ക്രിക്കറ്റ് താരങ്ങളായ കെ. അജ്നാസ്, എം. അജ്നാസ്, അഖിന് സത്താര്‍, റഹാന് റഹീം, സാലി സാംസണ്.
കല്‍പ്പറ്റ: കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലും ശ്രദ്ധാകേന്ദ്രമായി വയനാട്ടില്‍ നിന്നുള്ള താരങ്ങള്‍. മാച്ച് വിന്നറായ എം. അജിനാസ് ഉള്‍പ്പെടെയുള്ള അഞ്ച് വയനാടന്‍ താരങ്ങളാണ് ഇത്തവണ വന്‍ തുക സ്വന്തമാക്കി വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളത്തിലിറങ്ങുന്നത്.
വയനാട്ടില്‍ നിന്നുള്ള ശ്രദ്ധേയ താരങ്ങളിലൊരാള്‍ സാലി സാംസനാണ്. തിരുവനന്തപുരം സ്വദേശിയെങ്കിലും ജില്ലാതലത്തില്‍ വയനാടിനെയാണ് സാലി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ആദ്യ കിരീടത്തിലേക്ക് നയിച്ച സാലി ഇത്തവണയും ടീമിന്റെ നായകസ്ഥാനത്തുണ്ട്. ഫൈനലില്‍ കൊല്ലത്തിനെതിരേ രണ്ട് വിക്കറ്റും തകര്‍പ്പന്‍ ക്യാച്ചുകളുമായി കളിയുടെഗതി തിരിച്ചുവിട്ട താരങ്ങളിലൊരാള്‍ സാലിയായിരുന്നു. ഇത്തവണയും സാലിയുടെ നേതൃമികവില്‍ പ്രതീക്ഷ വയ്ക്കുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഏഴര ലക്ഷം രൂപയ്ക്കാണ് സാലി സാംസനെ കൊച്ചി നിലനിര്‍ത്തിയത്.
കഴിഞ്ഞ രണ്ട് സീസണുകളിലും കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിന്റെ ബാറ്റിംഗ് കരുത്തായിരുന്നു എം. അജിനാസ്. രണ്ട് തവണയും 250ലേറെ റണ്‍സ് നേടിയ അജിനാസ് കാലിക്കട്ടിന്റെ നോക്കൗട്ട് പ്രവേശനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുമുണ്ട്.
കൂറ്റന്‍ ഷോട്ടുകളിലൂടെ കളിയുടെഗതി തിരിക്കാന്‍ കെല്‍പ്പുള്ള അജിനാസ് ഇക്കുറി ആലപ്പി റിപ്പിള്‍സിനായാണ് കളിക്കാനിറങ്ങുക. ഏഴ് ലക്ഷം രൂപയ്ക്കാണ് അജിനാസിനെ റിപ്പിള്‍സ് സ്വന്തമാക്കിയത്. അജിനാസിന്റെ സുഹൃത്തും സഹതാരവുമായ കെ. അജിനാസും ഇത്തവണ ആലപ്പിക്കു വേണ്ടിയാണ് കളിക്കാനിറങ്ങുക. കഴിഞ്ഞ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടിയിറങ്ങിയ അജിനാസ് ഏഴ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടി ശ്രദ്ധേയനായിരുന്നു.
കൊച്ചിക്കെതിരേ നേടിയ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇത്തവണ എണ്‍പത്തയ്യായിരം രൂപയ്ക്കാണ് അജിനാസിനെ റിപ്പിള്‍സ് ടീമിലെത്തിച്ചത്.
കേരള ക്രിക്കറ്റിലെ മികച്ച യുവ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ അഖിന് സത്താറാണ് വയനാട്ടില്‍ നിന്നുള്ള മറ്റൊരു താരം. ആദ്യ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടിയും കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയും പന്തെറിഞ്ഞ അഖിന്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടിയാണ് ഈ സീസണില്‍ കളിക്കാനിറങ്ങുക. അണ്ടര്‍ 16 മുതല്‍ വിവിധ ഏജ് ഗ്രൂപ്പുകളിലായി കേരള ടീമുകളിലെ സ്ഥിരസാന്നിധ്യമായ അഖിന് രഞ്ജി ട്രോഫി താം കൂടിയാണ്. അഖിനെ ഒന്നര ലക്ഷം രൂപയ്ക്കാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് ടീമിലെത്തിച്ചത്. ജില്ലയില്‍ നിന്ന് തന്നെയുള്ള ഓഫ് സ്പിന്നര്‍ റഹാന് റഹീമിനെയും കാലിക്കട്ട് ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. എഴുപത്തയ്യായിരം രൂപയ്ക്കാണ് കാലിക്കട്ട് റഹാനെ ടീമിലെത്തിച്ചത്.
Tags : Nattuvishesham Local News KCL