പ്രതീകാത്മക ചിത്രം
നീലേശ്വരം: ദേശീയപാതയോരത്ത് പിലിക്കോട് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രത്തിന്റെ തെങ്ങിൻതോട്ടത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം. മത്സ്യഫെഡിനു കീഴിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് 35 സെന്റ് സ്ഥലം പാട്ടത്തിനു നൽകാനാണ് നീക്കം നടക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ മത്സ്യഫെഡ് കാർഷിക സർവകലാശാലയ്ക്ക് അപേക്ഷ നൽകിയിരുന്നു. ബി. അശോക് വിസിയായിരിക്കേ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുകയും പിലിക്കോട് കേന്ദ്രം മേധാവിയോട് സാധ്യതാ റിപ്പോർട്ട് തേടുകയുമായിരുന്നു.
നിരവധി ഇനങ്ങളിൽപെട്ട തെങ്ങുകളടങ്ങിയ പരീക്ഷണ തോട്ടത്തിന്റെ എൽ ബ്ലോക്കിൽ ഉൾപ്പെട്ട സ്ഥലമാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈയൊരു ആവശ്യത്തിന് തെങ്ങുകൾ മുറിച്ചുമാറ്റി സ്ഥലം വിട്ടുനൽകിയാൽ ദേശീയപാതയോരത്തെ കണ്ണായ സ്ഥലത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്നും കാർഷിക ഗവേഷണകേന്ദ്രത്തിന്റെ പ്രാധാന്യം നഷ്ടമാകുമെന്നുമാണ് കേന്ദ്രത്തിലെ ജീവനക്കാരും വിദ്യാർഥികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.
നേരത്തേ നീലേശ്വരത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ കാർഷിക ഗവേഷണകേന്ദ്രത്തിനു കീഴിലുള്ള കരുവാച്ചേരി തോട്ടത്തിന്റെ സ്ഥലം നഗരസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല വിട്ടുനൽകിയിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം, പിലിക്കോട് തോട്ടങ്ങളുടെ സ്ഥലവും കാർഷിക വിളകളുമുൾപ്പെടെ നഷ്ടമായതാണ്.
നീലേശ്വരം തോട്ടത്തിൽനിന്ന് അന്ന് മുറിച്ചുമാറ്റേണ്ടിവന്ന നാട്ടുമാവിനങ്ങളുടെ പുതിയ തൈകൾ ഉത്പാദിപ്പിച്ച് ഇതേ തോട്ടത്തിൽ മറ്റൊരിടത്ത് നട്ടുവളർത്തുകയായിരുന്നു. കാർഷിക ഗവേഷണകേന്ദ്രത്തിന്റെ സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികളും നാട്ടുകാരും കർമസമിതി രൂപീകരിച്ച് പ്രതിരോധം തീർക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.