പ്രതീകാത്മക ചിത്രം
പത്തനംതിട്ട: നിലയ്ക്കലിലും സമീപ പ്രദേശങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി ലാൻഡ് ചെയ്യാതെ മടങ്ങിയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്.
ഹെലികോപ്റ്റർ ഹെലിപ്പാഡിൽ ഇറങ്ങുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിലയുറപ്പിച്ച ശേഷം തിരികെ പോകുകയായിരുന്നു. ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ മടങ്ങിപ്പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.
അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിയത് സുരക്ഷാ പരിശോധനയുടെ ഭാഗമായാണോ നിരീക്ഷണപ്പറക്കലിനായാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. സംഭവത്തിൽ വ്യോമസേനാ അധികൃതരുമായി ആഭ്യന്തരവകുപ്പ് ബന്ധപ്പെടുന്നുണ്ട്.