എം.സി. അതുലിനെ കെ. സുധാകരൻ എംപി സന്ദർശിക്കുന്നു.
കൂത്തുപറമ്പ്: നിർമലഗിരിയ്ക്കടുത്ത് വിദ്യാർഥി സംഘടനാപ്രവർത്തകർ തമ്മിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുലിനെ ആക്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകരായ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. അതുൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് യദുകൃഷ്ണ, അമേഘ്, പ്രത്യൂഷ്, ആകാശ്, അഭിനവ് എന്നിവർക്കും പരിക്കേറ്റു. ഇവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ് യു പ്രവർത്തകർ മർദിച്ചെന്നാണ് ഇവരുടെ പരാതി. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് കോളജ് ഗേറ്റിന് പുറത്തുവച്ച് ചുമരെഴുത്തുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.
സംഘർഷം കോളജിലല്ല: നിർമലഗിരി മാനേജ്മെന്റ്
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം നടന്നുവെന്ന രീതിയിൽ ചില മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവുമാണെന്ന് കോളജ് അധികൃതർ അറിയിച്ചു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം കോളജ് അവധിയായിരുന്നു. മാത്രമല്ല, രാത്രി സമയങ്ങളിൽ കോളജ് പ്രവർത്തിക്കാറുമില്ല.
കോളജിന്റെ സൽപേരിന് കളങ്കമുണ്ടാക്കാനും പൊതുജനമധ്യത്തിൽ കോളജിനെ മോശമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടാണ് ചില കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. സ്ഥാപനത്തിന് യാതൊരുവിധ ബന്ധവുമില്ലാത്ത സംഭവങ്ങളിൽ കോളജിന്റെ പേര് വലിച്ചിഴക്കരുതെന്ന് കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.