ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം.
കുടുംബശ്രീ ഓണം ജില്ലാ വിപണന മേളയ്ക്ക് തുടക്കമായി
കാസര്‍ഗോഡ്: ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ ഉത്പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യന് മുഖ്യാതിഥിയായിരുന്നു. നാടന്‍ രുചിയും ഗുണമേന്മയുള്ള ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിച്ച് ഓണം കൂടുതല്‍ അര്ത്ഥത്താക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്. കുത്താംപുള്ളി കേരള സാരികള്‍, നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കര, ചിപ്സ്, ഓണപ്പൂക്കള്‍ തുടങ്ങിയവയും നാവിന് തുമ്പില്‍ കൊതിയൂറുന്ന രുചിയുമായി വിവിധ തരം പായസങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകള്‍ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. കുടുംബശ്രീ അസി.ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.എം.കിഷോര്‍ കുമാര്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ്.ഷാരോണ്‍ വാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി.ജിതിന്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് എന്നിവര്‍ പ്രസംഗിച്ചു. 22 വരെയാണ് മേള പ്രവര്‍ത്തിക്കുക. ഓണത്തിന് ആവശ്യമായ നിത്യേപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലില്‍ എത്തിക്കുന്നുണ്ട്. 11 പ്രധാന ഓണ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ് 500 രൂപ മുതല്‍ 700 രൂപ വരെയുള്ള കിറ്റുകള്‍ സിഡിഎസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
കുടുംബശ്രീ സദ്യയൊരുക്കും; കറികളും പായസവും തീന്‍മേശയിലെത്തും
കാസര്‍ഗോഡ്: വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീ. വീടുകളിലും ഓഫീസുകളിലും സദ്യയൊരുക്കുന്നതിലെ പ്രയാസങ്ങള്‍ ഒഴിവാക്കി തികച്ചും തനതായ നാടന്‍ രുചികളോടെയാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓണസദ്യ തയ്യാറാക്കുന്നത്. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്റീന് കാറ്ററിംഗ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകരാണ് ഈ പട്ടിണിയില്ലാത്ത ഓണക്കാലത്തിന് പിന്നില്‍ അണിനിരക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പ്രിയപ്പെട്ട പായസവും തെരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.
നാവിന്തുമ്പില് രുചിയൂറുന്ന 19 ഓളം വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് ഇത്തവണ കുടുംബശ്രീ ഒരുക്കുന്നത്. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്, പച്ചടി, കിച്ചടി, പുളിയിഞ്ചി, സം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ അടങ്ങിയ പ്രീമിയം സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. ഇതിന് പുറമേ മധുര പ്രിയര്‍ക്കായി അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസങ്ങളും പ്രത്യേകം ലഭ്യമാകും. അര ലിറ്റര്‍ മുതല്‍ പായസം ഓര്‍ഡര്‍ ചെയ്യാം. മിനിമം അഞ്ചുസദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ സിഡിഎസുകള്‍ വഴിയും പ്രത്യേക കോള്‍ സെന്ററുകള്‍ വഴിയും സദ്യയുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്ക്കാവും ഓര്‍ഡര്‍ കൈമാറുക. സദ്യ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് അതതു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഓണദിവസം നേരിട്ട് സദ്യ വാങ്ങാവുന്നതാണ്. വനിതാ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം മലയാളികള്‍ക്ക് ശുചിത്വവും ഗുണനിലവാരവുമുള്ള ഓണസദ്യ ഏറ്റവും ചുരുങ്ങിയ ചെലവില്‍ എത്തിക്കുകയുമാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന് ലക്ഷ്യമിടുന്നത്.
ചെണ്ടുമല്ലികൃഷി വിളവെടുത്തു
രാവണേശ്വരം: ഓണവപണി ലക്ഷ്യമിട്ട് രാവണേശ്വരം പുരുഷ സ്വയംസഹായസംഘത്തിന്റെ കൂട്ടായ്മ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുത്തു. രാവണേശ്വരം ഗവ.സ്കൂളിന് പിറകുവശത്തുള്ള കാടുപിടിച്ചു കിടന്നിരുന്ന ഒരേക്കര്‍ സ്ഥലം വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയത്. കരിന്തളം ജോസഫില്‍ നിന്നും 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ ശേഖരിച്ചാണ് പൂകൃഷി ക്ക് തുടക്കമിട്ടത്. പൂകൃഷിയില്‍ നിന്ന് ഏഴു ക്വിന്റല്‍ ഓളം വിളവ് ലഭിക്കുമെന്നാണ് സംഘം പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിര്‍വഹിച്ചു. രവീന്ദ്രന് കാപ്പില്വളപ്പില് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, പഞ്ചായത്തംഗങ്ങളായ എ.തമ്പാന്, ദീപ പ്രവീണ്‍, കൃഷി ഓഫീസര്‍ സി.പ്രമോദ് കുമാര്‍, അസി.കൃഷി ഓഫീസര്‍ കെ. നാരായണന്, സംഘം സെക്രട്ടറി എം.സുകേഷ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: ജില്ലാ റിട്ട.ഹെല്‍ത്ത് എംപ്ലോയീസ് അസോസിയേഷന് ഓണാഘോഷം നീലേശ്വരം മഹേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ് റാഫി ചെയ്തു. കെ.അമ്പാടി അധ്യക്ഷതവഹിച്ചു. ജോളി ജോസഫ്, രാജന് കാനത്തൂര്‍, പദ്മിനി കളത്തേര, പി.അശോകന്, കെ.രേണുക പി.പി. ജമുന, എം.കുഞ്ഞികൃഷ്ണന്, കുഞ്ഞിക്കണ്ണന്. കേശവന് നമ്പൂതിരി, ടി.വി.പുഷ്പലത, കെ.ടി.ഭാനു എന്നിവര്‍ സംസാരിച്ചു. പി.ഗിരീഷ് കുമാര്‍ സ്വാഗതവും കെ.വി. ഗംഗാധരന് നന്ദിയും പറഞ്ഞു. സംഘടനയുടെ വകയായി പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
Tags : Nattuvishesham Local News welcome Onam