Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി അർബൻ ഗ്രാമീണ്‍ സൊസൈറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി.
അർബൻ ഗ്രാമീണ്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് വിദ്യഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന് തുക കൈമാറിയത്. ഡിസിസി വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെന്പർ ഗിരീഷ് ഗുപ്ത, ഷെരീഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് യുജിഎസ് ഗ്രൂപ്പ് തുക കൈമാറിയത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ യുജിഎസ് ഗ്രൂപ്പ് എപ്പോഴും മുന്നിലുണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് പറഞ്ഞു.
Kerala
കോട്ടയം:കാലിത്തീറ്റവില വീണ്ടും വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതക്കയത്തില്‍. കെഎസ് കാലിത്തീറ്റയുടെ വില 50 കിലോഗ്രാം ചാക്കിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ചാക്കിന് 1615രൂപയായി.
കെഎസിന്റെ എല്ലാം വിഭാഗം കാലിത്തീറ്റകള്‍ക്കും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പശുക്കള്‍ക്കു നല്കുന്നതു കെഎസ് കാലിത്തീറ്റയാണ്.
ഇതിനു പുറമെ സംഘങ്ങള്‍ക്കു മില്‍മ നല്കികൊണ്ടിരുന്ന ഇന്‍സെന്റീവും കഴിഞ്ഞ മാസം മുതല്‍ നല്‍കുന്നില്ല. ഏതാനും നാളുകളായി സംഘം മില്‍മയ്ക്കു നല്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടു രൂപ വീതമാണ് ഇന്‍സെന്റീവ് നല്കികൊണ്ടിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍സെന്റീവ് സംഘത്തില്‍ പാല് അളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
ദിവസങ്ങള്‍ക്കു മുമ്പു മില്‍മ പാലിനു നാലു രൂപ വര്‍ധിച്ചെങ്കിലും അതില്‍ നിന്നും മൂന്നുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു ഭൂരിഭാഗം കര്‍ഷകര്‍ക്കു ചെറിയ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് കാലിത്തീറ്റയുടെ വില കുതിച്ചുകയറുന്നത്. നിലവില്‍ മില്‍മയില്‍ നിന്നും ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു 47 രൂപയാണ്.
കൊഴുപ്പ് കുറവാണെങ്കിൽ വില പിന്നെയും കുറയ്ക്കും. ഉയര്‍ന്ന ഉത്പാദനചെലവ്, ഗുണനിലവാരമുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം, സങ്കരയിനം പശുക്കളുടെ പരിപാലനത്തിലെ ബുദ്ധിമുട്ടുകള്‍, വെറ്ററിനറി മരുന്നുകളുടെ വിലവര്‍ധന എന്നിവ മൂലം പശുക്കളെ വളര്‍ത്തി ജീവതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ക്ഷീരകര്‍ഷകര്‍.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാല് ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ കേരളത്തില്‍ 70 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് 86 ലക്ഷം ലിറ്റര്‍ പാലിന്റെ ആവശ്യകതയുണ്ട്. ഈ അന്തരം കുറച്ച് പ്രതിദിന ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്താനും അധികമായി വരുന്ന പാല് മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറ്റാനുമാണു സര്‍ക്കാരും ക്ഷീരവികസന വകുപ്പും ലക്ഷ്യമിടുന്നത്.
District News
ആലപ്പുഴ: സംസ്ഥാനത്ത് തേങ്ങയുടെ വില ഇടിഞ്ഞുതന്നെ. ഒരിടയ്ക്ക് വർധിച്ച വിലയിൽ പ്രതീക്ഷയർപ്പിച്ച് തെങ്ങുകൃഷിയിലേക്ക് തിരിഞ്ഞ കർഷകർ വീണ്ടും ദുരിതത്തിലേക്ക് നീങ്ങുകയാണ്.
ജില്ലയിൽ 40 മുതൽ 50 വരെയാണ് നിലവിൽ ഒരു കിലോ നാളികേരത്തിന്റെ ചില്ലറ വിൽപ്പന വില. എന്നാൽ ഇതിൽ പത്തു മുതൽ 15 രൂപവരെ കുറച്ചാണ് പലപ്പോഴും കർഷകർക്ക് ലഭിക്കുന്നത്. ഈ വർഷം ആദ്യമായാണ് നാളികേര വില ഇത്രയും താഴുന്നതെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ആറുമസങ്ങൾക്ക് മുൻപ് പച്ചത്തേങ്ങ വില കിലോയ്ക്ക് 80 മുതൽ 85 രൂപ വരെയായി ഉയർന്നിരുന്നു. ഇത് പിന്നീട് ഏറെക്കാലം 60 മുതൽ 65 രൂപയായി നിലനിന്നു.
എന്നാൽ മാസങ്ങൾക്കുള്ളിൽ പകുതിക്കടുത്തേക്ക് വില കുത്തനെ ഇടിഞ്ഞത് നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി.
തമിഴ്നാട്ടിൽ നാളികേര ഉത്പാദനം കൂടിയതും കേരളത്തിലേക്ക് ഇറക്കുമതി വർധിച്ചതുമാണ് വിലയിടിവിന്റെ പ്രധാന കാരണം. തമിഴ്നാട്ടിൽ ഉത്പാദനം ഇടിഞ്ഞ സമയത്താണ് കേരളത്തിൽ വലിയ തോതിൽ നാളികേരത്തിന് വില ഉയർന്നത്.
പശ്ചിമേഷ്യൻ യുദ്ധംമൂലം നാളികേര മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി.
കയറ്റുമതി മുടങ്ങിയതിനാൽ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം അധികവും ആഭ്യന്തര വിപണിയിലേക്കാണെത്തുന്നത്. വേനലിൽ അനുഭവപ്പെട്ട അസാധാരണ ചൂടുമൂലം നാളികേരം പെട്ടെന്ന് വിളഞ്ഞതും കേരളത്തിൽ ഉത്പാദനം കൂടിയതും വിപണയിൽ വിലക്കുറവിന് കാരണമായി. നാളികേര വില കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമെല്ലാം വിലയിടിവുണ്ടായി.
കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞതും കേരളത്തിലേക്കുള്ള നാളികേരത്തിന്റെ വരവ് കൂടാൻ കാരണമായിട്ടുണ്ടെന്ന് ആലപ്പുഴ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. ഈ വിലയിടിവ് കർഷകരെ നിരാശയിലാക്കുകയാണ്.
District News
മങ്കൊമ്പ്: കടുത്ത വേനലിലും വെള്ളപ്പൊക്ക കെടുതികളിൽ ശ്വാസംമുട്ടി കുട്ടനാട്ടിലെ ചില പ്രദേശങ്ങൾ. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കായൽപ്പുറം പ്രദേശത്താണ് ഇത്തരത്തിൽ വലിയ ദുരിതങ്ങളനുഭവിക്കുന്ന പ്രദേശങ്ങളിലൊന്ന്. കായൽപ്പുറത്തെ 70 ഏക്കർ വരുന്ന പവ്വത്തുകാട് പാടശേഖരത്തിന്റെ സമീപത്തെ താമസക്കാരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
പാടശേഖരത്തിന്റെ പുറംബണ്ടിലെ താമസക്കാരായ 250 ഓളം കുടുംബങ്ങൾ കടുത്ത വേനലിലും വെള്ളപ്പൊക്കക്കെടുതിയിലാണ്. ഏറെ താഴ്ന്ന പ്രദേശത്ത് മഴയാരംഭിച്ചാൽ പ്രളയക്കെടുതികൾ ഇരട്ടിക്കും.
ജലനിരപ്പുയർന്നാൽ ഇവിടെ താമസിക്കാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടി വരും. കാലങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്കു ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷിയില്ലാത്ത സമയങ്ങളിൽ, പ്രത്യേകിച്ചു മഴക്കാലത്ത് നിയന്ത്രിത പമ്പിംഗിലൂടെ പാടശേഖരത്തിലെ ജലനിരപ്പു നിയന്ത്രിച്ചു നിർത്തണമെന്നാണ് നാട്ടുകാർ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഇതേ ആവശ്യമുന്നയിച്ചു ഇവർ മുട്ടാത്ത വാതിലുകളില്ല. ജില്ലാ ഭരണകൂടം, ഗ്രാമപഞ്ചായത്ത്, മറ്റു ജനപ്രതിനിധികൾ തുടങ്ങി എല്ലായിടത്തും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. നിയുക്ത എംഎൽഎയെ സമീപിക്കാനാണ് ഇവരുടെ അടുത്ത തീരുമാനം. പുതിയ ജനപ്രതിനിധിയിലൂടെയെങ്കിലും വിഷയത്തിനു പരിഹാരം കാണാനാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. കായൽപ്പുറത്തു മാത്രമല്ല, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ മങ്കൊമ്പ് പ്രദേശമാണ് സമാനമായ പ്രതിസന്ധികൾ നേരിടുന്ന മറ്റൊരു പ്രദേശം.
നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേ ചേന്നങ്കരി, കൈനകരി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളും നിയന്ത്രിത പമ്പിംഗെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. പലായനം തുടർച്ചയാകുന്ന ഒരു പ്രദേശത്തിന്റെ നിലനിൽപ്പിനായി ഇനിയെങ്കിലും ഭരണകേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.
District News
കുമരകം: ഒന്നാം വാർഡിലെ ചൂളപ്പടി-ചക്രംപടി കായലിലേക്കുള്ള തോട് പോള തിങ്ങിയും എക്കൽ അടിഞ്ഞും സഞ്ചാരയോഗ്യമല്ലാതായി. തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ ചെറുവള്ളങ്ങൾപോലും എക്കലിൽ ഉറയ്ക്കുന്ന അവസ്ഥയാണിപ്പോൾ. വള്ളങ്ങളിൽ സഞ്ചരിക്കുന്നവർ പലയിടങ്ങളിലും തോട്ടിൽ ഇറങ്ങി വള്ളം തള്ളി നീക്കിക്കൊണ്ടുപോകേണ്ട ദുരവസ്ഥയിലാണെന്നു പ്രദേശവാസികൾ പറയുന്നു.
തോട് നികന്നത് പ്രദേശത്തെ വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി വിനോദസഞ്ചാരികളുമായെത്തിയ വള്ളങ്ങൾക്ക് യാത്ര തുടരാനാകാതെ പകുതിവഴിയിൽ മടങ്ങേണ്ടി വന്നു.
വിഷയത്തിൽ ബന്ധപ്പെട്ടവരോടു പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. തോട്ടിലെ എക്കലും പോളയും നീക്കം ചെയ്യാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.