്നര ലക്ഷം രൂപയ്ക്കാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് ടീമിലെത്തിച്ചത്. ജില്ലയില്‍ നിന്ന് തന്നെയുള്ള ഓഫ് സ്പിന്നര്‍ റഹാന് റഹീമിനെയും കാലിക്കട്ട് ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. എഴുപത്തയ്യായിരം രൂപയ്ക്കാണ് കാലിക്കട്ട് റഹാനെ ടീമിലെത്തിച്ചത്.
Sports
തിരുവനന്തപുരം: അടിസ്ഥാനവില 75,000 രൂപ പ്രഖ്യാപിച്ച് സി കാറ്റഗറിയില്‍ ലേലത്തിനു വച്ച സിബിന് ഗിരീഷ് കെസിഎല്‍ താരലേലത്തില്‍ രാജാവായി.
11.80 ലക്ഷം രൂപയ്ക്ക് സിബിന് ഗിരീഷിനെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയപ്പോള്‍ കെസിഎല്‍ സീസണ് മൂന്നിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയും സ്വന്തം. 11.20 ലക്ഷം രൂപയ്ക്ക് കൃഷ്ണദേവനെ കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ കൊല്ലം ഏരീസിനുവേണ്ടി ജഴ്സിയണിഞ്ഞ സച്ചിന് ബേബിയെ 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള് സ്വന്തമാക്കി. ഇന്നലെ നടന്ന ലേലത്തില്‍ 89 പേരെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്.
സിബിനു പിന്നാലെ വാശിയോടെ ലേലം വിളി നടന്നത് കൃഷ്ണദേവനു വേണ്ടിയായിരുന്നു. 11.20 ലക്ഷത്തിനു കാലിക്കട്ട് കൃഷ്ണദേവനെ സ്വന്തമാക്കി. വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാണ്‍ഡ്രം റോയല്‍സ് പിടിച്ചെടുത്തു.
6.60 ലക്ഷത്തിന് പേസര്‍ എം.ഡി. നിധീഷിനെ കൊല്ലവും 5.40 ലക്ഷത്തിന് ബേസില്‍ തമ്പിയെ കൊച്ചി ബ്ലൂ ടൈഗേഴ്സും തങ്ങളുടെ പാളയത്തിലെത്തിച്ചു. ഓഗസ്റ്റ് 20നാണ് മൂന്നാം സീസണ് കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20ക്കു തുടക്കമാകുക.
Sports
കോട്ടയം: കേരളത്തിലെ കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) മൂന്നാം സീസണ് ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ തിരുവനന്തപുരത്ത് നടക്കും. ജൂലൈ ആദ്യവാരമായിരിക്കും താരലേലം. കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്.
കഴിഞ്ഞ രണ്ട് സീസണിന്റെയും വിജയത്തിനു പിന്നാലെ, കൂടുതല്‍ മികവോടെ മൂന്നാം പതിപ്പ് ഒരുക്കാനാണ് കെസിഎയുടെ ലക്ഷ്യം. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ഇത്തവണയും ലീഗിലുള്ളത്.
രാജ്യത്തെ മുന്‍നിര പ്രാദേശിക ട്വന്റി-20 ലീഗുകളിലൊന്നായി കെസിഎല്‍ അതിവേഗം മാറിയെന്നും സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
യുവതാരങ്ങള്‍ക്ക് ഐപിഎല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കുമുള്ള വഴിതുറക്കാന്‍ കെസിഎല്‍ പാലമായി മാറുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ വ്യക്തമാക്കി.
കെസിഎ ട്രഷറര്‍ അജിത്ത് കുമാര്‍, ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന് നാസര്‍ മച്ചാന്, ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ പി.ജെ. നവാസ്, സിഇഒ/സിഎഫ്ഒ മിനു ചിദംബരം, കെസിഎല്‍ ഡയറക്ടര്‍ രാജേഷ് തമ്പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Sports
തിരുവനന്തപുരം: ചിങ്ങമാസം മലയാളികൾക്ക് ആഘോഷത്തിന്റെ ദിനങ്ങൾ. ഇത്തവണ ആ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകി തലസ്ഥാനത്ത് ഇന്ന് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റായ കേരളാ ക്രിക്കറ്റ് ലീഗിന് തുടക്കമാകും.
അനന്തപത്മനാഭന്റെ മണ്ണിൽ കുട്ടിക്രിക്കറ്റ് കൊട്ടിക്കയറുന്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് കേരളാ ക്രിക്കറ്റ് നല്കുന്ന പൊന്നോണ സമ്മാനമാകും കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ്.
കാര്യവട്ടത്തിന്റെ ഓണസമ്മാനം
ആറ് ടീമുകൾ, 33 മത്സരങ്ങൾ. തകർപ്പൻ പോരാട്ടങ്ങൾക്കൊപ്പം കേരളാ ക്രിക്കറ്റിലേക്കുള്ള പുത്തൻ പ്രതിഭകളുടെ അരങ്ങേറ്റം കൂടിയാകും ഈ മാമാങ്കം. റണ്ണൊഴുകുന്ന പിച്ചിൽ ബാറ്റർമാർ തകർത്താടുന്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച ഓണസമ്മാനം കാര്യവട്ടം പകരും.
സെപ്റ്റംബർ ഏഴു വരെയാണ് കാര്യവട്ടം ഇന്റർനാഷ്ണൽ സ്റ്റേഡിയം കേരളാ ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.
ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറു ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി മത്സരിക്കുന്നത്.
സഞ്ജുവാണ് താരം!
നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായി വരുന്ന സീസണ് രണ്ടിലെ പ്രധാന ആകർഷണം ദേശീയ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണാണ്. കൊച്ചിക്കുവേണ്ടിയാണ് സഞ്ജു ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സഞ്ജുവിന്റെ സഹോദരൻ സാലി സാംസണാണ് കൊച്ചിയുടെ ക്യാപ്റ്റൻ.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാന്പ്യൻമാരായ സച്ചിൻ ബേബി നയിച്ച കൊല്ലം സെയ്ലേഴ്സ് റണ്ണേഴ്സ് അപ്പായ കോഴിക്കോട് ഗ്ലോബ്സ്റ്റാർസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസ്- കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും.
വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ കലാപരിപാടികൾക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
സ്റ്റാർ സ്പോർട്സ്, ഫാൻകോഡ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.
പ്രതീക്ഷകൾ പങ്കുവച്ച് ക്യാപ്റ്റന്മാർ
കപ്പടിക്കണം. ആറാടണം. ആറു ക്യാപ്റ്റൻമാർക്കും ഒരേസ്വരം. കേരളാ ക്രിക്കറ്റ് ലീഗ് സീസണ് രണ്ട് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ പോട്ടത്തിനിറങ്ങുന്ന ആറു ടീമുകളുടെയും ക്യാപ്റ്റർമാരും ചാന്പ്യൻപട്ടത്തിൽ കുറഞ്ഞൊരു ചിന്തയേ ഇല്ല. ബാറ്റിംഗ് പിച്ചിൽ ടീമുകൾക്ക് നിർണായകം തങ്ങളുടെ ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ്.
ബാറ്റ്സ്മാൻമാരിലാണ് ആറു ടീമുകളും പ്രതീക്ഷ വച്ചുപുലർത്തുന്നത്. എല്ലാ ടീമുകളും അവസാന വട്ട ഒരുക്കവും പൂർത്തിയാക്കി പോരാട്ടത്തിന് ശക്തരായിക്കഴിഞ്ഞു. മഴ ഒഴിവായി മാനം തെളിഞ്ഞാൽ ആവശകരമായ മത്സരങ്ങൾക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യംവഹിക്കുമെന്ന് ക്യാപ്റ്റൻമാർ ഒരേപോലെ അഭിപ്രായപ്പെട്ടു.
ആദ്യസീസണിലെ ജേതാക്കളായ കൊല്ലത്തിന് കൂടുതൽ കരുത്തു പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കുമെന്ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്ചവയ്ക്കാൻ കരുത്തുള്ള ടീമാണന്ന് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അഭിപ്രായപ്പെട്ടു.
കളിയുടെ ഗതിയെ തിരിച്ചുവിടാൻ പ്രാപ്തിയുള്ള ടീമാണ് തൃശൂർ ടൈറ്റൻസ് എന്നു പ്രതികരിച്ച ക്യാപ്റ്റൻ സിജോമോൻ ജോസഫ് തങ്ങൾക്ക് ഇക്കുറി മികച്ച ബൗളിംഗ് നിരയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
എല്ലാ അർഥത്തിലും ഒരു സന്തുലിത ടീമായിട്ടാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നതെന്ന് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു. ബാറ്റിംഗിനൊപ്പം മികച്ച ബൗളിംഗ് നിരയും ടീമിന്റെ ശക്തിയാണ്.
കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുന്നതിനാൽ കെസിഎൽ മത്സരങ്ങൾ രാജ്യം മുഴുവൻ ചർച്ചയാകുമെന്ന പ്രതീക്ഷയും കാപ്റ്റൻമാർ പങ്കുവച്ചു.
ആരാധകരെ കാത്ത്
കെസിഎൽ രണ്ടാം സീസണിലേക്കു കടക്കുന്പോൾ കഴിഞ്ഞ തവണ കാര്യവട്ടം സ്റ്റേഡിയത്തിലേക്കെത്തിയ ആരാധകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. സ്റ്റേഡിയത്തിൽ പുതിയ ഫ്ലഡ് ലൈറ്റുകൾ വന്നതോടെ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിലും വലിയ മാറ്റം വരും.
കാര്യവട്ടം സ്റ്റേഡിയത്തിൽ വിരുന്നൊരുക്കി ഇന്നു മുതൽ സെപ്റ്റംബർ ഏഴു വരെയാണ് രണ്ടാം സീസണ് മത്സരങ്ങൾ നടക്കുക. ‘വീരു’ എന്നു പേരിട്ട ബാറ്റേന്തിയ കൊന്പനും ‘ചാരു’ എന്ന മലമുഴക്കി വേഴാന്പലുമാണ് ടൂർണമെന്റിന്റെ ഭാഗ്യചിഹ്നങ്ങൾ.
Sports
കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 പോരാട്ടത്തിന്റെ രണ്ടാം സീസന്റെ താരലേലം അഞ്ചിന് നടക്കാനിരിക്കേ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിള്‍സും കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും നാല് താരങ്ങളെ വീതം നിലനിര്‍ത്തി. ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്.
നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകള്‍ ആരെയും നിലനിര്‍ത്തിയില്ല.
സച്ചിന് ബേബി, എന്‍.എം. ഷറഫുദീന്‍, അഭിഷേക് ജെ. നായര്‍, ബിജു നാരായണന് എന്നിവരെ നിലനിര്‍ത്തി. സച്ചിന് 7.5ഉം ഷറഫുദീനെ അഞ്ച് ലക്ഷം രൂപയും നല്‍കിയാണ് നിലനിര്‍ത്തിയത്. അഭിഷേകിനും ബിജു നാരായണനും 1.5 ലക്ഷം വീതമാണ് ലഭിക്കുക.
മുഹമ്മദ് അസറുദ്ദീന്, അക്ഷയ് ചന്ദ്രന്, വിഘ്നേഷ് പുത്തൂര്‍, ടി.കെ. അക്ഷയ് എന്നിവരെനിലനിര്ത്തി. അസറുദ്ദീനെ ഏഴര ലക്ഷം നല്കി നിലനിര്‍ത്തി. മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് 3.75 ലക്ഷവും അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ്ക്ക് 1.5 ലക്ഷവും നല്‍കിയാണ് നിലനിര്‍ത്തിയത്.
പ്രഥമ കെസിഎല്ലിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചൈനാമൻ സ്പിന്നറായ വിഘ്നേഷ് പുത്തൂരിനെ ഐപിഎൽ വമ്പന്മാരായ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയായിരുന്നു മലപ്പുറം സ്വദേശിയായ വിഘ്നേഷിന്റെ അരങ്ങേറ്റം. കേരളത്തിനായി ഇതുവരെ സീനിയർ തലത്തിൽ അരങ്ങേറാൻ ഈ 24കാരന് അവസരം ലഭിച്ചിട്ടില്ല.
രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, അഖില്‍ സ്കറിയ, അന്‍ഫല്‍ എന്നിവരെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന് 7.5 ലക്ഷവും സല്മാന് നിസാറിന് അഞ്ച് ലക്ഷവും ചെലവഴിച്ചു. അഖില്‍ സ്കറിയയ്ക്ക് 3.75 ലക്ഷവും അന്‍ഫലിന് ഒന്നര ലക്ഷത്തിനും നല്കി നിലനിര്‍ത്തി.
ഗോവിന്ദ് ദേവ് പൈ, എസ്. സുബിന്, ടി.എസ്. വിനില്‍ എന്നിവരെ നിലനിര്‍ത്തി. മൂവര്‍ക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക.
ഒരു ടീമിന് 50 ലക്ഷം രൂപയാണ് മുടക്കാൻ സാധിക്കുക. ഐപിഎൽ ലേലം നിയന്ത്രിച്ച ചരിത്രമുള്ള ചാരുശർമയാണ് കെസിഎൽ 2025 സീസൺ ലേലത്തിനു ചുക്കാൻ പിടിക്കുന്നതെന്നതും ശ്രദ്ധേയം.
Sports
കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്റി-20യുടെ പ്രഥമ സീസണ്. 2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും.
ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍.
നടന് മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്.
സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് പ്രഥമ കെസിഎല്‍ ചാമ്പ്യന്മാര്. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്.
കെസിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ 2025 സീസണില്‍ കളിച്ചതെന്നതും ശ്രദ്ധേയം.
ലേലത്തിൽ സഞ്ജുവും രജിസ്റ്റർ ചെയ്തു
രണ്ടാം സീസണ് കെസിഎല്‍ ട്വന്റി-20യില്‍ കേരളത്തിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ് ഉണ്ടാകും. ജൂലൈ അഞ്ചിനു നടക്കുന്ന താരലേലത്തില്‍ സഞ്ജു സാംസണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്.
കഴിഞ്ഞ കെസിഎല്ലില്‍ സഞ്ജു ഇല്ലായിരുന്നു. പൂള് എ വിഭാഗത്തിലാണ് സഞ്ജു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 39 കളിക്കാരുള്ള പൂള് ഏയില്‍ സഞ്ജുവിനു പുറമേ വിഘ്നേഷ് പുത്തൂര്‍, സച്ചിന് ബേബി തുടങ്ങിയവരും ഉള്‍പ്പെടും.
2025 ലേലത്തിനു മുമ്പ് ടീമുകള്‍ക്കു പരമാവധി നാലു കളിക്കാരെ നിലനിര്‍ത്താം. അതില്‍ പരമാവധി മൂന്നു ക്യാപ്പ്ഡ് കളിക്കാര്‍ മാത്രമേ പറ്റൂ. ജൂൺ 30 ആണ് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി. ലേലത്തില്‍ ഓരോ ടീമിനും 50 ലക്ഷം രൂപയാണ് മുടക്കാന്‍ സാധിക്കുക.