പി. നിർമലയുടെ നേതൃത്വത്തിൽ ഉന്നത റെയിൽവേ അധികൃതരെ സന്ദർശിച്ചപ്പോൾ.
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനാണ്. പക്ഷേ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ല, പരാതിയുമായി ഷൊർണൂർ നഗരസഭ അധികൃതർ ഉന്നത റെയിൽവേ അധികൃതരെ കണ്ടു.
മലബാറിന്റെ റെയിൽവേ പ്രവേശന കവാടം എന്ന് പ്രസിദ്ധിയുള്ള ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് പരാധീനതകൾ മാത്രമാണ് പറയാനുള്ളതെന്നും അടിമുടി മാറിയ റെയിൽവേ സ്റ്റേഷനിൽ ഷൊർണൂർ സ്പർശിക്കാതെ പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ പി. നിർമലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ റെയിൽവേ അധികൃതരെ സന്ദർശിച്ച് നിവേദനം നൽകി.
കേരളത്തിലെ ഏറ്റവും പ്രധാനപെട്ടതും വലുതുമായ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ല എന്ന അവസ്ഥ മാറ്റണമെന്നാണ് ആവശ്യം. ഇതുമൂലം ഷൊർണൂരിന്റെ വികസന സ്വപ്നങ്ങൾക്കും യാത്രക്കാർക്കും വലിയ തിരിച്ചടികൾ ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുതരണമെന്നും നഗരസഭയും റെയിൽവേയുമായി ഉള്ള സൗഹൃദബന്ധം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. ഷൊർണൂരിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ഡിആർഎം, എഡിആർഎം എന്നിവരെയാണ് നഗരസഭ ചേർപേഴ്സന്റെ നേതൃത്വത്തിൽ കണ്ടത്. നഗരസഭ സെക്രട്ടറി പി. രാജേഷ്, അബ്ദുൾ റസാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.