District News
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ജംബ് റോപ്പ് ഫെഡറേഷനും ജംബ് റോപ്പ് അസോസിയേഷൻ കേരളയും സംയുക്തമായി നടത്തിയ സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ജംബ് റോപ്പ് (റോപ്പ് സ്കിപ്പിംഗ്) ചാമ്പ്യൻഷിപ്പിൽ 181 പോയിന്റോടെ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി.
83 പോയിന്റ് നേടിയ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയ രണ്ടാം സ്ഥാനവും 59 പോയിന്റോടെ പെരിയ ഗാർഡിയൻ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
District News
നീലേശ്വരം: ദേശീയപാതയോരത്ത് പിലിക്കോട് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രത്തിന്റെ തെങ്ങിൻതോട്ടത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം. മത്സ്യഫെഡിനു കീഴിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് 35 സെന്റ് സ്ഥലം പാട്ടത്തിനു നൽകാനാണ് നീക്കം നടക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ മത്സ്യഫെഡ് കാർഷിക സർവകലാശാലയ്ക്ക് അപേക്ഷ നൽകിയിരുന്നു. ബി. അശോക് വിസിയായിരിക്കേ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുകയും പിലിക്കോട് കേന്ദ്രം മേധാവിയോട് സാധ്യതാ റിപ്പോർട്ട് തേടുകയുമായിരുന്നു.
നിരവധി ഇനങ്ങളിൽപെട്ട തെങ്ങുകളടങ്ങിയ പരീക്ഷണ തോട്ടത്തിന്റെ എൽ ബ്ലോക്കിൽ ഉൾപ്പെട്ട സ്ഥലമാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈയൊരു ആവശ്യത്തിന് തെങ്ങുകൾ മുറിച്ചുമാറ്റി സ്ഥലം വിട്ടുനൽകിയാൽ ദേശീയപാതയോരത്തെ കണ്ണായ സ്ഥലത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്നും കാർഷിക ഗവേഷണകേന്ദ്രത്തിന്റെ പ്രാധാന്യം നഷ്ടമാകുമെന്നുമാണ് കേന്ദ്രത്തിലെ ജീവനക്കാരും വിദ്യാർഥികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.
നേരത്തേ നീലേശ്വരത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ കാർഷിക ഗവേഷണകേന്ദ്രത്തിനു കീഴിലുള്ള കരുവാച്ചേരി തോട്ടത്തിന്റെ സ്ഥലം നഗരസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല വിട്ടുനൽകിയിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം, പിലിക്കോട് തോട്ടങ്ങളുടെ സ്ഥലവും കാർഷിക വിളകളുമുൾപ്പെടെ നഷ്ടമായതാണ്.
നീലേശ്വരം തോട്ടത്തിൽനിന്ന് അന്ന് മുറിച്ചുമാറ്റേണ്ടിവന്ന നാട്ടുമാവിനങ്ങളുടെ പുതിയ തൈകൾ ഉത്പാദിപ്പിച്ച് ഇതേ തോട്ടത്തിൽ മറ്റൊരിടത്ത് നട്ടുവളർത്തുകയായിരുന്നു. കാർഷിക ഗവേഷണകേന്ദ്രത്തിന്റെ സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികളും നാട്ടുകാരും കർമസമിതി രൂപീകരിച്ച് പ്രതിരോധം തീർക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
District News
തളിപ്പറമ്പ്: കാനഡയില്‍ ഹെല്‍ത്ത് വര്‍ക്കറായി നിയമനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 5,70, 000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചങ്ങനാശേരി സ്വദേശിക്കെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. തിമിരി തടിക്കടവിലെ കുന്നംകുളത്ത് വീട്ടില്‍ ജാസ്മിന് മാത്യുവിന്റെ (42) പരാതിയിലാണ് ചങ്ങനാശേരി സ്വദേശി ജയിംസ്കുട്ടി കുര്യാക്കോസിന്റെ പേരില്‍ കേസെടുത്തത്.
കാനഡ പൗരത്വമുണ്ടെന്നും അവിടെയുള്ള കൊളമ്പോവില്ല വോഖന് എന്ന ഓള്‍ഡ് ഏജ് ഹോമില്‍ ഹെല്‍ത്ത് കെയര്‍ വർക്കര്‍മാരെ ആവശ്യമുണ്ടെന്നും ഫേസ്ബുക്ക് വഴി നല്കിയ പരസ്യം കണ്ടാണ് ജാസ്മിന് ഇയാളുമായി പരിചയപ്പെട്ടത്.
ഹെല്‍ത്ത് കെയര്‍ വീസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം മേയ് അഞ്ചുമുതല്‍ പല തവണകളായി ചങ്ങനാശേരി സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കും ഗൂഗിള്‍പേ വഴിയും പണം വാങ്ങിയശേഷം വീസയോ പണമോ നല്‍കാതെ വഞ്ചിച്ചതായാണ് പരാതി.
District News
കേളകം: തെളിനീരൊഴുകുന്ന ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ മരത്തടികൾ കോർത്തിണക്കി നിർമിച്ച തൂക്കുപാലം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാകുന്നു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിലാണ് തടിപ്പാലം സ്ഥിതി ചെയ്യുന്നത്. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നിർമിച്ച പാലം, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള പ്രധാന യാത്രാമാർഗം കൂടിയാണ്.
കല്ലുകൾ തെളിഞ്ഞുകാണുന്ന പുഴയ്ക്ക് മുകളിലൂടെ തൂങ്ങിനിൽക്കുന്ന പാലത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രധാന ആകർഷണം. വന്യജീവി സങ്കേതത്തിന്റെ പച്ചപ്പും ശാന്തമായി ഒഴുകുന്ന ചീങ്കണ്ണിപ്പുഴയും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. പുഴയോരത്ത് കിലോമീറ്ററുകളോളം നീളത്തിൽ നിർമിച്ചിട്ടുള്ള ആന പ്രതിരോധ മതിലും പ്രദേശത്തെ വേറിട്ട കാഴ്ചയാണ്.
കേളകത്തുനിന്ന് ചെട്ടിയാംപറമ്പ് - അടയ്ക്കാത്തോട് വഴി 8.5 കിലോമീറ്റർ സഞ്ചരിച്ചാൽ കരിയംകാപ്പ് - രാമച്ചി റോഡിലുള്ള ഈ തൂക്കുപാലത്തിലെത്താം. പ്രകൃതിഭംഗി ആസ്വദിക്കാനും പുഴയിലിറങ്ങാനും സൗകര്യമുണ്ടെങ്കിലും സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മഴയുള്ളപ്പോഴും പുഴയിൽ വെള്ളം കലങ്ങി ഒഴുകുമ്പോഴും യാതൊരു കാരണവശാലും പുഴയിലിറങ്ങരുത്.
വനംവകുപ്പിന്റെയും പ്രദേശവാസികളുടെയും നിർദേശങ്ങൾ പൂർണമായി പാലിക്കാനും വനമേഖലയിലോ പുഴയിലോ മാലിന്യങ്ങൾ തള്ളരുതെന്നും പ്രത്യേകം നിർദേശമുണ്ട്. പ്രദേശത്ത് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ റോഡരികിൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ.
District News
ഇരിട്ടി: മുഴക്കുന്ന് പിഞ്ഞാണപ്പാറയിൽ അടച്ചിട്ട വീട്ടിൽനിന്ന് വൻ സ്ഫോടക ശേഖരം പൊലിസ് പിടികൂടി. രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 197 ഇലക്ട്രിക് ഡിറ്റനേറ്ററുകളാണ് മുഴക്കുന്ന് പൊലിസ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ദേവദാസ് എന്നയാളുടെ ഉടസ്ഥതയിലുള്ള വീട്ടിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
വീട്ടുടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ പാറപൊട്ടിക്കൽ ജോലിക്കായി എത്തിയ ജോസിനും കൂട്ടാളികൾക്കും വീട് വാടകയ്ക്ക് നൽകിയതാണെന്നായിരുന്നു മൊഴി നൽകിയത്. ജോസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്ഥലത്തെത്താത്തതിനെ തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് പൊലിസ് അകത്തു കയറി പരിശോധന നടത്തുകയായിരുന്നു.
പടിഞ്ഞാറ് ഭാഗത്തെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിൽ രണ്ടു ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഡിറ്റനേറ്ററുകൾ. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മനുഷ്യജീവന് അപകടമുണ്ടാകുന്ന വിധത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 288, 3(5) വകുപ്പുകൾ പ്രകാരം കേസെടുത്തു.
മുഴക്കുന്ന് എസ്ഐ ജാൻസി മാത്യു, ഗ്രേഡ് എസ്ഐ സജേഷ്, ഗ്രേഡ് എഎസ്ഐ സന്തോഷ്, സിപിഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ-ബീന ദമ്പതികളുടെ മകൾ വി. ദേവിക (22) ആണ് മരിച്ചത്.
ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
മൂന്നുവർഷത്തെ കരാർ പ്രകാരം ആറുമാസം മുന്‍പാണു ജോലിയിൽ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയടക്കമുള്ളവർക്കു പരാതി നൽകിയിരുന്നു. ഇതിനിടെയാണു ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചത്
District News
കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി ആൻഡ് ബിടി വകുപ്പും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ചേര്‍ന്ന് നടത്തുന്ന 27ാമത് ടിസിഎസ് റൂറല്‍ ഐടി ക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
ബംഗളൂരു ടെക് ഉച്ചകോടി 2026 ന്റെ ഭാഗമായ ടിസിഎസ് റൂറല്‍ ഐടി ക്വിസില്‍ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, വെര്‍ച്വല്‍ ക്വിസ് റൗണ്ടുകള്‍, നേരിട്ടുള്ള മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പഠിക്കുന്ന എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ക്വിസില്‍ പങ്കെടുക്കാം. സിറ്റി കോര്പറേഷന് പരിധിയിലുള്ള സ്കൂളുകള്‍ക്ക് ക്വിസില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
എല്ലാ റീജണല്‍ വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും യഥാക്രമം 10,000 രൂപയുടെയും 7,000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. ഇതിന് പുറമേ, ദേശീയ തലത്തിലുള്ള വിജയിക്കും രണ്ടാം സ്ഥാനക്കാര്‍ക്കും യഥാക്രമം 1,00,000 രൂപയും 50,000 രൂപയും സ്കോളര്‍ഷിപ്പായി നല്‍കും.
വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 30ന് മുന്‍പായി https:/ /iur.ls/TCSRIT/Quiz2026 എന്ന ലിങ്ക് വഴി ക്വിസിനായി രജിസ്റ്റര്‍ ചെയ്യാം.
District News
കൂത്തുപറമ്പ്: നിർമലഗിരിയ്ക്കടുത്ത് വിദ്യാർഥി സംഘടനാപ്രവർത്തകർ തമ്മിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുലിനെ ആക്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകരായ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. അതുൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് യദുകൃഷ്ണ, അമേഘ്, പ്രത്യൂഷ്, ആകാശ്, അഭിനവ് എന്നിവർക്കും പരിക്കേറ്റു. ഇവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ് യു പ്രവർത്തകർ മർദിച്ചെന്നാണ് ഇവരുടെ പരാതി. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് കോളജ് ഗേറ്റിന് പുറത്തുവച്ച് ചുമരെഴുത്തുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.
സംഘർഷം കോളജിലല്ല: നിർമലഗിരി മാനേജ്മെന്റ്
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം നടന്നുവെന്ന രീതിയിൽ ചില മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവുമാണെന്ന് കോളജ് അധികൃതർ അറിയിച്ചു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം കോളജ് അവധിയായിരുന്നു. മാത്രമല്ല, രാത്രി സമയങ്ങളിൽ കോളജ് പ്രവർത്തിക്കാറുമില്ല.
കോളജിന്റെ സൽപേരിന് കളങ്കമുണ്ടാക്കാനും പൊതുജനമധ്യത്തിൽ കോളജിനെ മോശമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടാണ് ചില കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. സ്ഥാപനത്തിന് യാതൊരുവിധ ബന്ധവുമില്ലാത്ത സംഭവങ്ങളിൽ കോളജിന്റെ പേര് വലിച്ചിഴക്കരുതെന്ന് കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.
District News
കണ്ണൂർ: ട്രെയിനുകളിൽ സഞ്ചരിച്ച് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന മോഷ്ടാവ് പിടിയിൽ. വടകര മേപ്പയിൽ സ്വദേശി പ്രവീണാണ് (34) അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ പൊലിസും ഡാൻസാഫ് ടീമും റെയിൽവേ ഇന്റലിജൻസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് മംഗളാ എക്സ്പ്രസിൽ വച്ച് ആലപ്പുഴ സ്വദേശിനിയുടെ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ മംഗളൂരുവിനും ഷൊർണൂരിനുമിടയിൽ സമാനരീതിയിൽ നിരവധി ഫോണുകൾ കവർന്നതായാണ് പോലീസിന് ലഭിച്ച വിവരം. മോഷ്ടിച്ച ഫോണുകൾ ഉടൻ തന്നെ ചില മൊബൈൽ ഷോപ്പുകളിലെത്തിച്ച് നിസാര വിലയ്ക്ക് വിൽക്കുന്നതാണ് രീതി. മോഷണ മുതലാണെന്നറിഞ്ഞു കൊണ്ടു തന്നെ കവർച്ചാ മുതലുകൾ സ്ഥരിമായി വാങ്ങിക്കുന്ന ചില കടകളും പോലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ പൊലിസ് എസ്എച്ചഒ സന്തോഷ്, രമേശൻ, റിനീത്, ഇന്റലിജൻസ് സ്ക്വാഡിലെ ജിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
മാഹി: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എഴരയോടെയാണ് അപകടം. നവീകരണം നടക്കുന്ന സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കിഴക്കെ പ്ലാറ്റ്ഫോമിൽനിന്ന് ടിപ്പർ നിയന്ത്രണം വിട്ട ട്രാക്കിലേക്ക് വീഴുകയായിരന്നു.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അപകടം. അപകടത്തെ തുടർന്ന് ഈ ട്രാക്കിലൂടെ കടന്നു പോകേണ്ട ട്രെയിനുകൾ മാഹിയിലും തലശേരിയിലും എടക്കാടുമായും കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകേണ്ട ട്രെയിനുകൾ വടകര, തിക്കോടി എന്നിവിടങ്ങളിലും പിടിച്ചിട്ടു.
റെയിൽ പാളത്തിന് മുകളിലായുള്ള ഹൈവോൾട്ടേജ് ലൈനിലെ വൈദ്യുബന്ധം വിച്ഛേദിച്ച ശേഷം മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ലോറി പ്ലാറ്റ് ഫോമിലേക്ക് ഉയർത്തിയത്. വീഴ്ചയിൽ ടിപ്പർ റെയിൽപാളത്തിൽ തട്ടാതിരുന്നതിനാൽ പാളത്തിന് തകരാർ സംഭവിച്ചിട്ടില്ല.
District News
കണ്ണൂർ: ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള പൊലിസ് സ്പോർട്സ് മീറ്റ് 2026ന്റെ ദീപശിഖാ പ്രയാണത്തിന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
പയ്യന്നൂർ പെരുന്പയിലായിരുന്നു ജില്ലയിലെ ആദ്യസ്വീകരണം. പെരുമ്പ ജംഗ്ഷനില്‍ നല്കിയ സ്വീകരണം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം പൂര്ണമാകാന് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ, പൊതുസമൂഹത്തിന്റെ ഇടപെടലും വേണമെന്ന് എംഎല്‍എ പറഞ്ഞു.
പയ്യന്നൂര്‍ ഡിവൈഎസ്പി പി.കെ. മണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ഉമേഷ് ഗോയല്‍ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ ചെയർപേഴ്സൺ സരിന് ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയ് വിശിഷ്ടാതിഥിയായിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കെ.വി. ധനേഷ്, മുനിസിപ്പൽ കൗണ്‍സിലര്‍ പി.കെ.ദിനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ കോളജ് എന്‍എസ്എസ് വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച "ചക്രവ്യൂഹം' നാടകം, കണ്ടങ്കാളി എസ്പിസി വിദ്യാര്‍ഥികളുടെ നൃത്തശില്പം, നാടകം തുടങ്ങിയ വിവിധ കലാസാംസ്കാരികപരിപാടികളും അരങ്ങേറി.
തളിപ്പറന്പ് ടൗൺസ്ക്വയറിൽ നൽകിയ സ്വീകരണം ടി.കെ. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പൊലിസ് മേധാവി ഉമേഷ് ഗോയൽ മുഖ്യാതിഥിയായിരുന്നു. പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ ലഹരി വിരുദ്ധ തൂഫാൻ സന്ദേശം നൽകി. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ജോബി ജോസഫ്, ടോപ് സിംഗർ ഫെയിം റാനിയ റഫീഖ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കണ്ണൂർ റൂറൽ പൊലിസിന്റെ സ്വീകരണത്തിന് ശേഷം ദീപശിഖ കല്യാശേരിയിൽ റൂറൽ എസ്പി ഉമേഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ആർആർആർഎഫ് കമൻഡാന്റ് ശക്തിസിംഗ് ആര്യയിൽ നിന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഏറ്റു വാങ്ങി. എകെജി ആശുപത്രി പരിസരത്തുനിന്ന് മാരത്തണും സൈക്കിൾ റാലിയും ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു. കണ്ണൂരിലെ സ്വീകരണയോഗം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദേവ്ന മുഖ്യാതിഥിയായിരുന്നു. സിറ്റി പൊലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, എസിപി എംപി ആസാദ്, കോർപറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക്, കണ്ണൂർ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, മദേഴ്സ് ആർമി ജനറൽ സെക്രട്ടറി ഷബാന ജംഷീദ് എന്നിവർ പ്രസംഗിച്ചു.
ഏച്ചൂർ വിശ്വഭാരതി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, വനിതാ പൊലിസ് ടീം അവതരിപ്പിച്ച "തൂഫാൻ' നൃത്താവിഷ്കാരം, സെന്റ് തെരേസാസ് ടീമിന്റെ ഫ്ലാഷ് മോബ് എന്നിവയും നടന്നു. വിവിധ വകുപ്പുകളിലെ അത്ലറ്റുകൾ മാറ്റുരച്ച റിലേ മത്സരത്തിൽ കണ്ണൂർ സിറ്റി പൊലിസ് ടീം ജേതാക്കളായി. റവന്യു വകുപ്പ് രണ്ടാം സ്ഥാനം നേടി.
District News
ശ്രീകണ്ഠപുരം: നഗരസഭാ പരിധിയിൽ വെള്ളപ്പൊക്കം വേഗത്തിൽ ബാധിക്കുന്ന പൊടിക്കളം, കൂട്ടുമുഖം, മടമ്പം മേഖലകളിൽ വെള്ളം കയറിയാൽ സംഭവിക്കുന്ന വൈദ്യുതി മുടക്കവും അപകട ഭീഷണിയും പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.
നിലവിൽ വെള്ളം കയറിയാൽ രണ്ട്, മൂന്ന് ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുമ്പോൾ വൈദ്യുതി ലൈൻ പലയിടങ്ങളിലും വെള്ളത്തിൽ മുട്ടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അപ്പോൾ വലിയ അപകട സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിലവിലുള്ള സാധാരണ കമ്പി ലൈനുകൾ മാറ്റി എബിസി കേബിൾ സ്ഥാപിച്ചാൽ വൈദ്യുതി മുടക്കത്തിനും അപകട ഭീഷണിക്കും പരിഹാരമാകുമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുള്ളതായും വിജിൻ മോഹനൻ പറഞ്ഞു.
District News
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ ഏഴാം വാർഡിലെ വായാട്ടുപറമ്പ്കവല കരിവേടൻകുണ്ട് റോഡും തിരിക്കൽ റോഡും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് യാത്രായോഗ്യമല്ലാതായി. ഏറെക്കാലമായി റോഡിന്റെ ശോചനീയാവസ്ഥ തുടരുമ്പോഴും ബന്ധപ്പെട്ടവർ മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
മഴക്കാലങ്ങളിൽ റോഡിലെ കുഴിയും റോഡരികിലെ ഓവുചാലും വ്യക്തമാകാത്തതിനാൽ ഡ്രൈവർമാരും കാൽനടയാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്.
മിക്ക സ്ഥലങ്ങളിലും ഓവുചാലുകൾ കല്ലും മണ്ണും ഒഴുകിവന്ന് വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതിനെതിരേ നിരവധി പരാതികളും നിർദേശങ്ങളും ഗ്രാമസഭയിലും മറ്റും സ്ഥിരമായി ഉന്നയിക്കാറുണ്ടെങ്കിലും കടുത്ത അവഗണനയാണ് പഞ്ചായത്ത് അധികാരികളിൽ നിന്ന് ഉണ്ടാകുന്നത്. പ്രദേശവാസികൾ ജനകീയ കൂട്ടായ്മ രൂപീകരിച്ച് കളക്ടർക്ക് നിവേദനം നൽകാനുള്ള തീരുമാനത്തിലാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ജീവസ് ഗ്രാമിക യോഗം പ്രതിഷേധിച്ചു. ചാക്കോച്ചൻ മരുതാനിക്കാട്ട്, ബേബി കണിവേലി, സണ്ണി മരുതാനിക്കാട്ട്, സിബി പഴുവൻകാലായിൽ എന്നിവർ പ്രസംഗിച്ചു.
District News
പയ്യന്നൂര്‍: യുഡിഎഫിന്റെ വന്‍ വിജയത്തിന് ശേഷം ആദ്യമായി പയ്യന്നൂരിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സ്വീകരണം നല്‍കും. മുൻ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച കെ.പി.കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ഡിസിസിയുടെ ആഭിമുഖ്യത്തില്‍ 18ന് ഉച്ചകഴിഞ്ഞു മൂന്നിന്ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി വി.ഡി. സതീശന് നല്കുന്ന സ്വീകരണ പരിപാടിയും തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനവും വിജയിപ്പിക്കാന്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ചെയര്‍മാനായും എം.പി. ഉണ്ണികൃഷ്ണന് ജനറല്‍ കണ്‍വീനറും കെ. ജയരാജ് ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
District News
ചപ്പാരപ്പടവ്: കണ്ണൂർ ജില്ലയിലെ മികച്ച ഹരിതകർമ സേനയായി രണ്ടാമത് പുരസ്കാരവും ചപ്പാരപ്പടവ് ഹരിത കർമസേന നേടി. കഴിഞ്ഞവർഷവും ചപ്പാരപ്പടവിന് തന്നെയായിരുന്നു ഈ അംഗീകാരം. ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് ഓഡിനേഷൻ സൊസൈറ്റിയാണ് സി. കൃഷ്ണൻ സ്മാരക കാഷ് അവാർഡും മെമന്റോയും നൽകിയത്.
ധർമശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ സതീദേവി അവാർഡ് വിതരണം ചെയ്തു. വി.വി. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഇ.കെ. സോമശേഖരൻ, കെ.എം. സുനിൽകുമാർ, ബിന്ദു കൃഷ്ണൻ, കെ.കെ. കരുണാകരൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവയുടെ പ്രതിനിധികളും പ്രസംഗിച്ചു.
District News
ചെമ്പേരി: ചെറുപുഷ്പ മിഷൻ ലീഗ്, കെസിവൈഎം, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചെമ്പേരി മേഖല കലോത്സവം 'കൊയ്നോനിയ 2026' ൽ ചെമ്പേരി ശാഖ കിരീടം നേടി.
ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നായി എണ്ണൂറോളം കലാപ്രതിഭകളാണ് വിവിധയിനങ്ങളിൽ മത്സരിച്ചത്. 919 പോയിന്റുകൾ നേടി ചെമ്പേരി ശാഖ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 554 പോയിന്റുകളുമായി പുലിക്കുരുമ്പ ശാഖ രണ്ടാം സ്ഥാനവും, 417 പോയിന്റുകളോടെ കുടിയാന്മല ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സമാപന ചടങ്ങിൽ ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ, ഫാ. ജിസ് കളപ്പുര, ഫാ. മാത്യു ഓലിയ്ക്കൽ, ഫാ. ജിതിൻ ചിന്താർമണിയിൽ, ഫാ. മാർട്ടിൻ തുറയ്ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.
District News
പയ്യന്നൂര്‍: ആന്ധ്രാപ്രദേശിലെ കാക്കിനഡയില്‍ നടന്ന 21-ാമത് സൗത്ത് ആന്‍ഡ് വെസ്റ്റ് ഇന്ത്യ തയ്ക്വണ്ടോ ഐടിഎഫ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനമായി പയ്യന്നൂരിന്റെ കൊച്ചുതാരങ്ങള്‍. ദ്രോണ ബാഡ്മിന്റണ്‍ അക്കാഡമിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മഹാദേവ ഗ്രാമം സ്വദേശികളും സഹോദരങ്ങളുമായ ആർ. കൃഷ്ണയും ആര്. വൈഷ്ണയുമാണ് നാല് സ്വര്‍ണമുള്‍പ്പെടെ നിരവധി മെഡലുകള്‍ സ്വന്തമാക്കി ശ്രദ്ധേയരായത്.
വ്യക്തിഗത പാറ്റേണ്‍ ഇനത്തില്‍ സ്വര്‍ണവും ഗ്രൂപ്പ് സ്പാറിംഗില്‍ വെള്ളിയും വ്യക്തിഗത സ്പാറിംഗില്‍ വെങ്കലവും കൂടാതെ ആദ്യമായി നടന്ന സൗത്ത് ആൻഡ് വെസ്റ്റ് ഇല്‍ദോ ചാമ്പ്യന്‍ഷിപ്പിലെ വ്യക്തിഗത പാറ്റേണില്‍ സ്വര്‍ണവും നേടി ആർ. കൃഷ്ണ ചാമ്പ്യന്‍ഷിപ്പിലെ താരമായി. സഹോദരി ആര്. വൈഷ്ണ വ്യക്തിഗത സ്പാറിംഗില്‍ വെള്ളിയും പാറ്റേണില്‍
വെങ്കലവും ഇല്‍ദോ പാറ്റേണില്‍ വെള്ളിയും കരസ്ഥമാക്കി.
പെരിങ്ങോം പൊലിസ് സ്റ്റേഷനിലെ എഎസ്ഐ സി.കെ. രമേശിന്റെയും തയ്ക്വണ്ടോ പരിശീലക രമ്യ ബാലയുടെയും മക്കളാണ് ഇരുവരും. മൂരിക്കൊവ്വല്‍ മാസ്റ്റേഴ്സ് തയ്ക്വണ്ടോ അക്കാഡമിയിലെ ഡോ. വേണുഗോപാല്‍ കൈപ്രത്തിന് കീഴിലാണ് പരിശീലനം.
District News
ആലക്കോട്: ജീവിതത്തെ രൂപപ്പെടുത്തുന്ന യഥാർഥ അറിവ് നൽകുന്നത് സർവകലാശാലകള ല്ലെന്നും സംസ്കാരത്തെയും ജീവിതത്തെയും അർഥപൂർണമാക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ തെരുവുകളാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ പി. എൻ. ഗോപികൃഷ്ണൻ. ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ പി. ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടത്തിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു ഗോപികൃഷ്ണൻ.
ഫോറം പ്രസിഡന്റ് എ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.ആർ. പ്രദീപ്, പി.ടി. തങ്കപ്പൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി. ആർ. സന്തോഷ്, കെ.എ.എസ് റാങ്ക് ജേതാവ് എസ്. കാർത്തിക, ഡോ. ആർ. ആനന്ദ്, എസ്. ദേവാംശി, ജോയൽ ജോർജ്, ദേവാനന്ദൻ സജീവ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.ആലക്കോട്ടെ ആദ്യകാല സംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന പി.ടി. തങ്കപ്പൻ മാസ്റ്റരുടെ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതാണ് 20,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്
District News
കണ്ണൂർ: സെപ്റ്റംബർ അഞ്ച് രാജ്യമെങ്ങും അധ്യാപക ദിനമായി ആചരിക്കുകയാണ്. അധ്യാപകരെ ആദരിക്കുന്നതിനും, വിദ്യാർഥികളെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുന്നതിനുമായി സമർപ്പിക്കപ്പെട്ട ഒരു പ്രത്യേക ദിവസമാണ് അധ്യാപക ദിനം. ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർഥികളിൽ നിന്നു നമ്മെ ഓരോരുത്തരേയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം.
ഇരിട്ടി: സീനിയര്‍ ചേംബര്‍ ഇന്റർനാഷണല്‍ ഇരിട്ടിയുടെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാചരണം ആറളം ഗവ. ആശ്രമം ഹൈസ്കൂളില്‍ ഇരിട്ടി സിഐ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേംബര്‍ പ്രസിഡന്റ് എ.കെ. ഹസന് അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകരെയും സീനിയര്‍ ചേംബര്‍ അധ്യാപകരെയും ആദരിച്ചു.
സ്കൂള്‍ മുഖ്യാധ്യാപിക പി.പി. രേഷ്മ, വി.വി. ബാബു, ബെന്നി പാലക്കല്‍, കെ. സുരേഷ് ബാബു, എം.എന്‍. വത്സന്, പ്രദീപ്കുമാര്‍ കക്കറയില്‍, ജി. സന്തോഷ് കുമാര്‍, മുഹമ്മദ് ലബീബ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിന് ആവശ്യമായ സ്പോട്സ് കിറ്റും മധുരവും വിതരണം ചെയ്തു.
മട്ടന്നൂർ: പൂർവാധ്യാപകർക്ക് ആദരവുമായി മട്ടന്നൂർ നഗരസഭ ഭരണ സമിതിയും ലൈബ്രറിയും. 80 വയസ് തികഞ്ഞ അധ്യാപകർക്കാണു നഗരസഭ വീടുകളിൽ ആദര ചടങ്ങായി ഗുരുവന്ദനം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. നൂറുവയസ് തികഞ്ഞ കരേറ്റ എൽപി സ്കൂളിന്റെ മുഖ്യാധ്യാപികയായിരുന്ന പെരിഞ്ചേരിയിലെ എ.പി. കാർത്യായനിയെ ആദരിച്ച് മട്ടന്നൂർ മണ്ഡലം എംഎൽഎ വി.കെ. സനോജ് ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ വാർഡ് കൗൺസിലർമാരും ഗുരുവന്ദനത്തിൽ പങ്കാളികളായി.
District News
പേരാവൂർ: പേരാവൂർ ടൗണിലും പരിസര പ്രദേശങ്ങളിലും വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരു മാസം. ഇതുവരെ കുടിവെള്ള വിതരണ തടസം പരിഹരിക്കാൻ അധികൃതർ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. കുടിവെള്ള വിതരണം പൂർണമായും നിലച്ചതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ-ഇതര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ കടുത്ത പ്രതിസന്ധിയിലായി.
വെള്ളം ലഭിക്കാതായതോടെ ടൗണിലെ പൊതു ശൗചാലയങ്ങളും ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ടൗണിലെത്തുന്ന പതിനായിരക്കണക്കിന് പൊതുജനങ്ങളും ഇതോടെ ദുരിതത്തിലായി. പൊതു കിണറിന്റെ പുനർനിർമാണം നടക്കുന്നതിനാൽ അവിടെനിന്നും വെള്ളം ശേഖരിക്കാൻ കഴിയാത്തത് ഹോട്ടലുകളെയും കൂൾബാറുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ചെവിടിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നു ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും ടൗണിലേക്ക് ജലം എത്താത്തതിന്റെ കാരണം കണ്ടെത്താൻ ആഴ്ചകൾ കഴിഞ്ഞിട്ടും ജലവിഭവ വകുപ്പിന് സാധിച്ചിട്ടില്ല. മഴക്കാലമായതിനാൽ പൈപ്പിലെ ലീക്ക് എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് വാട്ടർ അഥോറിറ്റിയുടെ വിശദീകരണം.
ജലവിതരണം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പുപറയാൻ അധികൃതർ തയാറാകുന്നില്ല. കൂത്തുപറമ്പ് സെക്ഷൻ ഓഫീസിൽ നിലവിൽ അസിസ്റ്റന്റ് എൻജിനിയർ ഇല്ലാത്തതിനാൽ കീഴല്ലൂർ സെക്ഷൻ എഇ ക്കാണ് നിലവിൽ ചുമതല. വെള്ളം ലഭിക്കുന്നില്ലെങ്കിലും ഉപഭോക്താക്കൾ പ്രതിമാസ മിനിമം ചാർജായ 320 രൂപ അടയ്ക്കേണ്ടതുണ്ട്.
ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് മാർച്ചും പ്രത്യക്ഷ സമര പരിപാടികളും സംഘടിപ്പിക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കളും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകി.
District News
കണ്ണൂർ: മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാര്‍ഡ്), പെരളശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാര്‍ഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് നടക്കും. സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 11 നാണ് സൂക്ഷ്മപരിശോധന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 29ന് രാവിലെ10ന് ആരംഭിക്കും.
ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.
പെരളശേരി ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 17 ഉരുവച്ചാലിലും പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍വന്നു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഉദ്യോസ്ഥര്‍ക്കുള്ള പരിശീലനം 23ന് രാവിലെ 10 നും ഇവിഎം കമ്മീഷനിംഗ് പരിശീലനം ഉച്ചകഴിഞ്ഞ് രണ്ടിനും കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരികള്‍ , ഉപവരണാധികാരികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളില്‍ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്നത് കണ്ണൂരില്‍ മാത്രമാണ്. ഇതിനെതിരേ യാത്രക്കാരില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കയംതട്ടിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പെരുമ്പ മുതല്‍ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹന പാര്‍ക്കിംഗ് വലിയ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വി. കുഞ്ഞികൃഷ്ണന് എംഎല്‍എ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ പൊലിസ്, ആര്‍ടിഒ അധികൃത സംയുക്ത പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
പെരിങ്ങോം വയക്കരയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ഒലിച്ചുപോയ കമ്പിപ്പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണം. ചെറുപുഴയ്ക്ക് സമീപം കർണാടക ഫോറസ്റ്റ് അതിർത്തിയിലെ കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നടപടികളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പ് കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളപ്രശ്നം നേരിടുന്നതായി ടി.കെ. ഗോവിന്ദന് എംഎല്‍എ യോഗത്തെ അറിയിച്ചു. തലശേരി മാഹി ബൈപാസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോള്‍ പിരിവ് നിര്ത്തിവയ്ക്കണമെന്ന്ഷാ ഫി പറമ്പില്‍ എംപിയുടെ പ്രതിനിധി എം.പി. അരവിന്ദാക്ഷന് ആവശ്യപ്പെട്ടു. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാലത്തിലെ പഴയ ടാറിംഗ് ഇളക്കിമാറ്റി പുതുതായി ടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.വി. സുമേഷ് എംഎല്‍എയുടെ പ്രതിനിധി കിരണ്‍ പറഞ്ഞു.
മേലെചൊവ്വ, മട്ടന്നൂർ റോഡ് ജംഗ്ഷനിൽ മേൽപ്പാലം നിർമാണ സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യനിർണയവും വേഗം പൂർത്തിയാക്കണമെന്ന ടി. ഒ മോഹനൻ എംഎൽഎയുടെ ആവശ്യത്തിൽ എട്ടിന് പൊതുമരാമത്ത് വകുപ്പും റവന്യൂ വിഭാഗവും സംയുക്ത പരിശോധന നടത്തും.
District News
പയ്യന്നൂര്‍: പൂട്ടിയിട്ട വീടിന്റെ ഗേറ്റിന്റെ പൂട്ടും ജനലും തകര്‍ത്ത് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവനോളം തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്നു. കുഞ്ഞിമംഗലം പാണച്ചിറയിലെ ഡോ.എ. പുഷ്പവതിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ടേകാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. കൈതപ്രം കോളജ് ഓഫ് എൻജിനിയറിംഗിലെ മെക്കാനിക്കല്‍ വിഭാഗം മേധാവിയായ പരാതിക്കാരി ഓണാവധിക്ക് ജന്മനാടായ നാഗര്‍കോവിലിലേക്ക് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ ഗേറ്റിന്റെ പൂട്ടും വീടിന്റെ മുകള്‍നിലയിലെ ജനലും തകര്‍ത്ത നിലയിലായിരുന്നു. സ്വര്‍ണമാല കാണാനുണ്ടായിരുന്നില്ല.
District News
കണ്ണൂർ: അധികാരസ്ഥാനങ്ങൾ ആഗ്രഹിക്കാതെ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷേമത്തിനും അവർക്ക് കൈത്താങ്ങാകുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു മേഴ്സി രവിയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. അധികാരസ്ഥാനങ്ങൾ ഏറെക്കാലം മുമ്പേ പ്രാപ്യമായിരുന്നിട്ടും അതിലൊന്നും ആകൃഷ്ടയാകാതെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈപിടിച്ചുയർത്തി കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മേഴ്സി രവിയുടെ പതിനേഴാം ചരമവാർഷികത്തോടനുബന്ധിച്ച് മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർട്ടിൻ ജോർജ്. ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ സി.ടി. സജിത്ത്, ടി.കെ. അജിത്ത്, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, ജയ്സൺ തോമസ്, കൂക്കിരി രാജേഷ്, കെ. ബാലകൃഷ്ണൻ, ഷാജി ചാലിലോത്ത്, പി.വിനോദ്, ഷൈജ സജീവൻ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: പ്രതിദിനം ആയിരത്തിലേറെ രോഗികളെത്തുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആവശ്യമായ 16 ഡോക്ടർമാരുടെ സ്ഥാനത്ത് നിലവിൽ ആറ് പേർ മാത്രമാണുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ഗൈനക്കോളജി, അനസ്തേഷ്യ ഡോക്ടർമാരെ ഉടൻ നിയമിക്കണം. നിലവിലെ ഗൈനക്കോളജിസ്റ്റ് അവധിയിലായതിനാൽ ഈ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
നിർമാണം പൂർത്തിയായിട്ടും വർഷങ്ങളായി അടഞ്ഞുകിടക്കുന്ന മാതൃ-ശിശു വാർഡ് ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരുവനന്തപുരത്ത് ചർച്ച ചെയ്തതായി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അറിയിച്ചു.
ആറളത്തെ മോഴയാനയെ ഉടൻ പിടികൂടണം
ആറളത്ത് ജനങ്ങൾക്ക് ഭീഷണിയായ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി പ്രദേശത്തുനിന്ന് മാറ്റണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ആവശ്യപ്പെട്ടു. ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ് അറിയിച്ചു. വയനാട്ടിൽ കൂട് നിർമാണം വൈകിയതാണ് ദൗത്യം നീളാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ ആറളം വില്ലേജ് പരിധിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി. ശോഭ ആവശ്യപ്പെട്ടു.
മലയോര ഹൈവേ നിർമാണം വേഗത്തിലാക്കണം
മലയോര ഹൈവേയുടെ പാർശ്വഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാക്കങ്ങാട്-ഉരുവച്ചാൽ റോഡ് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് മുഴക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നെല്ലൂർ ആവശ്യപ്പെട്ടു. പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുകയും കേന്ദ്രത്തലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തഹസിൽദാർ എൻ. സീമ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, പായം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാർ, തോമസ് തയ്യിൽ, സി.വി.എം. വിജയൻ, കെ.പി. ഷാജി തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
District News
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ ഇടുക്കി സ്വദേശിനിയുടെ മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗും കവർന്നു. യോഗ് നഗരി ഋഷികേശ് - തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ ഹരിദ്വാറിൽ നിന്ന് എറണാകുളത്തേക്ക് എസ് ടു കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയാണ് കവർച്ചയ്ക്ക് ഇരയായത്.
ഓഗസ്റ്റ് 19ന് പുലർച്ചെ 3.30 ഓടെ ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തിയ സമയത്ത് സമീപത്ത് വെച്ചിരുന്ന 30,000രൂപ വിലയുള്ള മൊബൈൽ ഫോൺ, പവർ ബാങ്ക്, ആധാർ കാർഡ് 3,000 രൂപയും അടങ്ങിയ ബാഗ് എന്നിവ ആരോ മോഷ്ടിച്ച് കൊണ്ടുപോയി എന്നാണ് പരാതി. എറണാകുളം റെയിൽവേ പൊലിസിൽ നൽകിയ പരാതി സംഭവ നടന്നത് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധിയിലായതിനാൽ കണ്ണൂർ റെയിൽവേ പൊലിസിന് കൈമാറുകയായിരുന്നു.
District News
മാഹി: മയ്യഴിയുടെ പേരിൽ മാഹിയിലെ ചുമർചിത്രകാരി കെ.ഇ. സുലോചന സമ്മാനിക്കുന്ന ചിത്രങ്ങൾ പുതുച്ചേരിയിൽ സമർപ്പിച്ചു. മയ്യഴിയുടെ വർണാദരം എന്ന പേരിൽ 13 അടി നീളവും എട്ടടി വീതിയുമുള്ള അനന്തശയനം പുതുച്ചേരി ലഫ്. ഗവർണറുടെ ചേംബറിലാണ് പൂർത്തിയാക്കിയത്.
ദി റിഥം ഓഫ് ട്രഡീഷൻ എന്ന പേരിൽ പുതുച്ചേരി ഭരണത്തിലെ വൈവിധ്യങ്ങളുടെ ഐക്യം കാണിക്കുന്ന കേരളത്തിലെ മാഹിയും ആന്ധ്രയിലെ യാനവും തമിഴ്നാട്ടിലെ കാരിക്കാലും പിന്നെ പുതുച്ചേരിയുടെ കലയും സംസ്കാരവും വിശദീകരിക്കുന്ന എട്ടര മീറ്റർ നീളവും ആറടി ഉയരവുമുള്ള ചിത്രവും പുതുച്ചേരിക്കായി സമ്മാനിച്ചു.
ചിത്രങ്ങൾ യഥാക്രമം ലെഫ്. ഗവർണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ചിത്രങ്ങൾ നോക്കി കണ്ടു. പുതുച്ചേരി പ്രഥമ വനിത ബീന കൈലാസനാഥ്, പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം, മന്ത്രി രാജാവേലു, പുതുച്ചേരി ഡിജി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഓഫീസർമാരും വകുപ്പ് തലവന്മാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
District News
കൊട്ടിയൂർ: വൈദ്യുതി ഉപയോഗത്തിൽ ജാഗ്രത പുലർത്തുകയെന്ന ലക്ഷ്യത്തോടെ കൊട്ടിയൂർ പഞ്ചായത്തും കെഎസ്ഇബിയും എടത്തോട്ടി ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി നടപ്പിലാക്കുന്ന ‘സേവ് എനർജി, സേവ് ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കമായി. കൊട്ടിയൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലാണ് ഒന്നാം ഘട്ടമായി പദ്ധതി ആരംഭിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. പീറ്റർ ഊരോത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുഡാകം, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോണി ആമക്കാട്ട്, ജിൻസി വിളയാനി, പഞ്ചായത്ത് അംഗങ്ങളായ ഷാജി തെങ്ങുംപള്ളി, രവി എടാൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പേരാവൂർ: പേരാവൂർ - ഇരിട്ടി റൂട്ടിൽ റോഡിൽ ഓയിൽ ഒഴുകി ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പ്പെട്ടു. ബംഗളക്കുന്ന് മുതൽ പേരാവൂർ പഴയ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്താണ് റോഡിലുടനീളം ഓയിൽ പടർന്നുപിടിച്ചത്. വഴിയരികിലൂടെ പോയ ജെസിബിയിൽ നിന്നാണ് ഓയിൽ റോഡിലേക്ക് ചോർന്നത്.
റോഡിൽ ഓയിൽ വീണതിനെ തുടർന്ന് പ്രതലം വഴുക്കലുള്ളതായതോടെ നിയന്ത്രണം വിട്ട് നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗം കെ. അബുജാക്ഷൻ എന്നിവർ സ്ഥലത്തെത്തുകയും ഉടൻ പേരാവൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി റോഡിലെ ഓയിൽ പടർന്ന ഭാഗങ്ങളിൽ അറക്കപ്പൊടി വിതറി വഴുക്കൽ ഇല്ലാതാക്കി അപകടസാധ്യത പൂർണമായും ഒഴിവാക്കി.
District News
കൊച്ചി: കടവന്ത്ര ജംഗ്ഷനിലെ കുഴികൾ അടിയന്തരമായി മൂടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. രാമൻകുട്ടി അച്ചൻ റോഡിലുള്ള അറ്റകുറ്റപ്പണികളും അടിയന്തരമായി നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.
സഹോദരൻ അയ്യപ്പൻ റോഡിൽ പൈപ്പിടാൻ കുഴിച്ച കുഴികളാണ് അപകടഭീഷണി ഉയർത്തുന്നത്. ആദ്യം സിമന്റിട്ട് അടച്ചെങ്കിലും മഴ പെയ്തതോടെ സിമന്റ് ഒഴുകിപ്പോയി. ബിഎംബിസി ടാറിംഗ് നടത്തിയ റോഡിൽ സിമന്റിട്ട് കുഴി അടച്ചിട്ട് പ്രയോജനമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എസ്എ റോഡിന് സമീപം സൗത്ത് റെയിൽവെ മേൽപ്പാലത്തിനടുത്തുള്ള രാമൻകുട്ടി അച്ചൻ റോഡിലും സമാന സാഹചര്യമാണുള്ളത്.
കൊച്ചി കോർപറേഷൻ സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനിയറും സ്ഥലപരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വാർഡ് കൗൺസിലർമാരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തണം. സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനീയറും രണ്ടാഴ്ചയ്ക്കകം കമ്മിഷൻ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഒക്ടോബർ 23 ന് പത്തടിപ്പാടലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കോർപറേഷൻ അസിസ്റ്റന്റ് സെക്രട്ടറിയും എക്സിക്യൂട്ടീവ് എൻജിനീയറും നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
District News
കൊച്ചി: നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫിസർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് റെയ്ഡ് നടത്തി. തിയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതുപരാതിയെ തുടർന്ന് എംജി റോഡ് സെൻട്രൽ സ്ക്വയർ മാൾ, ഫോറം മാൾ, ലുലുമാൾ എന്നിവിടങ്ങളിലെ തിയറ്റർ കഫേകളിലായിരുന്നു പരിശോധന.
സെൻട്രൽ സ്ക്വയർ മാൾ, ഫോറം മാൾ എന്നിവിടങ്ങളിലെ തിയറ്ററുകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധന സംഘം കണ്ടെത്തി. പോപ്കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തിയറ്റർ മാനേജർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്കവിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദേശം നൽകി.
വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത ഫോറം മാളിലെ തിയറ്റർ കഫേയ്ക്ക് നോട്ടീസ് നൽകിയതായി എറണാകുളം ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എൻ.സി. സന്തോഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.സൗജന്യ കുടിവെള്ളം പല തിയറ്ററുകളും ആരും കാണാത്ത സ്ഥലത്താണ് തയാറാക്കി വച്ചിട്ടുളളതെന്നും സംഘം കണ്ടെത്തി.
റെയ്ഡിൽ ജില്ലാ സപ്ലൈ ഓഫീസർ വി.ആർ.ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ് , എസ്. ബിമൽ, അസിസ്റ്റന്റ് കൺട്രോളർ കെ.ബി. വേണു , താലൂക്ക് സപ്ലൈ ഓഫിസർമാരായ ഷിജു തങ്കച്ചൻ, സിന നന്ദൻ , റേഷനിംഗ് ഇൻസ്പെക്ടർമാരായ എൻ. അനൂപ് , റിയാസ്, പത്മകുമാർ, അനുപമ , സ്മിത, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ടി.എസ്.ഹണി, എൻ.എ. സീനത്ത്, ഫുഡ് സേഫ്റ്റി ഓഫിസർ റാണി ചാക്കോ എന്നിവർ പങ്കെടുത്തു.
District News
അങ്കമാലി: കാറിൽ കടത്തുകയായിരുന്ന 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ പറവൂർ സ്വദേശികളായ പ്രവീൺ ദാസ്, ചാൾസ് ഡെന്നിസ് എന്നിവരെയാണ് ഡാൻസാഫ് ടീമും അങ്കമാലി പൊലിസും ചേർന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി അങ്ങാടിക്കടവ് സിഗ്നൽ ജംഗ്ഷന് സമീപം ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. കറുകുറ്റി വരെ മറ്റൊരു വാഹനത്തിൽ എത്തിച്ച കഞ്ചാവ് അവിടെ നിന്നാണ് ഇവർ കാറിൽ ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോയിരുന്നത്.
District News
കൊച്ചി: കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം പ്രവർത്തനങ്ങൾ നടക്കുന്ന കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട് സിറ്റി വരെയുള്ള പദ്ധതി പ്രദേശങ്ങൾ കെഎംആർഎൽ എംഡികൂടിയായ കളക്ടർ ജി. പ്രിയങ്ക സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിക്ക് സമീപം ആലിൻചുവട്, വാഴക്കാല പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ആർടിഒയുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് എംഡി നിർദേശം നൽകി. തടസമില്ലാത്ത ഗതാഗതത്തിന് നിർമാണം പുരോഗമിക്കുന്ന ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മാറ്റി സ്ഥാപിക്കണമെന്നും എംഡി നിർദേശം നൽകി.
District News
ഫോർട്ടുകൊച്ചി : കൊച്ചിൻ ജിംനേഷ്യം ഗ്രൗണ്ടിൽ നടന്ന റവന്യു ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മൽസരം മുഹമ്മദ് ഷിയാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തത് ഗുസ്തി പിടിച്ച്.
മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ല യാക്കാണ് ഓവറോൾ കിരീടം. ആൺകുട്ടികളുടെ മൂന്ന് വിഭാഗങ്ങളിലും മട്ടാഞ്ചേരി ഉപജില്ല ഒന്നാം സ്ഥാനക്കാരായി. 19 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ എറണാകുളം ഉപജില്ല രണ്ടും ആലുവ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .17 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വൈപ്പിൻ ഉപജില്ലയ്ക്ക് രണ്ടാം സ്ഥാനവും അങ്കമാലി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
14 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ ആലുവ ,എറണാകുളം ഉപ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . പെൺകുട്ടികളുടെ വിഭാഗത്തിൽ മട്ടാഞ്ചേരി ഒന്നും വൈപ്പിൻ രണ്ടും എറണാകുളം മൂന്നും സ്ഥാനങ്ങൾ നേടി.
District News
കൊച്ചി: കേരള പൊലിസ് സ്പോര്‍ട്സ് മീറ്റ് 2026 ന്റെ ഭാഗമായി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തണിനോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
സംസ്ഥാനത്തുടനീളം പര്യടനം നടത്തി ദീപശിഖാ പ്രയാണം ഇന്ന് വൈകുന്നേരം നാലിന് കളമശേരി ഡെക്കാത്തലണിനു സമീപം എത്തും. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന് ദീപശിഖ ഏറ്റുവാങ്ങും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും സൈക്കിളുകളുടെയും അകമ്പടിയോടെ ആയിരത്തോളം മാരത്തണ്‍ ഓട്ടക്കാരുടെ പങ്കാളിത്തത്തോടെ ഇടപ്പള്ളി - പാലാരിവട്ടം വഴി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ദീപശിഖ എത്തിക്കും. സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ ദീപശിഖ ഏറ്റുവാങ്ങും.
ദീപശിഖാ പ്രയാണവും മാരത്തണ്‍ സംഘവും കടന്നുപോകുന്ന കളമശേരി എസ് സിഎംഎസ് മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളില്‍ എന്‍എച്ച്-544, ആലുവ - എറണാകുളം പിഡബ്ല്യുഡി റോഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളില്‍ ഇന്ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. യാത്രക്കാര്‍ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് കൊച്ചി സിറ്റി പൊലിസ് അറിയിച്ചു.
District News
കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വീഡിയോകളും അശ്ലീല രീതിയില്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പൊലിസ്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതി വി.എസ്. ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്നും അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെയോ മറ്റോ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാളെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും തൃക്കാക്കര പൊലിസ് അറിയിച്ചു.
അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് കുറ്റത്തിനാണ് നിലവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചത്. കോളജ് അധികൃതരുടെ പരാതി പ്രകാരമാണ് കേസെടുത്തതെന്നും പൊലിസ് പറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത് ടെലിഗ്രാമില്‍ മാത്രമാണ്. സഹപാഠികളായ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും വീഡിയോയും നവ മാധ്യങ്ങളില്‍ പ്രചരിപ്പിച്ചെന്ന രീതിയില്‍ പുറത്തുവരുന്ന വിവരങ്ങള്‍ വാസ്തവമല്ല. അതേസമയം നാട്ടില്‍ ഒരു സ്ത്രീയുടെ ചിത്രം ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാമില്‍ നിന്ന് ഇവയെല്ലാം ഡിലിറ്റ് ചെയ്ത നിലയിലാണ്. മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി പ്രതി സാമ്പത്തികലാഭം ഉണ്ടാക്കിയതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തൃക്കാക്കര പൊലിസ് വ്യക്തമാക്കി. കേസില്‍ കൂട്ടുപ്രതികളില്ലെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം.
District News
കൊച്ചി: 25കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലിസ്.
കടവന്ത്രയില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശിനിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പൊലിസിനെ സമീപിച്ചത്. പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാമില്‍നിന്നും അടുത്ത ബന്ധുവിന്റെ മെയിലില്‍നിന്നും ശേഖരിച്ച ചിത്രങ്ങളാണ് മോര്‍ഫിംഗിന് ഇരയായത്. മൂന്ന് അക്കൗണ്ടുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലിസ്. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
District News
കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് പില്ലറിൽ ഇടിച്ചു കയറി യാത്രക്കാർക്കു പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. കലൂർ - എരമല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന തിരുവാതിര ബസിന്റെ ഡ്രൈവർ ചേർത്തല കാക്കത്തുരുത് സ്വദേശി കല്ലുങ്കൽ വീട്ടിൽ കെ.എസ്. റെജിമോനെ(30)തിരെയാണ് അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിന് പനങ്ങാട് പൊലിസ് കേസെടുത്തത്.
സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞ ഡ്രൈവർ തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ പിന്നീട് പനങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മരട് സിഐ എ.ബി. വിബിന്റെ നിർദേശാനുസരണം പനങ്ങാട് എസ്ഐ മിഥുൻ മോഹൻ തുടർനടപടികൾക്കായി വാഹനം കസ്റ്റഡിയിൽ എടുത്തു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയ്ക്കുശേഷം വാഹനം കോടതി മുന്‍പാകെ ഹാജരാക്കും
District News
മൂവാറ്റുപുഴ : മൂവാറ്റുപുഴ - വള്ളിക്കട റോഡിന്റെ ഇരുവശങ്ങളിലും വലിയ ഗര്‍ത്തം രൂപപ്പെട്ടത് അപകടഭീഷണി ഉയര്‍ത്തുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് ദുരവസ്ഥ.
കുഴിയുടെ ആഴവും വിസ്തൃതിയും അനുദിനം വര്‍ധിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിന് വീതി കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് മൂലം കുഴി ശ്രദ്ധയില്‍പ്പെടാതെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ഗര്‍ത്തങ്ങള്‍ ഉടന്‍ അടച്ച് ഗതാഗതം സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കോതമംഗലം: വിദ്യാലയങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബെസ്റ്റ് പെർഫോമൻസ് ജില്ലാതല അവാർഡ് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന്. 50,000 രൂപ അടങ്ങുന്നതാണ് പുരസ്കാരം.
2025-26 അധ്യയന വർഷത്തെ സ്കൂളിന്റെ പാഠ്യ- പാഠ്യേതര മികവുകൾ, സാമൂഹിക ഇടപെടലുകൾ, ഔദ്യോഗിക പ്രവർത്തനങ്ങളിലെ കൃത്യതകൾ, ഭരണമികവ്, തനിമയാർന്ന പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്കാര നിർണയം. നേരത്തെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി സെന്റ് അഗസ്റ്റിൻസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
District News
മൂവാറ്റുപുഴ: മര്‍ച്ചന്റ് അസോസിയേഷന് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനമായി ലഭിച്ച നിസാന്‍ മാഗ്നറ്റ് കാര്‍ ഭാഗ്യശാലിക്ക് സമ്മാനിച്ചു. മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എ. അബ്ദുല്‍ ഗഫൂര്‍ സമ്മാന വിതരണം നടത്തി. അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ജോയിസ് മേരി ആന്റണി, വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജിനു മടേയ്ക്കല്‍, അസം ബീഗം, മര്‍ച്ചന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കലൂര്‍, ട്രഷറര്‍ കെ.എം. ഷംസുദ്ദീന്, വൈസ് പ്രസിഡന്റ് മഹേഷ് എച്ച്. കമ്മത്ത്, സെക്രട്ടറിമാരായ ബോബി എസ്. നെല്ലിക്കല്‍, ജയ്സണ്‍ തോട്ടത്തില്‍, യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ്, ഗ്രൈന്‍സ് മര്‍ച്ചന്റ്സ് പ്രസിഡന്റ് മുഹമ്മദ് റാഫി, വനിത വിംഗ് പ്രസിഡന്റ് ജയ ബിജു എന്നിവര്‍ പ്രസംഗിച്ചു
District News
മൂവാറ്റുപുഴ : നഗരസഭയുടെ ഒപ്പമുണ്ട് പദ്ധതിയുടെ ഭാഗമായി നെസ്ലെ ഇന്ത്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ 1000 ഭക്ഷ്യക്കിറ്റുകള്‍ നഗരസഭയില്‍ വിതരണം ചെയ്തു.
1,500 രൂപ മൂല്യമുള്ള അരിയും മറ്റ് അവശ്യസാധനങ്ങളും ഉള്‍പ്പെടുന്നതാണ് ഓരോ കിറ്റും. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. നെസ്ലെ റീജണല്‍ കോര്‍പറേറ്റ് അഫയേഴ്സ് മാനേജര്‍ ജോയ് സക്കറിയ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍ സലാം, അസം ബീഗം, ജിനു മടേയ്ക്കല്‍, സി.എം. ഷുക്കൂര്‍ തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിലെ ദുരിതബാധിതര്‍ക്കും അര്‍ഹരായ കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം എത്തിക്കുന്നതിന് നഗരസഭ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഒപ്പമുണ്ട് പദ്ധതിയെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
District News
കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച കോതമംഗലം ആനന്ദ് നഴ്സിംഗ് ഹോം ഉടമ അയ്നാടൻ ജോർജ് പോളിന്റെ അനുസ്മരണം കോതമംഗലം മിന മസ്ജിദിൽ നടന്നു. അരനൂറ്റാണ്ട് കാലം കോതമംഗലത്തെയും ഹൈറേഞ്ചിലെയും നിർധനർക്കായി ഡോക്ടർ ആതുര സേവനം നടത്തി.
ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് മസ്ജിദ് നിർമാണത്തിനായി നൽകിയത്. ഇമാം ഷംസുദ്ദിൻ നദ്വി, പരിപാലന സമിതി അംഗങ്ങളായ എൻ.കെ. മുജീബ് റഹ്മാൻ, കെ.എസ്. അബ്ദുൾ മജീദ്, സി.എ. നവാസ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി കമ്മിറ്റി അംഗങ്ങൾ ഡോക്ടറുടെ വീട് സന്ദർശിക്കുകയും അനുശോചനമറിയിച്ചു.
മസ്ജിദ് പ്രസിഡന്റ് എൻ.പി.എം. അലിയാർ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തിൽ ഡോക്ടറുടെ മക്കളായ ആനന്ദ്, അനൂപ്, അരുൺ എന്നിവർ പങ്കെടുത്തു. സമൂഹങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിനു പിതാവ് പകർന്നു നൽകിയ പാഠമാണ് തങ്ങളെ നയിക്കുന്നതെന്ന് അവർ പറഞ്ഞു.
District News
മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിബിഎസ്ഇ ഇന്റര്‍ സ്കൂള്‍ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ ജേതാക്കൾ. 147 പോയിന്റ് നേടിയാണ് മേരിഗിരി കിരീടം നേടിയത്. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിൽ നാല് കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ 40 വിദ്യാലയങ്ങളില്‍ നിന്ന് 714 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
122 പോയിന്റോടെ പെരുമ്പാവൂര്‍ അമൃത വിദ്യാലയവും 110 പോയിന്റോടെ പുല്ലുവഴി സെന്റ് ജോസഫ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നിര്‍മല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി മത്സരം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കേരള സഹോദയ സെക്രട്ടറി ജൈന പോള്‍ അധ്യക്ഷത വഹിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി പ്രധാനാധ്യാപിക സിസ്റ്റര്‍ ദീപ്തി അധ്യാപകരെ ആദരിച്ചു. അധ്യാപികമാരായ മഞ്ജു ആന്റണി, ഹേമ വിനോദ്, ആന്‍ മേരി ബേബി എന്നിവര്‍ പ്രസംഗിച്ചു.
ഇന്റർ സ്കൂൾ ചെസ്: പ്രഭാത് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാർ
കൊച്ചി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ സോൺ 20 ന്റെ നേതൃത്വത്തിൽ തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ ഉദയംപേരൂര്‍ പ്രഭാത് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
എല്‍പി വിഭാഗത്തില്‍ അദ്വിക് അനൂപ് (വിദ്യോദയ സ്കൂള്‍ തേവക്കല്‍), യുപി വിഭാഗത്തില്‍ എം.നൈദ്വിക് (നൈപുണ്യ പബ്ലിക് സ്കൂള്‍), എച്ച്എസ് വിഭാഗത്തില്‍ ആദവ് എസ്. കുമാര്‍ (പ്രഭാത് പബ്ലിക് സ്കൂള്‍) എന്നിവർ ചാമ്പ്യന്മാരായി.
District News
കൊച്ചി: രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം ഡൽഹിയിലെ ഇടനിലക്കാരനിലേക്ക്. മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി പുതിയറോഡ് നൗഫൽ (32), മട്ടാഞ്ചേരി താഴകത്ത് വീട്ടില്‍ ടി എ സഫീർ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘം എംഡിഎംഎയുമായി പിടികൂടിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചിരുന്നതെന്ന് ഇവർ വെളിപ്പെടുത്തി. എറണാകുളം സ്വദേശിയാണ് ഡൽഹിയിൽ നിന്നും രാസലഹരി അയച്ചിരുന്നത്. സഫീർ നേരത്തെ മയക്കുമരുന്ന് കേസിൽ ആലുവ ജയിലിൽ കഴിഞ്ഞിരുന്നു. അവിടെവച്ചാണ് ഇയാളെ പരിചയപ്പെട്ടത്. തുടർന്നാണ് പുറത്തിറങ്ങിയ ശേഷമാണ് മൂവരും ചേർന്ന് ആസൂത്രിതമായി ഡൽഹിയിൽ നിന്നും എംഡിഎംഎ എത്തിക്കാൻ തുടങ്ങിയത്.
എയര്കൂളറുകളില് ഒളിപ്പിച്ചാണ് ഇവര്‍ ട്രെയിനില്‍ ലഹരിവസ്തു കടത്തിക്കൊണ്ടുവന്നിരുന്നത്. പാക്കറ്റ് പൊട്ടിക്കാത്ത ടവർ ഫാനിനകത്തും എയര്കൂളറിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം പിടിച്ച എംഡിഎംഎ. ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലിസ്.
കൊച്ചിയിൽ എത്തിക്കുന്ന എംഡിഎംഎ ചെറുകിട വിൽപനക്കാർക്ക് പറഞ്ഞുറപ്പിച്ച തുകക്ക് കൈമാറുന്നതായിരുന്നു രീതി. നേരിട്ടും ഇവർ വിൽപന നടത്തിയിരുന്നു. വിദേശികൾക്കുൾപ്പെടെ എംഡിഎംഎ വിറ്റിരുന്നതായും സൂചനയുണ്ട്. ഇവരുമായി ഇടപാട് നടത്തിയിരുന്നവർ, ഇവരുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ വിവരങ്ങളെകുറിച്ചും അന്വേഷണം ആരംഭിച്ചു. അടിപിടി, മയക്കുമരുന്ന്, മോഷണം ഉൾപ്പെടെ ഒന്‍പത് കേസുകളിൽ പ്രതിയാണ് നൗഫൽ. കാപ്പ ചുമത്തിയിട്ടുണ്ട്. കാപ്പ വ്യവസ്ഥ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. റിമാൻഡിലുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
District News
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ 14-ാമത് അഭിഷേകാഗ്നി ബൈബിൾ കൺവൻഷന് ഇന്ന് വല്ലാർപാടം ബസിലിക്കയിൽ തുടക്കമാകും. വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും.
അഞ്ചുദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെയാണു കൺവൻഷൻ. എല്ലാ ദിവസവും ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുണ്ടാകും.
ഫാ. സേവ്യർഖാൻ വട്ടായിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. കൺവൻഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്കു സൗജന്യ വാഹനസൗകര്യമുണ്ടാകും. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നു വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ.ജെറോം ചമ്മിണികോടത്ത്, അതിരൂപത കമ്മിഷൻ ഫോർ പ്രൊക്ലമേഷൻ ഡയറക്ടർ ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവർ അറിയിച്ചു.
District News
കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിലെ ചിറ്റൂർ മേഖലയിലും കൊച്ചി കോർപറേഷനിലെ വടുതല പ്രദേശത്തും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎൽഎ ജലവിതരണ മന്ത്രി മോൻസ് ജോസഫിന് കത്ത് നൽകി. പ്രദേശത്തെ കുടിവെള്ളക്ഷാമം സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഒരു മാസത്തോളമായി ചിറ്റൂർ, വടുതല പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ വലിയ ദുരിതമാണ് നേരിടുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാട്ടർ അഥോറിറ്റി എംഡിയെ പ്രശ്ന പരിഹാരത്തിനായി ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചെന്നും എംഎൽഎ പറഞ്ഞു. കുടിവെള്ള പ്രശ്നം സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ 10ന് യോഗം വിളിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജനപ്രതിനിധികളും കേരള വാട്ടർ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
District News
കാക്കനാട്: ഉമ തോമസ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 1.27കോടിരൂപ ചെലവഴിച്ച് പുനർനിർമിച്ച ഇടച്ചിറ ഒറ്റിക്കാലി പാലം നാടിന് സമർപ്പിച്ചു.
ദീർഘകാലമായി പ്രദേശ വാസികൾ അനുഭവിച്ചു വന്ന യാത്രാക്ലേശത്തിന് ഇതൊടെ പരിഹാരമായി. പുതിയ പാലം യാഥാർഥ്യമായതോടെ ഇതുവഴി ഇനി വലിയ ഭാരവണ്ടികളടക്കം കടന്നുപോകും. കാൽ നൂറ്റാണ്ടോളം പഴക്കമുള്ള പഴയപാലം തകർന്നതിനെ തുടർന്നാണ് പുനർനിർമിച്ചതെന്ന് എംഎൽഎ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്ന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നതെന്നും അവർ അറിയിച്ചു.
ഇടച്ചിറയിൽ നിന്നും മാഞ്ചേരിക്കുഴി ഭാഗത്തേക്കുള്ള യാത്ര മതമല്ല ഐടി ജീവനക്കാർക്കും സമീപവാസികൾക്കും വിദ്യാർഥികൾക്കും പുതിയ പാലം ഏറെ പ്രയോജനപ്പെടും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. അനിൽകുമാർ, വാർഡ് കൗൺസിലർമാരായ നൗഷാദ്, എസ്. ദിവ്യ, ശബരിനാഥ് എന്നിവർ സംബന്ധിച്ചു.
District News
കൊച്ചി: റോഡ് മധ്യത്തിൽ കാർ തടഞ്ഞു നിർത്തി യാത്രക്കാരെ അസഭ്യം പറഞ്ഞ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. നഗരത്തിൽ സർവീസ് നടത്തുന്ന അലങ്കാർ ബസിലെ കണ്ടക്ടറായ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാർ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ദേശാഭിമാനി ജംഗ്ഷനിൽ വച്ച് കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന ശക്തി ബസ് ഗതാഗത തടസമുണ്ടാക്കി സ്റ്റോപ്പിൽ ആളെ ഇറക്കുന്ന സമയം പുറകിൽ വന്ന കാറിലെ ഡ്രൈവർ ഹോൺ മുഴക്കിയതിൽ പ്രകോപിതനായി ബസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് അൻസാർ ബസിൽ നിന്ന് ചാടിയിറങ്ങി. കാറിനു മുമ്പിൽ വട്ടം നിന്ന് സിനിമാ സ്റ്റൈലിൽ കാർ തടയുകയായിരുന്നു. കാർ തടഞ്ഞതിന് ലഭിച്ച പരാതിയിൽ എറണാകുളം നോർത്ത് പൊലിസ് ഇയാളെ അന്വേഷിച്ച് വരുന്നതിനിടെ അലങ്കാർ ബസിലെ കണ്ടക്ടർ ആണെന്ന് മനസിലാക്കി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
District News
കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റി ഓഫിസിലെ വജ്ര ജൂബിലി ഹാളിന്റെ ഉദ്ഘാടനം മുൻ മന്ത്രി പി. രാജീവ് നിർവഹിച്ചു. കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത് ചന്ദ്രലാൽ, ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എ. ബിന്ദു, സെക്രട്ടറിയേറ്റ് അംഗം ഡോ. ബോബി പോൾ, ഡോ. എസ്.ആർ. മോഹന ചന്ദ്രൻ, വി.എം. സുനിൽ, ടി.എൻ. മിനി, സി.ആർ. സോമൻ, ജില്ലാ സെക്രട്ടറി വി.എസ്. രാജേഷ്, വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്താണ് ഹാൾ.
District News
ചാവറദര്ശനില്
കൊച്ചി: കൂനമ്മാവ് ചാവറദര്ശന് സിഎംഐ പബ്ലിക് സ്കൂളില്‍ അധ്യാപക ദിനാഘോഷം നടത്തി. വിരമിച്ച അധ്യാപകരെയും സ്ഥലം മാറിപ്പോയവരെയും ആദരിച്ചു. മാനേജര്‍ ഫാ. പോള്‍ നെടുംചാലില്‍ ഉദ്ഘാടനം ചെയ്തു. ഫാ. മെജിറ്റ് വട്ടോലി, ഫാ. ജോബി കോഴിക്കോട്ട്, അനില അലക്സാണ്ടര്‍, പി.ജെ. അല്‍ഫോന്‍സ, പിടിഎ പ്രസിഡന്റ് ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍ക്കു സമ്മാനങ്ങള്‍ കൈമാറലും കലാപരിപാടികളും ഉണ്ടായിരുന്നു.
അധ്യാപകരുടെ പങ്ക് നിർണായകം: ഫാ. അനിൽ ഫിലിപ്പ്
കൊച്ചി: അധ്യാപകരാണു നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിക്കുന്നവരെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ, കലൂർ ഗവ. മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ദേശീയ അധ്യാപക ദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ടെസി ജോസഫിനെ ഫാ. അനിൽ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് അധ്യാപകദിന സമ്മാനമായി നൽകിയ സ്റ്റീൽ അലമാരയുടെ താക്കോൽ കൈമാറി. പ്രിൻസിപ്പൽ ടെസി ജോസഫ്, അധ്യാപിക അമ്പിളി എന്നിവർ പ്രസംഗിച്ചു.
ആലുവ വിദ്യാഭ്യാസ ജില്ല
ആലുവ: പൊതുവിദ്യാഭ്യാസ വകുപ്പ് ആലുവ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ അധ്യാപക ദിനാഘോഷം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി അധ്യക്ഷത വഹിച്ചു. മലയാള സിനിമാഗാന രചയിതാവ് ഐ.എസ്. കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ആലുവ ഡിഇഒ ഇൻ ചാർജ് സനൂജ എ. ഷംസു, നഗരസഭ വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, മിനി ബൈജു എന്നിവർ പ്രസംഗിച്ചു. അങ്കമാലി, കോലഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
കോതമംഗലം വിദ്യാഭ്യാസ ജില്ല
പെരുമ്പാവൂർ: കോതമംഗലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ദിനാഘോഷം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമിത ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാല മുൻ വിസി ഡോ. എം.സി. ദിലീപ്കുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എ. മുക്താർ, ജില്ലാ പഞ്ചായത്തംഗം ടി.എസ്. സുമയ്യ, ഡിഇഒ ബോബി ജോർജ്, എഇഒ കെ.ബി. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
ബഡ്സ് അധ്യാപക ദിനാഘോഷം
കൊച്ചി: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബഡ്സ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ (പ്രിയദർശിനി ഹാൾ )നടന്ന ചടങ്ങ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റെജിന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ.ആർ. രജിത, കെ.സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
അധ്യാപകരുടെ ശേഷി വികസനത്തിന്റെ ഭാഗമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കുസുമഗിരി ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ലിജി ജോസഫ് പരിശീലനത്തിന് നേതൃത്വം നൽകി. ബഡ്സ് അധ്യാപകരുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തി.
ആദരം
തൃപ്പൂണിത്തുറ: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് തൃപ്പൂണിത്തുറ റോയലും ലയൺസ് വുമൺസ് ഫോറവും ചേർന്ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് എൽപിസ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജയറാണി ജോസഫ്, ലിസിമോൾ എന്നിവരെയും മറ്റ് അധ്യാപകരെയും ആദരിച്ചു. ലയൺസ് ക്ലബ് ഓഫ് തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് ഡോ. സാറാമ്മ പോൾ, സെക്രട്ടറി ജിഷ പോൾ, പ്രോഗ്രാം കോർഡിനേറ്റർ ജെയിംസ് മാത്യു എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷം ചീഫ് വിപ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.എന്‍. സജിമോന്‍ മെമന്റോ നല്കി ആദരിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷനായി. വിദ്യാഭ്യാസ ജില്ലാ തലത്തില്‍ നടത്തിയ അധ്യാപക കലാമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സമ്മാനം നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി നല്കി. ദേശീയ അവാര്‍ഡ് ജേതാവ് മാത്യു ചെറിയാന് അധ്യാപകദിന സന്ദേശം നല്കി.
ഷഹന മാഹിന്‍, രാജശ്രീ രാജു, അനൂപ് ജോണ്‍, ഷഫ്ന സലിം, സുഹൈല്‍ സൈനുദീന്‍, കെ.എസ്. ബിജോയി, മുഹമ്മദ് സുഹൈല്‍, സി.കെ. ജയശ്രീ, ജോമോന് ജോസഫ്, പി.എച്ച്. ഷെമീന, ഷൈജു കെ. ജേക്കബ് എന്നീ വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും, പി.എന്‍. സജിമോന്‍, എം.പി. സജീവ്, എം.കെ. രഘു എന്നീ ഉപജില്ലാ വിദ്യാഭ്യാ ഓഫീസര്‍മാരും, നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ഇടതൊട്ടി, പി.എസ് ഷിയാസ്, ഷൈന്‍ ജോസഫ്, കെ.കെ. അജിത്, പി.എം. അനില്‍ എന്നീ വിവിധ ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറിമാരും, മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എം. രാജേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എ. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിൽ
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് (എസ്പിസി ) യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം നടത്തി.
ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.അധ്യാപകൻ സി. കെ. അലക്സാണ്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്തു . തുടർന്ന് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. സ്കൂൾ മാനേജർ ലാൽ വർഗീസ് അപ്പയ്ക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിബി ചെറിയാൻ, പിടിഎ പ്രസിഡന്റ് പി.കെ. ബിജു, എസ്പിസി കോ-ഓർഡിനേറ്റർ എം.എ. എൽദോസ്, സ്റ്റാഫ് സെക്രട്ടറി പി. വി സിനി എന്നിവർ പ്രസംഗിച്ചു. വോയ്സ് ഓഫ് മാർ ബേസിൽ ടീമിന്റെ സംഗീതവിരുന്നും അരങ്ങേറി.
സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ
ഇലഞ്ഞി: വൈസ്മെൻ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടത്തിയ അധ്യാപക ദിനാചരണം ജസ്റ്റീസ് രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ഇലഞ്ഞി ടൗൺ ക്ലബ് പ്രസിഡന്റ് ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോജു ജോസഫ്, ഷാജു വി. പോൾ, വി.എ. തമ്പി, ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി എന്നിവർ പ്രസംഗിച്ചു. വൈസ് മെൻ ഇന്റർനാഷണലിന്റെ ഈ വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡ് സെന്റ് ഫിലോമിനാസിലെ ബിനു പൗലോസിന് ജസ്റ്റീസ് രാമചന്ദ്രൻ നായർ സമ്മാനിച്ചു. ക്ലബിലെ മുഴുവൻ അധ്യാപകരെയും പൊന്നാടയണിയിച്ച് അദ്ദേഹം ആദരിച്ചു.
എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ
എടക്കാട്ടുവയൽ: എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ അധ്യാപകദിനാചരണം നടത്തി. 36 വർഷം പ്രഥമാധ്യാപകനായിരുന്ന ഇ.വി. വർഗീസിനെ സ്കൂൾ മാനേജർ വർഗീസ് കെ. അമ്പാടൻ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, ഹെഡ്മിസ്ട്രസ് സബിത മാത്യു, ജോഷി വർഗീസ്, എം.ടി. ബേബി, ശിവദാസ് എടയ്ക്കാട്ടുവയൽ, കെ.എം. മത്തായി, കെ.ജി. രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
വിരമിച്ച അധ്യാപികയെ വീട്ടിലെത്തി ആദരിച്ചു
മൂവാറ്റുപുഴ: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടാര്‍ എസ്എബിടിഎം സ്കൂള്‍ വിദ്യാര്‍ഥികള്‍ മുന്‍ അധ്യാപികയുടെ ഭവനം സന്ദര്‍ശിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിലെ പൂര്‍വ അധ്യാപികയായിരുന്ന കെ.കെ. ഏലിയാമ്മയുടെ വസതിയില്‍ എത്തിയാണ് ആദരിച്ചത്. സ്കൂള്‍ മാനേജര്‍ എം.എം. അലിയാര് അധ്യാപക ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപിക എം.എ. ഫൗസിയ അധ്യാപക ദിന സന്ദേശം നല്കി. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.എം. ഷെക്കീര്‍, അധ്യാപികമാരായ വേണി ആര്. നായര്‍, എം.എ. റസീന, പി.എ. റസിയ മോള് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെയും വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മിഷന്റെയും ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ് ഡോ. ബർണർഡീൻ ബച്ചിനെല്ലിയുടെ 158-ാം ചരമവാർഷിക അനുസ്മരണം നടത്തി.എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഹാളിൽ നടന്ന സമ്മേളനം വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല സന്ദേശം നൽകി. ഫാ. ജോസ് റീഗൻ മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎച്ച്എ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ, സിസ്റ്റർ ഡോ. മേരി അന്റോണിയോ, ഹെറിറ്റേജ് കമ്മിഷൻ സെക്രട്ടറി ഫാ.ഡോ. ജോൺ ബോസ്കോ ഇമ്മാനുവൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ഫാ. ഡോ.പീറ്റർ കൊച്ചുവീട്ടിൽ, ഡോ. ഗ്രിഗറി പോൾ എന്നിവർ പ്രസംഗിച്ചു. ദിവ്യബലിയിൽ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.
District News
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി അടിയന്തരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നിവേദനം നൽകുന്ന നടപടി തുടരുകയാണ്. കിഫ ജില്ലാ കമ്മിറ്റി അംഗം ചാർളി മാത്യുവിന്റെ പാലക്കുഴി വാർഡിലെ വോട്ടർമാർ ഒപ്പിട്ട നിവേദനം മെംബർ റെൻസി ജോയ്സിന് നൽകി.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വലിയആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ടിന് നടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
യോഗ അജണ്ടയിൽ നാലാമത്തെ വിഷയമായുള്ളത് കസ്തൂരിരംഗൻ ഇഎസ്ഐ വിജ്ഞാപനം സംബന്ധിച്ചുള്ളതാണ്. ഈ യോഗത്തിലാകും പ്രത്യേക ഗ്രാമസഭകൾ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ പറഞ്ഞു. ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല. കർഷകസംഘം ഉൾപ്പെടെയുള്ള സംഘടനകളും വിഷയത്തിൽ സമരരംഗത്തുണ്ടെന്ന് പ്രസിഡന്റ് കലാധരൻ അറിയിച്ചു.
പ്രശ്നബാധിതമാകാൻ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഒപ്പിട്ടു നൽകുന്ന നിവേദനങ്ങൾ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറേണ്ടതുണ്ട്. എന്നാൽ മാത്രമെ സ്പെഷൽ ഗ്രാമസഭ വിളിച്ചുകൂട്ടലും വിഷയം ചർച്ച ചെയ്ത് പ്രമേയം പാസാക്കുന്ന നടപടികളും നടത്താനാകു.
27 നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശമുള്ളത്. ജൂലൈ 27ന് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.
ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 13 വില്ലേജുകളിലായി 150 ഓളം വാർഡുകൾ പ്രശ്ന സാധ്യതാ പട്ടികയിലുണ്ട്.
District News
ചിറ്റൂർ: ഗവ. കോളജിന് സമീപത്തെ 60 വർഷം പഴക്കമുള്ള പുഴപ്പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നാളെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തു മുതൽ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടും.
പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് നവീകരണം വൈകിപ്പിക്കരുതെന്ന് സുമേഷ് അച്യുതൻ എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച തന്നെ പണി ആരംഭിക്കാൻ തീരുമാനമായത്. ബദൽ റോഡുകളുടെ ഓട്ടയടക്കൽ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ ഗുരുതര തകരാറുകൾ കണ്ടെത്തിയത്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നും കമ്പികൾ പുറത്തുവന്നുമുള്ള നിലയിലാണ്.
115 മീറ്റർ നീളമുള്ള പാലത്തിലെ ആറ് സ്പാനുകളുടേയും ബെയറിംഗുകൾ തകർന്ന നിലയിലാണെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പ്ലാൻ ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.
പാലം അടയ്ക്കുന്നതോടെ തത്തമംഗലത്തുനിന്ന് ചിറ്റൂരിലേക്ക് എത്തുന്നവർ പാലത്തുള്ളി, പെരുവെമ്പ്, അത്തിക്കോട് വഴിയും മേട്ടുപ്പാളയത്തുനിന്നുള്ളവർ വണ്ടിത്താവളം, വിളയോടി വഴിയും യാത്ര ചെയ്യണം. സ്വകാര്യ ബസുകൾക്ക് അധിക ഇന്ധനച്ചെലവ് വരുന്നതിനാൽ ബദൽ റൂട്ടിനെക്കുറിച്ച് ആശങ്കയുണ്ട്. കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കുള്ള ബസുകൾ ചിറ്റൂർ കോളജിന് സമീപത്തുനിന്നും പുതുനഗരം, കൊടുവായൂർ ഭാഗത്തേക്കുള്ള ബസുകൾ പാലത്തിനപ്പുറത്തുനിന്നും സർവീസ് ആരംഭിക്കാനാണ് തീരുമാനം.
പെരുവെമ്പ്–പാലത്തുള്ളി ബദൽ റോഡിന്റെ ചില ഭാഗങ്ങളിലെ തകർച്ചക്കും പരിഹാരനടപടികൾ നടന്നുവരികയാണ്. കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗത്തുനിന്നും കോയമ്പത്തൂർ കോളജുകളിലേക്ക് വരുന്ന ബസുകൾ വണ്ടിത്താവളം, ആശുപത്രി ജംഗ്ഷൻ വഴി സഞ്ചരിക്കേണ്ടതാണ്.
District News
പാലക്കാട്: കർഷകർ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാൻ പിആർഎസ് സംവിധാനം നിർത്തലാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തെ കർഷക കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. രാസവളത്തിന്റെ വിലവർധനയിൽ പ്രതിഷേധിച്ച് 12 ന് പാലക്കാട് ഹെഡ് പോസ്റ്റ് ധർണ നടത്തും. കർഷക കോണ്‍ഗ്രസ് മലന്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കൂട്ടിയ രാസവളത്തിന്റെ വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക, മലയോര കർഷകരുടെയും ക്ഷീരകർഷരുടെയും പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക, വന്യമൃഗശല്യം തടയാനുള്ള അടിയന്തര നടപടി സ്വീകരിക്കുക, നെൽകർഷകരുടെ കുടിശിക തീർത്തുകൊടുക്കുക, രാസവളത്തിന്റെ ലഭ്യത സുതാര്യമാക്കുക, കേന്ദ്ര സർക്കാർ വർധിപ്പിച്ച നെല്ലിന്റെ വില കിലോഗ്രാമിന് 72 പൈസയ്ക്ക് ആനുപാതികമായി സംസ്ഥാന സർക്കാർ വില വർധിപ്പിക്കുക, മലയോരമേഖലയിലെ 2000 ത്തോളം ക്ഷീരകർഷരുടെ കുടുംബങ്ങൾ വന്യമൃഗശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
ഇതിനെല്ലാം എത്രയുംവേഗം പരിഹാരം കാണണമെന്ന് കണ്വൻഷൻ ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ എം.സി. വർഗീസ്, എൻ. രവീന്ദ്രൻ വള്ളിക്കോട്, എൻ. മുരളീധരൻ, പി.കെ. ജ്യോതിപ്രസാദ്, കെ. ഭാസ്കരൻ മാസ്റ്റർ, സി. സജിത്ത്, കെ. കെ. കൃഷ്ണകുമാർ, എം. കൃഷ്ണനുണ്ണി, പി.സി. പ്രേമദാസൻ, കെ. സുരേഷ്, ദിനേഷ് കുമാർ, രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലക്കാട്: ജില്ലയിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് ലീഡർമാരുടെ പ്രഥമ ലീഡേഴ്സ് മീറ്റ് നടന്നു. ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് എം. സുരേഷ്, പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേഷ് പാറപ്പുറം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.എം. സാലിഹ്, കെ.ജി. അനിൽകുമാർ, സംസ്ഥാന അസോസിയേഷനിലെ വിവിധ കമ്മീഷണർമാരായ കെ.ടി. ഹരിദാസ്, പി. അൻവർ, പി.പി. ഹംസ, ടി.പി. നൂറുൽ അമീൻ, ജില്ലയിലെ വിവിധ കമ്മീഷണർമാരായ ഇ.പി. പ്രസൂജ്, സി.സി. സുഹാസ്, പി.ടി. സഫിയ, സി. രാജേഷ്, എസ്. കവിതാമണി, ജില്ലാ സെക്രട്ടറി സി. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ടി.വി. ജീജ, ട്രഷറർ കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിദ്യാലയങ്ങളിലെ സ്കൗട്ട്, ഗൈഡ്, കബ്ബ് ബുൾബുൾ, ബണ്ണീസ്, റേഞ്ചർ, റോവർ, യൂണിറ്റ് ലീഡർമാർ പങ്കെടുത്തു.
District News
വടക്കഞ്ചേരി: ജനമൈത്രി പൊലീസ്,കേരള വ്യാപാരി സംരക്ഷണസമിതി എന്നിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വടക്കഞ്ചേരി ടൗണിൽ ഓപ്പറേഷൻ തൂഫാൻ സൗഹൃദ ക്രിക്കറ്റ് മത്സരവും ലഹരിവിരുദ്ധ ബോധവത്കരണ റാലിയും നടത്തി.
ആലത്തൂർ ഡിവൈഎസ്പി വി.എസ്. ദിനരാജ് റാലി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് നിർവഹിച്ചു. എസ്ഐ വിവേക് നാരായണൻ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, കേരള വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ. അച്യുതൻ, പത്രപ്രവർത്തക കൂട്ടായ്മ പ്രസിഡന്റ് ടി.വി. ശിവദാസ്, മലബാർ ക്ലബ് സെക്രട്ടറി പി. സുജീഷ്, റോട്ടറി ക്ലബ് പ്രസിഡന്റ് കെ.എസ്. ബാബുരാജൻ, കെ.എസ്. കരുണാകരൻ, കേരകേസരി സി.ആർ. ഭവദാസ് പ്രസംഗിച്ചു. കേരള വ്യാപാരി സംരക്ഷണ സമിതി ചെയർമാൻ ബോബൻ ജോർജ് സ്വാഗതവും എസ്ഐ ഷാജു നന്ദിയും പറഞ്ഞു.
എട്ടു ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് മത്സരത്തിൽ മലബാർ ക്ലബ് ട്രോഫി നേടി. ഫ്ലമിംഗോ ക്രിക്കറ്റ് അക്കാദമി റണ്ണറപ്പായി. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, ഡിവൈഎസ്പി വി.എസ്. ദിനരാജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
District News
അഗളി: അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ എൽപി സ്കൂളിൽ യാത്രയയപ്പും പൂർവവിദ്യാർഥിസംഗമവും നടന്നു. 34 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക റോസമ്മയ്ക്ക് യാത്രയയപ്പ് നൽകി.
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് ഉദ്ഘാടനം ചെയ്തു.
ജയ്ക്രിസ്റ്റോ എഡ്യൂക്കേഷൻ ഏജൻസി കൗൺസിലർ സിസ്റ്റർ ലത സിഎംസി അധ്യക്ഷയായി. ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ. മാർട്ടിൻ കളമ്പാടൻ മുഖ്യാതിഥിയായി.
അജിത്ത് ഷോളയൂർ, പ്രധാന അധ്യാപിക സിസ്റ്റർ സച്ചിത സിഎംസി, പൂർവ വിദ്യാർഥി പ്രതിനിധികളായ അരുൺകുമാർ, ലൈബി ഫ്രാൻസിസ്, ഡിലേഷ് ജോസ്, പിടിഎ പ്രസിഡന്റ് ടോണി ജോർജ്, സ്റ്റാഫ് പ്രതിനിധി ഷീജ എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർഥികൾ സമാഹരിച്ച തുക പ്രധാനാധ്യാപികയ്ക്ക് സ്കൂൾ വികസനത്തിനായി കൈമാറി.
District News
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനാണ്. പക്ഷേ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ല, പരാതിയുമായി ഷൊർണൂർ നഗരസഭ അധികൃതർ ഉന്നത റെയിൽവേ അധികൃതരെ കണ്ടു.
മലബാറിന്റെ റെയിൽവേ പ്രവേശന കവാടം എന്ന് പ്രസിദ്ധിയുള്ള ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് പരാധീനതകൾ മാത്രമാണ് പറയാനുള്ളതെന്നും അടിമുടി മാറിയ റെയിൽവേ സ്റ്റേഷനിൽ ഷൊർണൂർ സ്പർശിക്കാതെ പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ പി. നിർമലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ റെയിൽവേ അധികൃതരെ സന്ദർശിച്ച് നിവേദനം നൽകി.
കേരളത്തിലെ ഏറ്റവും പ്രധാനപെട്ടതും വലുതുമായ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ല എന്ന അവസ്ഥ മാറ്റണമെന്നാണ് ആവശ്യം. ഇതുമൂലം ഷൊർണൂരിന്റെ വികസന സ്വപ്നങ്ങൾക്കും യാത്രക്കാർക്കും വലിയ തിരിച്ചടികൾ ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുതരണമെന്നും നഗരസഭയും റെയിൽവേയുമായി ഉള്ള സൗഹൃദബന്ധം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. ഷൊർണൂരിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ഡിആർഎം, എഡിആർഎം എന്നിവരെയാണ് നഗരസഭ ചേർപേഴ്സന്റെ നേതൃത്വത്തിൽ കണ്ടത്. നഗരസഭ സെക്രട്ടറി പി. രാജേഷ്, അബ്ദുൾ റസാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
District News
തത്തമംഗലം: മേട്ടുപ്പാളയം മുക്കവല ആധുനിക ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു ചുറ്റും നഗരസഭ വിവിധയിനം പൂച്ചെടികൾ വെച്ചത് ശ്രദ്ധേയമായി. ദിവസേന നൂറുകണക്കിനാളുകൾ ഈ കാത്തിരിപ്പ് കേന്ദ്രത്തിൽ എത്താറുണ്ട്. നഗരസഭ ആരംഭിച്ച പൂന്തോട്ടം സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് സംരക്ഷിച്ചുവരുന്നത്. ഓട്ടോ ഡ്രൈവർമാരായ എസ്. സുരേഷ്, എൽ. രാമചന്ദ്രൻ, വി. ആറുമുഖൻ, ആർ. സുന്ദരൻകുട്ടി, പി. മൂർത്തി എന്നിവരാണ് ഊഴമിട്ട് പൂച്ചട്ടികളിൽ വെള്ളമൊഴിച്ച് പരിപാലിക്കുന്നത്.
റോഡരികിൽ മേയുന്ന നാൽക്കാലികളെ സമീപത്തെത്താതെ ഓടിക്കുന്നതും ഡ്രൈവർമാർ തന്നെയാണ്. രണ്ടുമാസം മുന്‍പാണ് ബസ് സ്റ്റോപ്പിൽ പൂച്ചെടികൾ വെച്ചത്. 25 ലക്ഷം ചെലവിൽ മുൻമന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ആധുനിക രീതിയിൽ ജില്ലയിൽ ആദ്യത്തെ കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്. മഴപെയ്യുമ്പോൾ മേൽക്കൂര ഭാഗത്തു നിന്നും താഴേക്ക് വെള്ളം ഒഴുകാറില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. മഴസമയത്ത് മേൽക്കൂരയുടെ മധ്യഭാഗത്ത് കൂടി താഴേക്ക് ഇറക്കിയ പൈപ്പ് വഴി ഭൂമിക്കടിയിലുടെ അഴുക്ക് ചാലിലേക്ക് വെള്ളം എത്തിക്കുന്ന രീതിയിലാണ് മേട്ടുപ്പാളയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണഘടന.