മുഴക്കുന്ന് പിഞ്ഞാണപ്പാറയിൽ പിടികൂടിയ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ.
ഇരിട്ടി: മുഴക്കുന്ന് പിഞ്ഞാണപ്പാറയിൽ അടച്ചിട്ട വീട്ടിൽനിന്ന് വൻ സ്ഫോടക ശേഖരം പൊലിസ് പിടികൂടി. രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 197 ഇലക്ട്രിക് ഡിറ്റനേറ്ററുകളാണ് മുഴക്കുന്ന് പൊലിസ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ദേവദാസ് എന്നയാളുടെ ഉടസ്ഥതയിലുള്ള വീട്ടിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
വീട്ടുടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ പാറപൊട്ടിക്കൽ ജോലിക്കായി എത്തിയ ജോസിനും കൂട്ടാളികൾക്കും വീട് വാടകയ്ക്ക് നൽകിയതാണെന്നായിരുന്നു മൊഴി നൽകിയത്. ജോസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്ഥലത്തെത്താത്തതിനെ തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് പൊലിസ് അകത്തു കയറി പരിശോധന നടത്തുകയായിരുന്നു.
പടിഞ്ഞാറ് ഭാഗത്തെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിൽ രണ്ടു ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഡിറ്റനേറ്ററുകൾ. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മനുഷ്യജീവന് അപകടമുണ്ടാകുന്ന വിധത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 288, 3(5) വകുപ്പുകൾ പ്രകാരം കേസെടുത്തു.
മുഴക്കുന്ന് എസ്ഐ ജാൻസി മാത്യു, ഗ്രേഡ് എസ്ഐ സജേഷ്, ഗ്രേഡ് എഎസ്ഐ സന്തോഷ്, സിപിഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : explosives NattuVishasham DistrictNews