പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വാർഡനു നേർക്ക് വിചാരണത്തടവുകാരുടെ ആക്രമണം. വാർഡൻ മഞ്ജുനാഥ് ഹവേലി (32)യെ ആണ് തടവുകാർ ആക്രമിച്ച്കഴുത്തുഞെരിച്ച് കൊല്ലാനും ശ്രമിച്ചത്.
തടവുകാരായ അഞ്ചു പേർക്കെതിരേ കൊലപാതകശ്രമം, ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തു.
ബജ്രംഗ്ദൾ പ്രവർത്തകനായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരാണ് ആക്രമണം നടത്തിയത്. ജയിൽ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു അക്രമം.
കോടതിയിൽ ഹാജരാക്കേണ്ട തടവുകാരനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മഞ്ജുനാഥ് ജയിലിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളിലൊരാളായ മുഹമ്മദ് മുഷാമിർ വാർഡനെ അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വാർഡന്റെ മുഖത്തിടിക്കുകയും ചെയ്തു.
ഇതിനിടെ അബ്ദുൾ ഷഫ്ഗാൻ, മുഹമ്മദ് റിസ്വാൻ, നിയാസ്, കലന്ദർ ഷാഫി എന്നിവരും ആക്രമണത്തിൽ പങ്കുചേർന്നു. മഞ്ജുനാഥിനെ ജയിലിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അഞ്ചുപേരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ജയിൽ ജീവനക്കാർ ഇടപെട്ട് വാർഡനെ രക്ഷപ്പെടുത്തുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
മുഷാമിർ ജയിലിലേക്ക് അനുവദിച്ചതിലധികം സാധനങ്ങൾ കൊണ്ടുവരുന്നത് ഹവേലി തടഞ്ഞതിൽ പ്രകോപിതനായിരുന്നുവെന്നാണു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
Tags : Bengaluru Prisoners Attack Jailwarden Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash