പ്രതീകാത്മക ചിത്രം
കൊച്ചി: കടവന്ത്ര ജംഗ്ഷനിലെ കുഴികൾ അടിയന്തരമായി മൂടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. രാമൻകുട്ടി അച്ചൻ റോഡിലുള്ള അറ്റകുറ്റപ്പണികളും അടിയന്തരമായി നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.
സഹോദരൻ അയ്യപ്പൻ റോഡിൽ പൈപ്പിടാൻ കുഴിച്ച കുഴികളാണ് അപകടഭീഷണി ഉയർത്തുന്നത്. ആദ്യം സിമന്റിട്ട് അടച്ചെങ്കിലും മഴ പെയ്തതോടെ സിമന്റ് ഒഴുകിപ്പോയി. ബിഎംബിസി ടാറിംഗ് നടത്തിയ റോഡിൽ സിമന്റിട്ട് കുഴി അടച്ചിട്ട് പ്രയോജനമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എസ്എ റോഡിന് സമീപം സൗത്ത് റെയിൽവെ മേൽപ്പാലത്തിനടുത്തുള്ള രാമൻകുട്ടി അച്ചൻ റോഡിലും സമാന സാഹചര്യമാണുള്ളത്.
കൊച്ചി കോർപറേഷൻ സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനിയറും സ്ഥലപരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വാർഡ് കൗൺസിലർമാരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തണം. സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനീയറും രണ്ടാഴ്ചയ്ക്കകം കമ്മിഷൻ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഒക്ടോബർ 23 ന് പത്തടിപ്പാടലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കോർപറേഷൻ അസിസ്റ്റന്റ് സെക്രട്ടറിയും എക്സിക്യൂട്ടീവ് എൻജിനീയറും നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.