അടയ്ക്കാത്തോട് കരിയംകാപ്പിലെ തൂക്കുപാലം.
കേളകം: തെളിനീരൊഴുകുന്ന ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ മരത്തടികൾ കോർത്തിണക്കി നിർമിച്ച തൂക്കുപാലം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാകുന്നു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിലാണ് തടിപ്പാലം സ്ഥിതി ചെയ്യുന്നത്. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നിർമിച്ച പാലം, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള പ്രധാന യാത്രാമാർഗം കൂടിയാണ്.
കല്ലുകൾ തെളിഞ്ഞുകാണുന്ന പുഴയ്ക്ക് മുകളിലൂടെ തൂങ്ങിനിൽക്കുന്ന പാലത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രധാന ആകർഷണം. വന്യജീവി സങ്കേതത്തിന്റെ പച്ചപ്പും ശാന്തമായി ഒഴുകുന്ന ചീങ്കണ്ണിപ്പുഴയും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. പുഴയോരത്ത് കിലോമീറ്ററുകളോളം നീളത്തിൽ നിർമിച്ചിട്ടുള്ള ആന പ്രതിരോധ മതിലും പ്രദേശത്തെ വേറിട്ട കാഴ്ചയാണ്.
കേളകത്തുനിന്ന് ചെട്ടിയാംപറമ്പ് - അടയ്ക്കാത്തോട് വഴി 8.5 കിലോമീറ്റർ സഞ്ചരിച്ചാൽ കരിയംകാപ്പ് - രാമച്ചി റോഡിലുള്ള ഈ തൂക്കുപാലത്തിലെത്താം. പ്രകൃതിഭംഗി ആസ്വദിക്കാനും പുഴയിലിറങ്ങാനും സൗകര്യമുണ്ടെങ്കിലും സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മഴയുള്ളപ്പോഴും പുഴയിൽ വെള്ളം കലങ്ങി ഒഴുകുമ്പോഴും യാതൊരു കാരണവശാലും പുഴയിലിറങ്ങരുത്.
വനംവകുപ്പിന്റെയും പ്രദേശവാസികളുടെയും നിർദേശങ്ങൾ പൂർണമായി പാലിക്കാനും വനമേഖലയിലോ പുഴയിലോ മാലിന്യങ്ങൾ തള്ളരുതെന്നും പ്രത്യേകം നിർദേശമുണ്ട്. പ്രദേശത്ത് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ റോഡരികിൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ.