കങ്കണ റണാവത്ത്, വിക്രമാദിത്യ സിംഗ്
ഷിംല: മണ്ഡി മണ്ഡലത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബിജെപി എംപി കങ്കണ റണാവത്തും ഹിമാചൽ പ്രദേശ് പൊതുമരാമത്ത് മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗും തമ്മിൽ ശക്തമായ രാഷ്ട്രീയ പോര്. വികസന പദ്ധതികൾ വൈകുന്നതിൽ ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച കങ്കണയുടെ നിലപാടിനെതിരെയാണ് വിക്രമാദിത്യ സിംഗ് രംഗത്തെത്തിയത്.
ജില്ലാ വികസന കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര പദ്ധതികളും എംപി ഫണ്ടും നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചക്കെതിരെ കങ്കണ രൂക്ഷവിമർശനം ഉന്നയിച്ചത്. പണം അനുവദിച്ചിട്ടും പദ്ധതികൾ വൈകുന്നതിലും സ്ഥലം ഏറ്റെടുക്കലിന്റെ പേരിൽ തടസങ്ങൾ ഉന്നയിക്കുന്നതിലും എംപി കടുപ്പത്തിൽ സംസാരിച്ചിരുന്നു. തട്ടിപ്പിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ഉദ്യോഗസ്ഥരോടുള്ള കങ്കണയുടെ ഭാഷാശൈലിയെ വിമർശിച്ച വിക്രമാദിത്യ സിംഗ്, മുഴുവൻ സർക്കാർ സംവിധാനത്തെയും ഒറ്റയടിക്ക് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. പോരായ്മകൾ പരിഹരിക്കപ്പെടേണ്ടതാണെങ്കിലും ഉദ്യോഗസ്ഥരെ ആകെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡി ജില്ലയിൽ വികസന പ്രവർത്തനങ്ങൾക്കായി 5.12 കോടി രൂപ അനുവദിച്ചതിൽ 3.22 കോടി രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ടെന്നും, പൂർത്തിയായ പദ്ധതികളിൽ ഭൂരിഭാഗവും മണ്ഡിയിൽ തന്നെയാണെന്നും വിക്രമാദിത്യ സിംഗ് മറുപടി നൽകി.
Tags : KanganaRanaut VikramadityaSingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash