പ്രതീകാത്മക ചിത്രം
കാലടി: സംസ്കൃത സർവകലാശാലയിലെ സമരത്തിനിടെ പൊലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായിരുന്ന നാല് എസ്എഫ്ഐ പ്രവർത്തകർക്കു കോടതി ജാമ്യം അനുവദിച്ചു. എസ്എഫ്ഐ പ്രവർത്തകരായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവർക്കാണ് പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ 13നാണ് ഒരു സംഘം സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.
വൈസ്ചാൻസലർക്കെതിരായ അതിക്രമത്തിന് പുറമേ, നിലവിലെ വൈസ്ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങും സംഘം നടത്തിയിരുന്നു. വൈസ്ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ്ചാൻസലർമാർ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.
പൊലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംഭവത്തിൽ ഇതുവരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നതിൽ ആശങ്കയുണ്ടെന്നും വിസിമാർ അഭിപ്രായം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച വിസിമാർ കുറ്റകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.
Tags : Bail NattuVishasham DistrictNews