ബിഹാറിലെ ശക്തമായ പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയ ഒരു കുടുംബം.
പാറ്റ്ന: ബിഹാറിൽ കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞതോടെ 11 ജില്ലകളിലായി പത്തു ലക്ഷത്തിലധികം പേർ ദുരിതത്തിൽ. വീടുകളും റോഡുകളും വ്യാപാരസ്ഥാപനങ്ങളും കൃഷിയിടങ്ങളും പൂർണമായി വെള്ളത്തിനടിയിലായി. ബെഗുസരായ്, വൈശാലി ജില്ലകളിൽ ജനങ്ങളെ ബോട്ടുകളിലാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റുന്നത്.
പാറ്റ്നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദി മുൻകാലങ്ങളിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് മറികടന്നു. ഇന്നലെ രാവിലെ പത്തോടെ ജലനിരപ്പ് 50.53 മീറ്ററിലെത്തി (2016 ഓഗസ്റ്റ് 21ലെ 50.52 മീറ്റർ എന്ന റിക്കാർഡാണു മറികടന്നത്). ഇന്നു രാവിലെയോടെ ജലനിരപ്പ് 50.62 മീറ്ററായി ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് 50 ബ്ലോക്കുകളിലായി 201 ഗ്രാമപഞ്ചായത്തുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പാറ്റ്ന, ഭോജ്പുർ, സാരൺ, വൈശാലി, ഭഗൽപുർ, ബെഗുസരായ്, ബക്സർ, സമസ്തിപുർ, മുൻഗർ, കതിഹാർ, അരാരിയ എന്നിവയാണ് ദുരന്തബാധിത ജില്ലകൾ.
ഗംഗ, ഗന്ധക്, കോസി, ബുർഹി ഗന്ധക്, പുൻപുൻ, ഘാഗ്ര എന്നീ പ്രധാന നദികളെല്ലാം അപായരേഖയ്ക്കു മുകളിലാണ് ഒഴുകുന്നത്. സെപ്റ്റംബർ മാസത്തിൽ ബിഹാറിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 69 ശതമാനം കൂടുതൽ മഴയാണ് ഇതുവരെ ലഭിച്ചത്.
ബെഗുസരായ്, വൈശാലി ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. വീടുകളിൽ അഞ്ചടി വരെ വെള്ളം കയറിയതോടെ പല കുടുംബങ്ങളും സർവതും ഉപേക്ഷിച്ച് ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടി. ഭക്ഷണത്തിനും കുടിവെള്ളത്തിനും കന്നുകാലികൾക്കുള്ള തീറ്റയ്ക്കും ക്ഷാമം നേരിടുന്നുണ്ട്.
വൈശാലിയിലെ രഘുപ്പുർ പോലീസ് സ്റ്റേഷൻ പരിസരവും വിപണികളും പൂർണമായി വെള്ളത്തിനടിയിലാണ്. പോലീസ് ഉദ്യോഗസ്ഥർ ബോട്ടുകളിലാണ് പട്രോളിംഗ് നടത്തുന്നത്. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഭഗൽപുർ, നൗഗച്ചിയ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണത്തിലൂടെ സ്ഥിതിഗതികൾ വിലയിരുത്തി.
Tags : BiharFloods MillionPeople Distress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash