രാഹുൽ ഗാന്ധി
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസസംവിധാനത്തിന്റെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരംഭിച്ച ഛാത്രോം കീ ഗൂഞ്ജ് (വിദ്യാർഥികളുടെ പ്രതിധ്വനി) പരിപാടി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കോൺഗ്രസ്.
ഛാത്രോം കീ ഗൂഞ്ജ് പരിപാടിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 28 പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ നടത്താനാണു കോൺഗ്രസ് പദ്ധതി. നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യത്തെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്നതിനായി രാഹുൽ രാജസ്ഥാനിൽ ആരംഭിച്ച പരിപാടി വൻ വിജയമായ സാഹചര്യത്തിലാണു കോൺഗ്രസിന്റെ തീരുമാനം.
ഛാത്രോം കീ ഗൂഞ്ജ് രാജ്യവ്യാപകമായി വികസിപ്പിക്കാൻ കഴിഞ്ഞ മാസം ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗവും തീരുമാനിച്ചിരുന്നു.
രാജ്യത്തെ വോട്ടർമാരിൽ നിർണായക ശതമാനം വരുന്ന വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും വിവിധ രാഷ്ട്രീയകക്ഷികൾ അടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന നേതാവെന്ന ഖ്യാതി ഇപ്പോൾ രാഹുലിനുണ്ടെന്നാണ് വിലയിരുത്തൽ. ഛാത്രോം കീ ഗൂഞ്ജിന്റെ അടുത്ത വേദി ഈ മാസം 19ന് മധ്യപ്രദേശിലെ ഇൻഡോറിലാണ്.
Tags : RahulGandhi ChatromKiGoonj Across Country Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash