ദീപശിഖ ശക്തിസിംഗ് ആര്യ ഏറ്റുവാങ്ങുന്നു.
കാസർഗോഡ്: യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി സംസ്ഥാന പൊലിസ് അത്ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തണും ദീപശിഖാ പ്രയാണവും കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം എന്നിവർ സംബന്ധിച്ചു. കബഡി താരം ജഗദീഷ് കുമ്പള, ഫുട്ബോൾ താരം മുഹമ്മദ് റാഫി എന്നിവരിൽ നിന്ന് ആർആർആർഎഫ് കമാൻഡന്റ് ശക്തിസിംഗ് ആര്യ ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ദീപശിഖാ പ്രയാണവും മാരത്തണും ഈ മാസം എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
ചടങ്ങിൽ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. എഎസ്പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് നഗരസഭാ കോൺഫറൻസ് ഹാളിൽ എൻഎസ്എസ്, എൻസിസി, എസ്പിസി കേഡറ്റുകളുമായി സംവദിച്ചു.