ന്യൂഡൽഹി: പ്രതിഷേധിക്കുന്ന യുവതലമുറയെ "ജനറേഷൻ ഗട്ടർ" എന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷമായ മറുപടിയുമായി കോക്റോച് ജനതാ പാർട്ടി. സ്വന്തം പാർട്ടിയിലുള്ളവർ പോലും ഗൗരവത്തോടെ കാണാത്ത ഒരു നേതാവാണ് കങ്കണയെന്നും, അവരേക്കാൾ ഈ രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിച്ചത് ഇന്നത്തെ യുവതലമുറയാണെന്നും സിജെപി വക്താവ് സൗരവ് ദാസ് തിരിച്ചടിച്ചു.
ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കൾ ഉപയോഗിച്ച ഭാഷ "ഛർദ്ദിക്കാൻ തോന്നുന്നത്" ആണെന്നാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എംപിയായ കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. "സ്വയം 'പാറ്റകൾ' എന്ന് വിളിക്കുന്ന ഇവർ അതുപോലെ തന്നെയാണ് പെരുമാറുന്നതും. ലഹരി ഉപയോഗിക്കാനും മദ്യപിക്കാനും മാതാപിതാക്കളുടെ പണത്തിൽ അഹങ്കരിക്കാനുമാണ് ഇവർക്ക് താല്പര്യം. ഇവരെ ഞാൻ 'ജനറേഷൻ ഗട്ടർ' എന്ന് വിളിക്കുന്നു. രാജ്യത്തിന് നൽകാൻ ഇവരുടെ പക്കൽ ഒന്നുമില്ല," എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
*വിമർശനവുമായി സിജെപി
കങ്കണയുടെ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. "കങ്കണ റണാവത്തിനെ സ്വന്തം പാർട്ടിയിലെ ആളുകൾ പോലും ഗൗരവമായി കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള ഒരാളെ പുതിയ തലമുറയിലെ ആരും കേൾക്കാൻ പോകുന്നുമില്ല," സൗരവ് ദാസ് പറഞ്ഞു. എംപിയായാൽ വലിയ ജോലിയൊന്നും കാണില്ലെന്നാണ് വിചാരിച്ചതെന്നും എന്നാൽ ഒരുപാട് പണിയുണ്ടെന്ന് മനസിലായെന്നും സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോൾ കങ്കണ പറഞ്ഞതും സൗരവ് ദാസ് ചൂണ്ടിക്കാട്ടി, കങ്കണയ്ക്ക് രാഷ്ട്രീയത്തോട് എത്രത്തോളം ഗൗരവമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു.
"ഈ രാജ്യത്തിന് വേണ്ടി നിങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുള്ളത് ജെൻ സി യുവാക്കളാണ്. തകർന്നുകൊണ്ടിരുന്ന ജനാധിപത്യത്തിലുള്ള വിശ്വാസം വീണ്ടെടുത്തത് ഈ തലമുറയാണ്," സൗരവ് ദാസ് വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതലാണ് സിജെപി സമരം ആരംഭിച്ചത്. ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും നൂറിലധികം പോലീസുകാർക്കും നിരവധി വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.