കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച സംവിധായകന്‍ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ നിന്നും പുറത്തിറങ്ങി. അറസ്റ്റിലായി പത്തു ദിവത്തിന് ശേഷമാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്.
മാര്‍ച്ച് 31ന് ആണ് രഞ്ജിത്ത് അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതി എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം.
രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി 30ന് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികയുണ്ട് എന്നും വാദിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. വോട്ട് ചെയ്യാനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിലെ കാരവാനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നടന്‍ ബോബി കുര്യന്‍റെ കാറില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കവെ ആയിരുന്നു പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.