മിഠായിത്തെരുവിലെ തിരക്ക്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളില്‍ ഒന്നായ മിഠായിത്തെരുവിന്റെ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു നല്കിയ വാഗ്ദാനങ്ങള്‍ എങ്ങുമെത്തിയില്ല.
മിഠായിത്തെരുവിനോട് ചേര്‍ന്ന് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം, കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ കംഫര്‍ട്ട് സ്റ്റേഷന്, ഫീഡിംഗ് സ്റ്റേഷന്, മേല്‍ക്കൂര, അലങ്കാര വിളക്കുകള്‍ എന്നിവയെല്ലാം അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇവയെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. ദിവസവും മിഠായിത്തെരുവില്‍ നൂറുകണക്കിന് ആളുകളാണ് ഷോപ്പിംഗിനും മറ്റുമായി എത്തിച്ചേരുന്നത്.
ഉത്സവ സീസണുകളില്‍ സൂചി കുത്താന്‍ ഇടമില്ലാത്തവിധമാണ് ഇവിടുത്തെ തിരക്ക്. അയല്‍ജില്ലകളില്‍ നിന്നടക്കം ദിവസവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. കുട്ടികളും പ്രായമായവരുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇത്രയധികം ആളുകള്‍ എത്തിച്ചേരുമ്പോഴും അവരെയെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ ഇവിടെയില്ലെന്ന് മിഠായിത്തെരുവിലെ വ്യാപാരികള്‍ ആരോപിക്കുന്നു. 250 കാറുകളും 500 സ്കൂട്ടറുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന വിധത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സ്റ്റേഷന് നിര്‍മിക്കാനായിരുന്നു കോര്‍പറേഷന്റെ ഉദ്ദേശ്യം.
എസ്.കെ. പൊറ്റക്കാട് പ്രതിമയുടെ വലതുവശത്തായി സ്ഥിതി ചെയ്തിരുന്ന സത്രം ബിൽഡിംഗ് പൊളിച്ച് അവിടെ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.
ഇതുപ്രകാരം കെട്ടിടം പൊളിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയും നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ടില്ല. തിരക്കിനനുസരിച്ച് കംഫര്‍ട്ട് സ്റ്റേഷന് സൗകര്യമില്ലെന്നും പരാതിയുണ്ട്. കൂടുതല്‍ ഇ -ടോയ്ലറ്റ് സൗകര്യം വേണമെന്നാണ് വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നത്.
2017ല്‍ നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടന വേളയില്‍ ഹെറിറ്റേജ് സ്ട്രീറ്റാക്കി മാറ്റുമെന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള ഒരു സ്ട്രീറ്റാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.നിലവില്‍ കനത്ത മഴ പെയ്യുമ്പോള്‍ വെള്ളം വേഗത്തില്‍ ഒലിച്ചുപോകുന്ന വിധത്തിലല്ല ഓവുചാലിന്റെ നിര്‍മാണം. തെരുവില്‍ സ്ഥാപിച്ച ലൈറ്റുകള്‍ പലതും കത്തുന്നില്ല. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടക്കാത്തത് തെരുവിന്റെ നിറം കെടുത്തുന്നു.
വെയിലും മഴയും കൊള്ളാതെ ആളുകള്‍ക്ക് ഷോപ്പിംഗ് നടത്തുന്നതിന് നടപ്പാതയുടെ മുകളില്‍ മേല്‍ക്കൂര സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തീപ്പിടിത്ത സാധ്യത പറഞ്ഞ് അത് തള്ളിക്കളയുകയായിരുന്നു. അടിസ്ഥാനപരമായി മിഠായിത്തെരുവില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും സ്ഥലമൊരുക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന മിഠായിത്തെരുവ് ദിവസവും വൃത്തിയാക്കാനും സംവിധാനമില്ല. കോഴിക്കോടിന്റെയും മിഠായിത്തെരുവിന്റെയും ഖ്യാതി ലോകമെമ്പാടും എത്തിച്ച എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമ വൃത്തിയായി സൂക്ഷിക്കാന്‍ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധമുയരുന്നുണ്ട്.
ആസൂത്രണം വേണം
ആളുകളെ കൂടുതലായി മിഠായിത്തെരുവില്‍ എത്തിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്. വ്യാപാരം വര്‍ധിപ്പിക്കുന്നതിന് മിഠായിത്തെരുവിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഇതിന് മികച്ച രീതിയിലുള്ള ആസൂത്രണം ബന്ധപ്പെട്ട അധികാരികളുടെയും കോര്‍പറേഷന്റെയും ഭാഗത്തു നിന്നു വേണമെന്ന് മിഠായിത്തെരുവിലെ കണ്ണങ്കണ്ടി ടെക്സ്റ്റൈല്‍സ് ഉടമ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
നഗരത്തിലെത്തുന്ന ദീര്‍ഘദൂര, ഹ്രസ്വദൂര ബസുകളെല്ലാം കടന്നുപോകുന്നത് മിഠായിത്തെരുവ് വഴിയാണ്. മിഠായിത്തെരുവിനു മുന്നില്‍ മികച്ചൊരു ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. നിലവിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രമാകട്ടെ ശോച്യാവസ്ഥയിലാണ്. ഇവിടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊന്നും ഇരിക്കാനുള്ള സൗകര്യമില്ലെന്നും അവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ക്കിംഗാണ് തലവേദന
മിഠായിത്തെരുവില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ട് വാഹന പാര്‍ക്കിംഗ് സൗകര്യക്കുറവാണ്. കുടുംബമായി വന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഇവിടെനിന്ന് വാങ്ങുന്നവരുണ്ട്. ഇതെല്ലാം കൈകളില്‍ തൂക്കിപ്പിടിച്ച് അവര്‍ക്ക് തങ്ങളുടെ വാഹനത്തിലേക്ക് എത്തിച്ചേരാന്‍ വളരെയധികം ദൂരം നടക്കേണ്ടി വരുന്നു. ഇത് ഒരു ദുരനുഭവമാണെന്ന് മിഠായിത്തെരുവിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി കണ്‍വീനറുമായ സി.പി. അബ്ദുറഹിമാന് പറഞ്ഞു.