ചാമ്പ്യന്മാരായ കൂത്താട്ടുകുളം മേരിഗിരി പബ്ലിക്സ്കൂള് ടീം
മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിബിഎസ്ഇ ഇന്റര്‍ സ്കൂള്‍ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ ജേതാക്കൾ. 147 പോയിന്റ് നേടിയാണ് മേരിഗിരി കിരീടം നേടിയത്. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിൽ നാല് കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ 40 വിദ്യാലയങ്ങളില്‍ നിന്ന് 714 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
122 പോയിന്റോടെ പെരുമ്പാവൂര്‍ അമൃത വിദ്യാലയവും 110 പോയിന്റോടെ പുല്ലുവഴി സെന്റ് ജോസഫ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നിര്‍മല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി മത്സരം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കേരള സഹോദയ സെക്രട്ടറി ജൈന പോള്‍ അധ്യക്ഷത വഹിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി പ്രധാനാധ്യാപിക സിസ്റ്റര്‍ ദീപ്തി അധ്യാപകരെ ആദരിച്ചു. അധ്യാപികമാരായ മഞ്ജു ആന്റണി, ഹേമ വിനോദ്, ആന്‍ മേരി ബേബി എന്നിവര്‍ പ്രസംഗിച്ചു.
ഇന്റർ സ്കൂൾ ചെസ്: പ്രഭാത് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാർ
കൊച്ചി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ സോൺ 20 ന്റെ നേതൃത്വത്തിൽ തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ ഉദയംപേരൂര്‍ പ്രഭാത് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
എല്‍പി വിഭാഗത്തില്‍ അദ്വിക് അനൂപ് (വിദ്യോദയ സ്കൂള്‍ തേവക്കല്‍), യുപി വിഭാഗത്തില്‍ എം.നൈദ്വിക് (നൈപുണ്യ പബ്ലിക് സ്കൂള്‍), എച്ച്എസ് വിഭാഗത്തില്‍ ആദവ് എസ്. കുമാര്‍ (പ്രഭാത് പബ്ലിക് സ്കൂള്‍) എന്നിവർ ചാമ്പ്യന്മാരായി.